• HOME
 • »
 • NEWS
 • »
 • crime
 • »
 • Crime News | മോഷണശ്രമത്തിനിടെ കള്ളൻ കിണറ്റിൽ വീണു; ഫയർഫോഴ്സെത്തി രക്ഷിച്ച് പൊലീസിന് കൈമാറി

Crime News | മോഷണശ്രമത്തിനിടെ കള്ളൻ കിണറ്റിൽ വീണു; ഫയർഫോഴ്സെത്തി രക്ഷിച്ച് പൊലീസിന് കൈമാറി

കിണറിന്റെ ആൾമറയിൽ കയറി പാരപ്പെറ്റിലൂടെ വീടിനകത്തേക്ക്‌ എത്താനാണ് കള്ളൻ ശ്രമിച്ചത്. പക്ഷേ അതിനിടയിൽ ഇതിൽ ഇഷ്ടിക ഇളകി കാലുതെറ്റി കിണറ്റിലേക്ക് വീണു

Kannur-theft-recued

Kannur-theft-recued

 • Share this:
  കണ്ണൂരിൽ മോഷണശ്രമത്തിനിടെ കള്ളൻ കാൽവഴുതി കിണറ്റിൽ വീണു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി മോഷ്ടാവിനെ രക്ഷപ്പെടുത്തി. അഗ്നിരക്ഷാസേന ജീവനക്കാർ വലയിട്ട് കിണറിന് മുകളിൽ എത്തിച്ചെങ്കിലും കള്ളൻ പോലീസിൻറെ വലയിലായി. തളിപ്പറമ്പ് മുയ്യം പള്ളിവയലിലെ ആമ്പിലാട്ട് എ പി ഷമീറാണ് (35) മോഷണശ്രമത്തിനിടെ കിണറ്റിൽ വീണത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.

  തുമ്പത്തടത്തെ മുൻ പ്രഥമാധ്യാപകൻ കെ. പവിത്രന്റെയും കണ്ണൂർ ഡി.ഇ.ഒ. എ.എം. രാജമ്മയുടെയും വീട്ടിലാണ് ഷമീർ എത്തിയത്. വീട്ടിൽ ആളില്ല എന്ന് മനസ്സിലാക്കിയാണ് മോഷണശ്രമം. ചൊവ്വാഴ്ച നടന്ന വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കാൻ രാജമ്മയും ഭർത്താവും തിങ്കളാഴ്ച പോയിരുന്നു.

  കിണറിന്റെ ആൾമറയിൽ കയറി പാരപ്പെറ്റിലൂടെ വീടിനകത്തേക്ക്‌ എത്താനാണ് കള്ളൻ ശ്രമിച്ചത്. പക്ഷേ അതിനിടയിൽ ഇതിൽ ഇഷ്ടിക ഇളകി കാലുതെറ്റി കിണറ്റിലേക്ക് വീണു.

  കിണറ്റിൽ എന്തോ വീഴുന്ന വലിയ ശബ്ദം കേട്ടാണ് അയൽക്കാർ ഓടിയെത്തിയത്. അയൽവാസിയായ പി.വി. വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കിണറിനകത്ത് ഒരാൾ വീണിട്ടുണ്ടെന്ന് മനസ്സിലായത് .

  വിനോദും മറ്റ് അയൽക്കാരും വിവരമറിയിച്ചതിനെ തുടർന്ന് പിന്നീട് നാട്ടുകാരും സ്ഥലത്ത് കൂടി. എല്ലാവരുംകൂടി പോലീസിനെ വിവരം അറിയിച്ചു. പോലീസ് ഉടനെതന്നെ അഗ്നിരക്ഷാ സേനയുടെ സഹായം തേടി .

  പെരിങ്ങോം നിലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ബാബു ആയോടന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് ഷമീറിനെ  സുരക്ഷിതനായി മുകളിൽ എത്തിച്ചു. അഗ്നി - രക്ഷാ സേനയിലെ പി പി ലിജു,യൂ വിനീഷ്, അരുൺ.കെ നമ്പ്യാർ, എ രാമകൃഷ്ണൻ, പി വി സദാനന്ദൻ എന്നിവരുൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

  Also Read- വിഷം കഴിച്ചതെന്ന് ഭര്‍ത്താവിന്റെ മൊഴി; മംഗളുരുവില്‍ മലയാളി യുവതി മരിച്ചത് മര്‍ദനമേറ്റ്; അറസ്റ്റ്

  കിണറിനു പുറത്ത് എത്തിച്ച മോഷ്ടാവിനെ അഗ്നിരക്ഷാസേന പോലീസിന് കൈമാറി. ഉടൻതന്നെ പ്രാഥമിക ചികിത്സ നൽകുന്നതിനായി ആശുപത്രിയിലേക്ക് എത്തിച്ചത്. പിന്നീട് പെരിങ്ങോം എസ്.ഐ. പി.പി. അബൂബക്കർ സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.

  മോഷണശ്രമം നടന്ന വീട് പൊലീസ് വിശദമായി പരിശോധിച്ചു. പാരപ്പെറ്റിൽനിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരു കത്തിയും  പോലീസിന് കിട്ടിയിട്ടുണ്ട്. പ്രതിയുടേതെന്ന് സംശയിക്കുന്ന ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്തിന് നൂറുമീറ്റർ അകലെയുള്ള പറമ്പിൽ വാഴയില കൊണ്ട് പൊതിഞ്ഞ നിലയിലാണ് ബൈക്ക് കണ്ടെത്തിയത്.

  ഷമീർ തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിൽ നടന്ന മൂന്ന് കളവുകേസിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തി ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

  അങ്ങനെ അഗ്നി രക്ഷാ സേന വലയിലാക്കി കിണറ്റിൽ നിന്ന് പുറത്തെടുത്ത കള്ളനെ പോലീസ് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജയിലിനുള്ളിൽ ആക്കി .
  Published by:Anuraj GR
  First published: