നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • യുവതി പണമിടപാട് സ്ഥാപനത്തിൽ ആധാർ കാർഡ് നൽകി; പകർപ്പ് ഉപയോഗിച്ച് ഉടമ ബാങ്കിൽ നിന്നും ലക്ഷങ്ങളുടെ വായ്പ തട്ടിയെടുത്തു

  യുവതി പണമിടപാട് സ്ഥാപനത്തിൽ ആധാർ കാർഡ് നൽകി; പകർപ്പ് ഉപയോഗിച്ച് ഉടമ ബാങ്കിൽ നിന്നും ലക്ഷങ്ങളുടെ വായ്പ തട്ടിയെടുത്തു

  മൂന്ന് വർഷം മുമ്പ് നൽകിയ ആധാർ കാർഡിൻ്റെ പകർപ്പ് ഉപയോഗിച്ച് ആലപ്പുഴയിൽ പണമിടപാട് സ്ഥാപന ഉടമ ബാങ്കിൽ ലക്ഷങ്ങൾ വായ്പയെടുത്തു

  • Share this:
  ആലപ്പുഴ:യുവതിയുടെ അധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് ബാങ്ക് പണമിടപാട് നടത്തിയ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയ്‌ക്കെതിരെ പോലീസ്‌ കേസെടുത്തു.കാമ്പിശേരിയില്‍ പണമിടപാട് സ്ഥാപനം നടത്തുന്ന കെ വിജയനെതിരെയാണ് പൊലീസ് കേസ് എടുത്തത്. വള്ളികുന്നം കടുവിനാല്‍ താളീരാടി കോതകരക്കുറ്റിയില്‍ കോളനിയിലെ എസ് ആര്‍ അഞ്ജു ജില്ലാ പോലീസ്‌ മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

  15,7252 രൂപയുടെ പണയം തിരിച്ചെടുക്കുകയോ പുതുക്കുകയോ ചെയ്യണമെന്ന് അറിയിച്ചു കൊണ്ടുള്ള നോട്ടീസ് കഴിഞ്ഞ ആഗസ്റ്റ് മുപ്പത്തിയൊന്നിന് ചൂനാട് കാത്തലിക് സിറിയന്‍ ബാങ്കില്‍ നിന്ന് അഞ്ജുവിന് ലഭിച്ചിരുന്നു. ബാങ്കുമായി ഇടപാട് ഇല്ലാത്തതിനാല്‍ നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് പന്ത്രണ്ട് തവണകളിലായി ലക്ഷങ്ങളുടെ ഇടപാടാണ് അധാര്‍ കാര്‍ഡ് ഉപയോഗിച്ച് നടന്നിരിക്കുന്നതെന്ന് അറിഞ്ഞത്. വീട്ടുകാരുമായി ആലോചിച്ച ശേഷം തുടര്‍ അന്വേഷണത്തിനായി വീണ്ടും ഈ ബാങ്കില്‍ എത്തിയപ്പോള്‍ സ്വര്‍ണ പണയം ഇവിടെ നിന്ന് തിരിച്ചെടുത്തിരുന്നു.

  മൂന്ന് വര്‍ഷം മുന്‍പ് വിജയന്റെ പണമിടപാട് സ്ഥാപനത്തില്‍ അഞ്ജു സ്വര്‍ണം പണയം വെച്ചപ്പോള്‍ നല്‍കിയ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഉപയോഗിച്ചാണ് വിജയന്‍ അനധികൃതമായി ബാങ്കില്‍ പണമിടപാട് നടത്തി വരികയായിരുന്നു.തുടര്‍ന്ന് യുവതിയും കുടുംബവും ചൂനാട് പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കി. ഓഗസ്റ്റ് മുപ്പത്തിയൊന്നിന് സ്റ്റേഷനില്‍ വിജയന്റെ സ്ഥാപനത്തില്‍ പണയം വെച്ച ഒരു പവന്റെ മാല മുപ്പതിനായിരം രൂപ നല്‍കി തിരിച്ചെടുക്കണമെന്ന വ്യവസ്ഥയില്‍ അഞ്ജുവിനെ തിരിച്ചയക്കുകയുമായിരുന്നു.

  പിറ്റേന്ന് രാവിലെ പണവുമായി സ്റ്റേഷനില്‍ എത്തിയ അഞ്ജു തുക തിരിച്ചടച്ച് ഉരുപ്പടി കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ തന്റെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ബാങ്കിടപാട് നടന്നതിനെ പറ്റിയോ വായ്പകള്‍ക്കായി അഞ്ജുവിന്റെ വ്യാജ ഒപ്പ് ഉപയോഗിച്ചതിനെ സംബന്ധിച്ചോ ലോക്കല്‍ പോലീസ് സ്റ്റേഷന്‍ പരുധിയില്‍ കാര്യമായ അന്വേഷണം നടന്നില്ല. തന്നെ പോലുള്ള നിരവധി പേരുടെ തിരിച്ചറിയല്‍ രേഖകള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടാകുമെന്ന കണക്ക് കൂട്ടലിലും, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന ചിന്തയിലുമാണ് തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് അഞ്ജു ജില്ലാ പോലീസ്‌ മേധാവിയെ സമീപിച്ചത്. പിന്നീട് തന്റെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് പണമിടപാട് നടത്തിയ വിജയനെതിരെ പരാതിയുമായി ജില്ലാ പോലീസ്‌ മേധാവിയെ സമീപിക്കുകയായിരുന്നു.

  ബാങ്ക് തട്ടിപ്പിന് കൂട്ട് നിന്നതായും പരാതിയില്‍ പറയുന്നു.ലോക്കല്‍ പോലീസിന് തട്ടിപ്പ് ബോധ്യമായിട്ടും കാര്യക്ഷമമായ അന്വേഷണം ആദ്യം ഉണ്ടായില്ല.തന്റെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അഞ്ജു എന്ന് പറഞ്ഞാണ് വിജയന്‍ ഇടപാട് നടത്തിയതെന്ന് പോലീസ്‌ അന്വേഷണത്തില്‍ കണ്ടെത്തി.അഞ്ജുവിന്റെ ഒപ്പല്ല ഫോമുകളില്‍ ഇട്ടിരിക്കുന്നതെന്നും വള്ളികുന്നം സിഐ ഇഗ്‌നേഷ്യസ് പറഞ്ഞു. അനധികൃത ഇടപാടിന് കൂട്ട് നിന്നവരെപ്പറ്റിയും അന്വേഷിച്ച നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തതമാക്കി. ബാങ്കുമായി വര്‍ഷങ്ങളോളം ഇടപാടുകള്‍ ഉള്ള ആളാണ് വിജയനെന്നും ഇയാളുടെ വിശ്വാസ്യത ബാങ്കിന് ബോധ്യമുള്ളതും കൊണ്ടാണ് സ്ഥാപനത്തിലെ ജീവനക്കാരി എന്നു പറഞ്ഞപ്പോള്‍ ഫോം കൊടുത്തു വിട്ട് ഒപ്പ് വാങ്ങി ഇടപാടുകള്‍ നടത്തിയതെന്നും ബാങ്ക് വ്യക്തമാക്കി.നിലവില്‍ ഇയാള്‍ക്ക് പണയ ഉരുപ്പടികള്‍ ഒന്നും ഇല്ലെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.
  Published by:Jayashankar AV
  First published: