സജ്ജയ കുമാർ, ന്യൂസ് 18 കന്യാകുമാരി
കന്യാകുമാരി: ഇരണിയലിൽ യുവതിയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാം ഭർത്താവിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കുരുന്തകോട് സ്വദേശിനി മേനകയെ (39) കൊലപ്പെടുത്തിയ സംഭാവത്തിലാണ് രണ്ടാം ഭർത്താവും തിക്കനക്കോട് സ്വദേശിയുമായ ജയപാലിനെ (45) പൊലീസ് അറസ്റ്റ് ചെയ്യ്തത്. ആക്രമണത്തിനിടെ പരിക്കേറ്റ മേനകയുടെ മകൾ സഞ്ജന (12) ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, മേനക 12 വർഷത്തിന് മുൻപ് കുരുന്തകോട് സ്വദേശി ജോസ്വിൻ ബാബു എന്നയാളെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിലുണ്ടായ കുട്ടിയാണ് സഞ്ജന. വിവാഹം കഴിഞ്ഞ് ഒരു വർഷമായപ്പോൾ ജോസ്വിന് ബാബു മരണപ്പെട്ടു. അതിന് ശേഷമാണ് എട്ട് വർഷത്തിന് മുൻപ് ജയപാലിനെ മേനക വിവാഹം കഴിച്ചത്. അതിൽ ഇരുവർക്കും ഹെമിൽടൺ (7) എന്ന മകനുമുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി ജയപാലുമായി അകന്ന മേനക രണ്ട് മക്കളുമായി കുരുന്തകോടിലുള്ള അമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ഇക്കഴിഞ്ഞ 19 ന് രാവിലെ പള്ളിയിൽ പോയി ഉച്ചക്ക് തിരികെ വീട്ടിലെത്തിയപ്പോൾ മദ്യലഹരിയിൽ വന്ന ജയപാലിനെയാണ് മേനക കണ്ടത്. തുടർന്ന് മകൻ ഹെമിൽടണെ തന്റെ ഒപ്പം വിട്ടയക്കണമെന്ന് ജയപാൽ ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലി രണ്ട് പേരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അതിനിടെ കൈയിൽ കരുതിയിരുന്ന വാൾ ഉപയോഗിച്ച് ജയപാൽ മേനകയെയും മകൾ സഞ്ജനയെയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവശേഷം അവിടെ നിന്ന് ഇയാൾ കടന്നുകളയുകയും ചെയ്തു. മേനകയുടെയും മകളുടെയും നിലവിളി കേട്ട് എത്തിയ നാട്ടുകാർ രണ്ട് പേരയും നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അവിടെ ചികിത്സയിലിരിക്കെ മേനക കഴിഞ്ഞ ദിവസം മരണപ്പെട്ടു.
Also Read- ഭാര്യയുടെ വസ്ത്രധാരണശൈലിയിൽ മാറ്റം; പ്രകോപിതനായ ഭർത്താവ് ഭാര്യയെ നടുറോഡിൽ വെട്ടിക്കൊന്നു
വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ ജോൺ ബോസ്കോയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേരളത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരണിയൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.