• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

യുവാവിനെ വിവാഹം കഴിക്കാൻ 23കാരിയുടെ ചിത്രംവെച്ച് 43കാരിയുടെ തട്ടിപ്പ്

ഫേസ്ബുക്കിൽ വ്യാജ ഐഡി ഉണ്ടാക്കിയശേഷമാണ് അയൽവാസിയായ യുവതിയുടെ ഫോട്ടോ നൽകി യുവാവിനെ കബളിപ്പിച്ച് വീട്ടമ്മ വിവാഹം ഉറപ്പിച്ചത്

News18 Malayalam | news18-malayalam
Updated: February 16, 2020, 7:07 AM IST
യുവാവിനെ വിവാഹം കഴിക്കാൻ 23കാരിയുടെ ചിത്രംവെച്ച് 43കാരിയുടെ തട്ടിപ്പ്
wedding-rings
  • Share this:
കോട്ടയം: കുമരകത്ത് കല്യാണ തട്ടിപ്പ് നടത്തിയ വീട്ടമ്മ, യുവാവിനെ കബളിപ്പിച്ചത് അയൽവക്കത്തെ സുന്ദരിയായ നൃത്താധ്യാപികയുടെ ചിത്രം കാണിച്ച്. വിവാഹത്തിന്‍റെ തലേദിവസമാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് കണ്ണൂർ സ്വദേശിയായ യുവാവിന് മനസിലായത്. വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായശേഷമാണ് തളിപ്പറമ്പ് കൂവേരി കാക്കാമണി സ്വദേശിയായ വിഗേഷിന് തട്ടിപ്പ് മനസിലായത്. ഫേസ്ബുക്കിൽ വ്യാജ ഐഡി ഉണ്ടാക്കിയശേഷമാണ് അയൽവാസിയായ യുവതിയുടെ ഫോട്ടോ നൽകി യുവാവിനെ കബളിപ്പിച്ച് വീട്ടമ്മ വിവാഹം ഉറപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവാർപ്പ് മണ്യത്തറ രാജപ്പന്‍റെ ഭാര്യ റെജി രാജുവിനെ(43) പൊലീസ് ചോദ്യം ചെയ്തശേഷം ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ വിചിത്രമായ കാര്യങ്ങളാണ് റെജി രാജു പറഞ്ഞത്. യുവാക്കളോട് ഫോണിൽ സംസാരിക്കാനും ശൃംഗരിക്കാനുമുള്ള മോഹം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വീട്ടമ്മ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇത് വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. വിദഗ്ദ്ധമായി കല്യാണം ഉറപ്പിച്ചും, കൂടിക്കാഴ്ചകൾ ഒഴിവാക്കിയുമാണ് റെജി രാജു, വിഗേഷിനെ കുടുക്കിയത്.

ഫേസ്ബുക്ക് സൌഹൃദത്തിൽ തുടങ്ങിയ ബന്ധം

ഫേസ്ബുക്ക് സൌഹൃദത്തിൽ തുടങ്ങിയ ബന്ധമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹം ഉറപ്പിക്കുന്നതിലേക്കും മാറിയത്. വ്യാജ ഫേസ്ബുക്ക് ഐഡി സൃഷ്ടിച്ച്, അയൽവക്കത്തെ യുവതിയുടെ ചിത്രം നൽകിയായിരുന്നു വീട്ടമ്മ തട്ടിപ്പ് നടത്തിയത്. പരിചയം വളർന്നതോടെ ഇരുവരും തമ്മിൽ ഫോൺ വിളികളായി. ദിവസവും രാത്രി ഒമ്പതു മുതൽ 11 വരെ ഇരുവരും ഫോണിൽ സംസാരിക്കുമായിരുന്നു. ഇതിനിടയ്ക്ക് അയൽവക്കത്തെ പെൺകുട്ടിയുടെ നൂറുകണക്കിന് ഫോട്ടോകൾ വീട്ടമ്മ വിഗേഷിന് അയച്ചുനൽകി. കൂടുതൽ വിശ്വാസ്യത ഉറപ്പിക്കാനായി പെൺകുട്ടിയുടെ റേഷൻകാർഡിന്‍റെ ചിത്രങ്ങലും അയച്ചുനൽകി. അങ്ങനെ ബന്ധം മുന്നോട്ടുപോകുന്നതിനിടെ വിവാഹം കഴിക്കണമെന്ന താൽപര്യം യുവാവ് മുന്നോട്ടുവെച്ചത്. അതനുസരിച്ച് വിവാഹം ഉറപ്പിക്കാനായി യുവാവും ബന്ധുക്കളും ജനുവരി 27ന് കോട്ടയത്ത് എത്തി. എന്നാൽ കുടുംബത്തിൽ ഒരു മരണം ഉണ്ടെന്നും, ചടങ്ങ് ലോഡ്ജിൽവെച്ച് നടത്താമെന്നും വീട്ടമ്മ നിർദേശിച്ചു. ഇതനുസരിച്ച് പെണ്ണിന്‍റെ അമ്മ എന്ന വ്യാജേന വീട്ടമ്മയും അച്ഛനായി ഇവരുടെ സുഹൃത്തും ലോഡ്ജിൽ എത്തി. അവിടെവെച്ച് കല്യാണത്തീയതിയും സ്ഥലവും നിശ്ചയിച്ചു. ഇരുകൂട്ടർക്കും എളുപ്പത്തിനുവേണ്ടി തൃപ്രയാർ ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് വിവാഹം നടത്താൻ തീരുമാനിച്ചത്.

ലക്ഷങ്ങൾ ചെലവഴിച്ച് കല്യാണത്തിനുള്ള ഒരുക്കങ്ങൾ

വിവാഹ തീയതി അടുത്തതോടെ വിഗേഷിന്‍റെ വീട്ടിൽ ഒരുക്കങ്ങൾ തകൃതിയായി നടന്നു. ലക്ഷങ്ങൾ ചെലവഴിച്ച് വീട് മോടികൂട്ടി. വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങി. ക്ഷണക്കത്ത് അടിച്ച് നാട്ടുകാരെയും മറ്റും വിളിച്ചു. ഒരു രാഷ്ട്രീയപാർട്ടിയിൽ സജീവമായതിനാൽ മന്ത്രിമാർ ഉൾപ്പടെയുള്ള നേതാക്കളെയും കല്യാണത്തിന് ക്ഷണിച്ചു. വിവാഹത്തിനായി പോകാനുള്ള വാഹനവും മറ്റും ഏർപ്പാട് ചെയ്തു. ഇതിനിടെ രണ്ടുതവണ വധുവിനെ കാണാൻ ശ്രമിച്ചെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് അവർ യാത്ര മുടക്കുകയായിരുന്നു. അമ്മയ്ക്ക് ചിക്കൻപോക്സ്, കുടുംബത്തിലെ മരണം, റോഡുപണി അങ്ങനെ പല കാരണങ്ങളും പറഞ്ഞു. വീഡിയോ കോൾ വിളിക്കാനുള്ള വിഗേഷിന്‍റെ ശ്രമങ്ങളും വീട്ടമ്മ വിദഗ്ദ്ധമായി തടഞ്ഞു.

ബ്ലൗസിന് അളവ് വാങ്ങാൻ വന്നു, കള്ളിവെളിച്ചത്തായിഒടുവിൽ വിവാഹത്തിന് ഒരാഴ്ച ബാക്കിയിരിക്കെയാണ് വധുവിന്‍റെ ബ്ലൗസിനുള്ള അളവ് വാങ്ങാനായി വിഗേഷിന്‍റെ സഹോദരിയും ഭർത്താവും കൂടി കോട്ടയത്ത് എത്തി. എന്നാൽ വീട്ടിലേക്ക് ഇപ്പോൾ വരേണ്ടെന്ന വീട്ടമ്മ പറഞ്ഞത് സംശയത്തിന് ഇടയാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആൾമാറാട്ടവും കബളിപ്പിക്കലും പുറത്തായത്. ഇതോടെ വിഗേഷും കുടുംബവും പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റെജി രാജു അറസ്റ്റിലായത്. ആശാ വർക്കറായി ജോലി ചെയ്യുന്ന റെജി രാജു, തന്ത്രപൂർവ്വം അയൽവക്കത്തെ യുവതിയിൽനിന്ന് ഫോട്ടോയും റേഷൻകാർഡും വാങ്ങിയാണ് തട്ടിപ്പിന് ഉപയോഗിച്ചത്. സംഭവത്തിൽ വീട്ടമ്മയെ വിട്ടയച്ചെങ്കിലും അന്വേഷണം തുടരാനാണ് പൊലീസിന്‍റെ തീരുമാനം. കുമരകം സി.ഐ ഷിബു പാപ്പച്ചൻ, എസ്.ഐ ജി. രജൻ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വീട്ടമ്മയെ വീണ്ടും ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 15, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍