തിരുവനന്തപുരം: ബിവറേജസ് കോർപറേഷന്റെ ആറ്റിങ്ങൽ വെയർഹൗസിൽ വീണ്ടും മോഷണം. രണ്ടുതവണയായി 90 കെയ്സ് മദ്യം നഷ്ടപ്പെട്ടതായാണ് വിവരം. അടുത്തിടെ എക്സൈസ് നടത്തിയ പരിശോധനയിൽ ആറ്റിങ്ങൽ പരിസരത്ത് നിന്നും വിദേശമദ്യം പിടിച്ചെടുത്തിരുന്നു. തുടർന്നാണ് മദ്യം സൂക്ഷിക്കുന്ന വെയർഹൗസ് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചത്. വെയർഹൗസ് മാനേജരെ വിളിച്ചു വരുത്തി നടത്തിയ പരിശോധനയിലാണ് അമ്പതിലധികം കെയ്സ് മദ്യത്തിന്റെ കുറവ് കണ്ടെത്തിയത്.
മെയ് 9ന് വെയർഹൗസിൽ മോഷണം നടന്നതായാണ് നിഗമനം. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തും ആറ്റിങ്ങലിലെ ബിവറേജസ് വെയർഹൗസിൽനിന്ന് മദ്യം മോഷണം പോയിരുന്നു. അന്ന് ഇവിടെ നിന്ന് 40 കെയ്സ് മദ്യമാണ് കാണാതായത്. ലോക്ക്ഡൗണിനു ശേഷം ഗോഡൗൺ തുറന്ന് സ്റ്റോക്ക് എടുത്തപ്പോഴാണ് സ്റ്റോക്കിൽ കുറവു കണ്ടത്. തുടർന്ന് മാനേജരടക്കം പിഴ അടച്ചിരുന്നു.
ഇപ്പോള്‍ വെയർഹൗസിന്റെ പൂട്ട് പൊളിക്കുകയോ മറ്റ് ഏതെങ്കിലും വിധത്തിൽ മോഷണശ്രമമോ ഇതുവരെയും കണ്ടെത്തിയിട്ടില്ല. വെയർഹൗസ് മാനേജർക്കു പുറമേ, മദ്യം സൂക്ഷിക്കുന്നതിന്റെ താക്കോൽ ഉള്ളത് എക്സൈസ് അധികൃതരുടെ കൈയിലാണ്. ഡ്യുപ്ലിക്കേറ്റ് താക്കോൽ നിർമിച്ച് മോഷണം നടത്തിയെന്നാണ് നിലവിലെ നിഗമനം.
മദ്യം സുരക്ഷിതമായി സൂക്ഷിക്കുന്ന വെയർഹൗസിൽ നിന്നു തന്നെ മദ്യം മോഷ്ടിച്ചുവെന്നത് എക്സൈസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. സംഭവം ഗുരുതരമായതിനാൽ എക്സൈസ് കമ്മീഷണറേറ്റിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് മറ്റ് വെയർഹൗസുകളിലും സമാന സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്നും എക്സൈസ് പരിശോധിച്ചുവരികയാണ്.
ഹൈടെക് വാറ്റ് കേന്ദ്രം; റെയ്ഡിൽ പിടികൂടിയത് 35 ലിറ്റർ ചാരായവും 750 ലിറ്റർ കോടയും വാറ്റുപകരണങ്ങളും
കൊല്ലത്ത് ആൾത്താമസമില്ലാതെ കിടന്ന സ്വകാര്യവ്യക്തിയുടെ പറമ്പിലായിരുന്നു ആധുനിക രീതിയിൽ വാറ്റിനുള്ള സംവിധാനം ഒരുക്കി വ്യവസായിക അടിസ്ഥാനത്തിൽ ചാരായം വാറ്റിത്. വാറ്റ് കേന്ദ്രത്തിൽ ചാരായം വാറ്റി കൊണ്ടിരിക്കുന്ന സമയത്ത് കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ നൗഷാദും സംഘവും ചേർന്നാണ് ഇത് കണ്ടുപിടിച്ചത്.
കല്ലുംതാഴം കുറ്റിച്ചിറ റോഡിന്റെ വശത്തുള്ള ആൾ താമസമില്ലാത്ത വീടിന്റെ പിറക് വശത്ത് ആയിരുന്നു വാറ്റ് നടന്നു വന്നത്. വീടിന്റെ കാട് പിടിച്ചു കിടക്കുന്ന പിറക് ഭാഗത്ത് വച്ചായിരുന്നു പകൽ സമയത്ത് ഗ്യാസ് അടുപ്പ് ഉപയോഗിച്ചു വൻതോതിൽ നാലുപേർ ചേർന്ന് ചാരായം വാറ്റിയത്. ചാരായം വാറ്റിയതിനു ശേഷം വിൽപ്പന നടത്തി വരുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എന്നാൽ, എക്സൈസ് എത്തുന്നത് കണ്ട വാറ്റുകാർ പറമ്പിന്റെ പിറകിലുള്ള കാട് പിടിച്ചു കിടക്കുന്ന ഭാഗം വഴി ഓടി മറഞ്ഞതിനാൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. ഇരുമ്പ് ഡ്രമ്മിൽ പ്രത്യേക രീതിയിൽ വാൽവ് ഘടിപ്പിച്ചു അതിൽ കൂടി കോട ഡ്രമ്മിനുള്ളിലേക്ക് ഒഴിച്ചു ഗ്യാസ് അടുപ്പ് ഉപയോഗിച്ചു ചൂടാക്കി കോപ്പർ കോയില്‍ വഴി കടത്തിവിട്ടാണ് ചാരായം വാറ്റിയിരുന്നത്.
500 ലിറ്ററിന്റെ സിന്തറ്റിക് ടാങ്ക് 200 ലിറ്ററിന്റെ ബാരൽ എന്നിവയിൽ നിറയെ കോട കലക്കി ഇട്ടിരിക്കുകയായിരുന്നു. 100 ലിറ്ററിന്റെ ഇരുമ്പ് ഡ്രമ്മിൽ 50 ലിറ്റർ കോടയും 35 ലിറ്റർ ചാരായവും സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തു. സമീപപ്രദേശത്തുള്ള നാലുപേർ ചേർന്നാണ് ചാരായം വാറ്റിയത് എന്ന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി എക്സൈസ് അറിയിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.