• HOME
  • »
  • NEWS
  • »
  • crime
  • »
  • സ്മാർട്ട് വാച്ച് ഉപയോഗിച്ച് മൊബൈൽ മോഷ്ടാവിനെ കണ്ടെത്തിയ യുവതി തലയ്ക്കിടിച്ച് ഫോൺ തിരികെ വാങ്ങി

സ്മാർട്ട് വാച്ച് ഉപയോഗിച്ച് മൊബൈൽ മോഷ്ടാവിനെ കണ്ടെത്തിയ യുവതി തലയ്ക്കിടിച്ച് ഫോൺ തിരികെ വാങ്ങി

ഫോണ്‍ കൈയില്‍ കിട്ടിയ മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ മോഷ്ടാവ് യുപിഐ പിന്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 50,865 രൂപ ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു.

  • Share this:
സ്മാര്‍ട് വാച്ച് (smart watch) ഉപയോഗിച്ച് ഫോണ്‍ മോഷ്ടാവിനെ (phone thief) കണ്ടെത്തി യുവതി. ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മാസമാണ് പല്ലവി കൗശിക് എന്ന യുവതിയുടെ ഫോണ്‍ മോഷണം പോയത്. പല്ലവി ഒരു കടയില്‍ വെച്ച് തന്റെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് പണമിടപാട് നടത്തുന്നതിനിടെയാണ് മോഷണം നടന്നത്.

ഗുരുഗ്രാമിലെ (gurugram) പാലം വിഹാറിലെ സെക്ടര്‍ 23ലെ താമസക്കാരിയാണ് കൗശിക്. ഓഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹുദാ മാര്‍ക്കറ്റില്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിനിടെ കടക്കാരന് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കൗശിക് ഫോണ്‍ എടുത്തു. യുപിഐ ഇടപാടിലൂടെ പണം അടയ്ക്കുന്നതിനിടെ ഒരാള്‍ തന്നെ തുറിച്ചുനോക്കിയിരുന്നതായി അവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പെട്ടെന്ന് ഫോണ്‍ തട്ടിയെടുത്ത് അയാള്‍ അവിടെ നിന്നും ഓടി. കൗശിക് നിലവിളിച്ചെങ്കിലും സമീപത്തുണ്ടായിരുന്ന ആരും തന്നെ പ്രതികരിച്ചില്ല. അങ്ങനെ യുവതി അയാളുടെ പുറകെ ഓടി, ഏകദേശം 200 മീറ്ററോളം അവർ അയാളെ പിന്തുടര്‍ന്നു.

കൗശിക് പിന്നീട് തന്റെ സ്മാര്‍ട് വാച്ച് ഉപയോഗിച്ച് ഫോണിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്തു. ഫോണ്‍ സമീപത്ത് തന്നെ ഉണ്ടായിരുന്നതുകൊണ്ട് സ്മാര്‍ട് വാച്ച് ബീപ്പ് ചെയ്യുന്നുണ്ടായിരുന്നു. പരിസരത്ത് മൂന്ന് മണിക്കൂറോളമാണ് കൗശിക് അലഞ്ഞുതിരിഞ്ഞത്. അവസാനം ഫോണിന്റെ കൃത്യമായ ലൊക്കേഷന്‍ കണ്ടെത്തി.

ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, മോഷ്ടാവ് ഒരു ഇടവഴിയിൽ മോട്ടോര്‍ സൈക്കിളില്‍ ഇരുന്ന് ഫോണ്‍ നോക്കുമ്പോഴാണ് കൗശിക് കള്ളനെ കണ്ടെത്തിയത്. '' തന്റെ എല്ലാ കോണ്‍ടാക്റ്റുകളും ജോലിയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളും ഫോണിലാണ് ഉള്ളത്. ഫോണ്‍ നഷ്ടപ്പെട്ടപ്പോള്‍ ആകെ പേടിച്ചു പോയി. അങ്ങനെ രാത്രി 9.15 വരെ വാച്ചിന്റെ സഹായത്തോടെ ഞാന്‍ അവനെ ട്രാക്ക് ചെയ്യുകയായിരുന്നു'' യുവതി പറഞ്ഞു.

Also read : സുഹൃത്തായ ഗര്‍ഭിണിയുടെ ശരീരം കീറിമുറിച്ച് കുഞ്ഞിനെ പുറത്തെടുത്ത് തട്ടിക്കൊണ്ടു പോയ യുവതിക്ക് വധശിക്ഷ

പതുക്കെ പുറകിലൂടെ എത്തിയ കൗശിക് മോഷ്ടാവിന്റെ തലയ്ക്കിടിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഫോൺ മോഷ്ടാവിന്റെ കൈയില്‍ നിന്ന് താഴെ വീണു. കള്ളൻ ഓടിപ്പോകുകയും ചെയ്തു. പിന്നീട് ഫോണെടുത്ത് യുവതി വീട്ടിലേയ്ക്ക് മടങ്ങി. അടുത്ത ദിവസം തന്നെ പാലം വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും കൗശിക് പറഞ്ഞു.

കൗശികിന്റെ ഫോണ്‍ കൈയില്‍ കിട്ടിയ മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ മോഷ്ടാവ് യുപിഐ പിന്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 50,865 രൂപ ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 379 (മോഷണം), 379 എ ( തട്ടിക്കൊണ്ടുപോകല്‍), 420 (വഞ്ചന) എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാൽ മോഷ്ടാവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Published by:Amal Surendran
First published: