നൂറോളം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ചിഞ്ചിലം സതീശന് എന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ ശാസ്താംവിളയില് സതീഷ് കുമാര്‍ (40) പിടിയില്‍. ഇയാളുടെ സഹായി ഇടപ്പള്ളി വട്ടേക്കുന്നം മനോളി പറമ്പില്‍ റെനീഷ് എന്നയാളും പിടിയിലായിട്ടുണ്ട്. തൃപ്പൂണിത്തുറ പോലീസ് ഇന്‍സ്പെക്ടര്‍ വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
മൂന്നു മാസം മുമ്പ് ജയിലില്‍നിന്നിറങ്ങിയ സതീശന് പലയിടങ്ങളിലായി മോഷണം നടത്തി ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കളമശ്ശേരിയില്‍നിന്ന് സാഹസികമായാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
കളമശ്ശേരി മെട്രോ സ്റ്റേഷനു സമീപം ലോഡ്ജില്‍ സതീശനെ പാര്‍പ്പിച്ച വിവരമറിഞ്ഞ് പോലീസ് സ്ഥലം വളഞ്ഞെങ്കിലും നാലുനില ലോഡ്ജില്‍നിന്ന് സതീശന് സമീപ കെട്ടിടത്തിലേക്ക് ചാടി രക്ഷപ്പെട്ടിരുന്നു.
ലോഡ്ജ് മുറിയില്‍ ബാഗും വസ്ത്രങ്ങളുമൊക്കെ ഉള്ളതിനാല്‍ ആള് തിരികെ എത്തുമെന്ന് പോലീസ് കണക്കുകൂട്ടിയിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ 4 മണിയോടെ ഇയാളെ പിടികൂടി. മല്‍പ്പിടിത്തത്തിലൂടെയാണ് ഇയാളെ കീഴടക്കിയതെന്നും പോലീസ് പറഞ്ഞു.
Also Read- ബൈക്കില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവര്‍ച്ച; രണ്ടു പേർ പിടിയിൽ
ജൂലൈ 14-ന് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിനു സമീപം സ്കൂട്ടറില്‍നിന്ന് ആറു പവന് സ്വര്‍ണാഭരണങ്ങള്‍, എറണാകുളം ലിസി ആശുപത്രിക്കടുത്തുനിന്ന് രണ്ട് ബൈക്കുകള്‍, പുന്നയ്ക്കല്‍ ക്ഷേത്രത്തിനടുത്ത് സ്കൂട്ടറില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍, ഉദയംപേരൂര്‍ നടക്കാവ് ക്ഷേത്രത്തിനു സമീപത്തുനിന്നും വലിയകുളം പള്ളിക്കു സമീപത്തുനിന്നും വാഹനങ്ങളില്‍നിന്ന് പണമടങ്ങിയ ബാഗ് തുടങ്ങിയവ മോഷ്ടിച്ചത് താനാണെന്ന് സതീശന് സമ്മതിച്ചിട്ടുണ്ടെന്ന് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍ പറഞ്ഞു.
സതീശന് ഒളിവില്‍ കഴിഞ്ഞിരുന്ന കങ്ങരപ്പടിയിലെ വാടക വീട്ടില്‍നിന്ന് ഒട്ടേറെ വാഹനങ്ങളുടെ താക്കോല്‍ കൂട്ടം, 30 ഹെല്‍മെറ്റുകള്‍ തുടങ്ങിയവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Theft case