നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Kurup 'കുറുപ്പിന്റെ വിരലടയാളം ലഭ്യമാണ്; ഫിംഗർ പ്രിന്‍റ് അടിസ്ഥാനതത്വം അറിയാത്ത ഐപിഎസുകാരുണ്ട്' ഫിംഗർപ്രിന്‍റ് ബ്യൂറോ മുൻ ഡയറക്ടർ

  Kurup 'കുറുപ്പിന്റെ വിരലടയാളം ലഭ്യമാണ്; ഫിംഗർ പ്രിന്‍റ് അടിസ്ഥാനതത്വം അറിയാത്ത ഐപിഎസുകാരുണ്ട്' ഫിംഗർപ്രിന്‍റ് ബ്യൂറോ മുൻ ഡയറക്ടർ

  പോലീസ് ഓഫീസർമാരിൽ ചിലർ വിരമിച്ച ശേഷം ഏതു വിഷയത്തിലും നിത്യേന ചാനലിൽ വന്നു പ്രകടനം നടത്താറുണ്ട്. ഇതിൽ ചാനൽകാരും ഒരു പരിധി വരെ കുറ്റക്കാരാണെന്നും മുഹമ്മദ് ഇസാ പറഞ്ഞു

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: ഫിംഗർ പ്രിന്‍റ് (Finger Print) അടിസ്ഥാനതത്വം അറിയാത്ത ഐപിഎസുകാർ സംസ്ഥാനത്ത് ധാരാളമുണ്ടെന്ന് ഫിംഗർ പ്രിന്‍റ് ബ്യുറോ മുൻ ഡയറക്ടർ വി എച്ച് മുഹമ്മദ് ഈസ സാഹിബ്. സുകുമാര കുറുപ്പിന്‍റെ (Sukumara Kurup) കേസുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചകളിൽ പോലീസിലെ ഡിജിപി തലം മുതൽ എസ്പി വരെ ഉന്നത സ്ഥാനങ്ങളിൽനിന്നും വിരമിച്ചവർ ഒരടിസ്ഥാനവുമില്ലാതെ അവരുടെ അനുമാനങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുറുപ്പ് ആലപ്പുഴ പൊലീസ് (Kerala Police) കസ്റ്റഡിയിൽ ഉണ്ടായിരുന്നെന്നും വിരലടയാള പരിശോധനഫലം തിരുവനന്തപുരം ഓഫീസിൽനിന്നും കിട്ടാൻ വൈകിയതുമൂലം കസ്റ്റഡിയിൽ നിന്നും വിട്ടുവെന്നുമാണ് മുൻ ഡിജിപി ചാനൽ ചർച്ചയിൽ പറഞ്ഞത്. ഇത് തെറ്റാണെന്നും അദ്ദേഹം സ്വപ്നം കണ്ടതാണെന്നുമാണ് മുഹമ്മദ് ഇസാ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്.

   മുൻകുറ്റവാളി അല്ലാത്തതിനാൽ കുറുപ്പിന്‍റെ വിരലടയാളം ഫിംഗർ പ്രിന്‍റ് ബ്യൂറോയുടെ ശേഖരത്തിൽ ഇല്ലായിരുന്നുവെന്നും മുഹമ്മദ് ഇസാ വ്യക്തമാക്കുന്നു. എന്നാൽ ഇന്നും കുറുപ്പിന്റെ വിരലടയാളങ്ങൾ ലഭ്യമാണ്. ചെങ്ങന്നൂർ ചെറിയനാട്ടും ആലപ്പുഴയിലും കുറുപ്പ് നടത്തിയ ഭൂമി ഇടപാടിൽ ആധാരത്തിലും രജിസ്ട്രാർ ഓഫിസിലും ഇപ്പോഴും ഉണ്ടാകും. അതേപോലെ കുറുപ്പ് ആലുവയിലെ ഒരു ലോഡ്ജിൽ താമസിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ആ മുറികൾ വിരലടയാള വിദഗ്ധനെ കൊണ്ടു പരിശോധനക്കു വിധേയമാക്കാതിരുന്നത് അന്വേഷണത്തിലെ വലിയ അപാകതയാണെന്നും മുഹമ്മദ് ഇസാ ചൂണ്ടിക്കാട്ടി. നമുക്ക് അറിയാത്ത വിഷയങ്ങളിൽ അഭിപ്രായം ഒഴിവാക്കുന്നതാണ് ഉചിതം. പോലീസ് ഓഫീസർമാരിൽ ചിലർ വിരമിച്ച ശേഷം ഏതു വിഷയത്തിലും നിത്യേന ചാനലിൽ വന്നു പ്രകടനം നടത്താറുണ്ട്. ഇതിൽ ചാനൽകാരും ഒരു പരിധി വരെ കുറ്റക്കാരാണെന്നും മുഹമ്മദ് ഈസ പറഞ്ഞു.

   മുഹമ്മദ് ഇസയുടെ ഫെസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:

   1984 ജനുവരി 21ന് സുകുമാരക്കുറുപ്പ് കൊല്ലപ്പെട്ടെന്ന വാർത്തയ്ക്കു പിന്നാലെ, കുറുപ്പല്ല കൊല്ലപ്പെട്ടത് ചാക്കോ എന്നയാളാണെന്ന് അന്നത്തെ ചെങ്ങന്നൂർ ഡിവൈഎസ്പി പി. എം. ഹരിദാസിന്റെ വിദഗ്ധ അന്വേഷണത്തിൽ തെളിയുകയുണ്ടായി. ഇപ്പോഴത്തെ ചർച്ചകൾ കണ്ടു കുറുപ്പ് മരിച്ചിട്ടില്ലെങ്കിൽ കാണാ മറയത്തിരുന്നു ചിരിക്കുന്നുണ്ടാകാം. അതല്ല ഇവിടെ ചർച്ചാവിഷയം, കുറുപ്പിനെ തിരിച്ചറിയാനുള്ള ശാസ്ത്രീയ തെളിവുകൾ ലഭ്യമായിരുന്നോ അതിൽ പൊലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നുള്ളതാണ്.

   ചാനൽ ചർച്ചകളിൽ പോലീസിലെ ഡിജിപി തലം മുതൽ എസ്പി വരെ ഉന്നത സ്ഥാനങ്ങളിൽനിന്നും വിരമിച്ചവർ ഒരടിസ്ഥാനവുമില്ലാതെ അവരുടെ അനുമാനങ്ങൾ പ്രചരിപ്പിക്കുകയാണ്. അതിൽ പ്രധാനപ്പെട്ടത് കുറുപ്പ് ആലപ്പുഴ പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നെന്നും വിരലടയാള പരിശോധനഫലം തിരുവനന്തപുരം ഓഫീസിൽനിന്നും കിട്ടാൻ വൈകിയതുമൂലം കസ്റ്റഡിയിൽ നിന്നും വിട്ടുവെന്നുമാണ്. അന്ന് സർവീസിൽ ഉണ്ടായിരുന്ന ഞങ്ങൾക്ക് അങ്ങനെ ഒരാൾ കസ്റ്റഡിയിൽ ഉണ്ടായിരുന്നതായും വിരലടയാളങ്ങൾ പരിശോധനക്ക് ലഭിച്ചതായും അറിവില്ല. കേസിന്റെ പ്രധാന അന്വേഷകനായ ഹരിദാസ് സർ പോലും അങ്ങനെ അവകാശപ്പെട്ടിട്ടില്ല എന്നതാണ് സത്യം.

   Also Read- Kurup| ഗൾഫുകാരന്റെ അടിവസ്ത്രവും മരണവീട്ടിലെ കോഴിക്കറിയും; ദുരൂഹമായൊരു പാതിരാകൊലപാതകം ചുരുളഴിയിച്ചതിങ്ങനെ

   വിരലടയാളത്തിന്റെ അടിസ്ഥാന തത്വം എന്താണെന്നുപോലുമറിയാത്ത ഐപിഎസുകാർ ഉൾപ്പടെയുള്ള ഉന്നതന്മാർ ഈ വകുപ്പിൽ ധാരാളമുണ്ട്. വിരലടയാളങ്ങൾ പരിശോധിക്കുന്നത് ഫോറൻസിക് ലാബിൽ ആണന്നുപോലും മുൻ ഡിജിപി ചാനലിൽ തട്ടിവിട്ടു. കേരള പൊലീസ് അക്കാദമയിൽ എസ്ഐമാർ അടക്കം പുതിയ തലമുറയ്ക്ക് പരിശീലനത്തിന്റെ ചുമതലയിലിരുന്ന ഇദ്ദേഹത്തിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല. ഇദ്ദേഹം ഒരു പത്രക്കുറിപ്പിൽ കുറുപ്പിന്റെ ഫിംഗർ പ്രിന്റ് എടുത്തിരുന്നെന്നും അത് കുറുപ്പിന്റെ എൽഐസി പോളിസിയിലെ വിരലടയാളവുമായി ഒത്തുനോക്കിയെന്നും കുറുപ്പാണ് കസ്റ്റഡിയിൽ ഉണ്ടായിരുന്നതെന്നും അപ്പോഴേക്കും കുറുപ്പിനെ വിട്ടയച്ചെന്നും വെളിപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന് ഇതെവിടെ നിന്നും കിട്ടിയെന്നറിയില്ല. എവിടെ ഏത് എക്സ്പേർട്ട് ആണ് പരിശോധിച്ചത്?

   പൊലീസ് വകുപ്പിലെ ഫിംഗർപ്രിന്റ് എക്സ്പേർട്ട് അല്ലാതെ പുറത്ത് ഒരിടത്തും വിരലടയാള പരിശോധന അധികാരികമായി നടക്കുന്നില്ല. അങ്ങനെ ഒരു പരിശോധന കേരളത്തിലെ ഒരു ഓഫിസിലും നടന്നിട്ടില്ലെന്ന് വ്യക്തമാക്കാൻ ഈ അവസരം ഉപയോഗിക്കുന്നു. അദ്ദേഹം സ്വപ്നം കണ്ടതായിരിക്കും. വാൾ എടുത്തവരെല്ലാം വെളിച്ചപ്പാടെന്ന പോലെ മറ്റൊരു മാന്യദ്ദേഹം (ചാനൽ ചർച്ചാ പ്രമുഖൻ ) കുറുപ്പു മരിച്ചെന്നും ജോഷി എന്നപേരിൽ പുണെയിൽ താമസിച്ചിരുന്ന ആൾ ഭോപ്പാലിൽ വച്ചാണ് മരിച്ചതെന്നും അത് കുറുപ്പാണെന്നും തീർച്ചപ്പെടുത്തി. ഏതു പരിശോധനയിലാണ് ഇങ്ങനെ തെളിഞ്ഞത്. പണ്ട് ഇടുക്കി വെള്ളക്കയം കൊലക്കേസിൽ ഒരു സുപ്രഭാതത്തിൽ പ്രതിയാണെന്ന് പറഞ്ഞു നൂലിൽ കെട്ടിയിറക്കി ഒരാളെ കൊണ്ടുവരികയും ക്രൈം ബ്രാഞ്ച് ഡിഐജി ആയിരുന്ന ഗോപിനാഥ്‌ സർ കാരണം ആ നിരപരാധി രക്ഷപെടുകയും പിന്നീട് യഥാർഥ പ്രതി റിപ്പർ ചാക്കോയെ അറസ്റ്റു ചെയ്ത സംഭവം ഓർമയിൽ വരുന്നു, അന്ന് ഉന്നതരുടെ പ്രഷറിൽ എന്നെ സഹായിച്ചത് ഗോപിനാഥ്‌ സർ ആയിരുന്നു.

   കേരള സ്റ്റേറ്റ് ഫിംഗർ പ്രിന്റ് ബ്യൂറോ ആസ്ഥാനം തിരുവനന്തപുരവും ജില്ലാ ഓഫീസുകൾ അതാതു ജില്ലകളിലുമാണു പ്രവർത്തിക്കുന്നത്. അതിന്റ തലവൻ ഡയറക്ടർ ആണ്. ഈ ഓഫിസുകളിൽ മുൻകുറ്റവാളികളുടെയും പൊലീസ് ക്രിമിനൽ കേസുകളിൽ അറസ്റ്റ് ചെയ്യുന്നവരുടെയും വിരലടയാള ശേഖരമാണുള്ളത്. പോലീസ് ശേഖരിക്കുന്ന ഏതൊരാളുടെയും വിരലടയാളങ്ങൾ പരിശോധിക്കുവാൻ എല്ലാ ഓഫീസിലും സംവിധാനമുണ്ട്. 1976 മുതൽ എല്ലാ ജില്ലകളിലും ഓഫീസുകൾ തുടങ്ങി, എങ്കിൽപ്പിന്നെ എന്തുകൊണ്ട് കുറുപ്പിന്റെ വിരലടയാളം ആലപ്പുഴ ഓഫീസിൽ പരിശോധനക്ക് വിധേയമാക്കിയില്ല, തന്നെയുമല്ല 1978 മുതൽ വിരലടയാളങ്ങൾ നേരിട്ട് തിരുവനന്തപുരം ഓഫീസിൽ കൊണ്ടുപോകാതെ ജില്ലാ ഓഫീസിൽനിന്നും ടെലിഫോണിക് സേർച്ച് വഴി പരിശോധിക്കാനുള്ള സംവിധാനം അന്നത്തെ ഡയറക്ടർ എൻ. കൃഷ്ണൻ നായർ സർ തുടങ്ങുകയും വിജയിക്കുകയുമുണ്ടായി. ആന്ധ്ര പ്രദേശ് സ്വദേശിയായ ഒരു മോസ്റ്റ് വാണ്ടഡ് ക്രിമിനൽ നായിക്കിന്റെ വിരലടയാളം കോഴിക്കോട് റയിൽവേ പൊലീസ് എടുക്കുകയും അതു കോഴിക്കോട് എക്സ്പേർട്ട് ആയിരുന്ന ആർ. രാജേന്ദ്രൻ ടെലഫോണിക് സേർച്ചിലൂടെ 30 മിനിറ്റിനകം അയാളെ തിരിച്ചറിയുകയുണ്ടായി. അപ്പോൾ അലക്സാണ്ടർ ജേക്കബ് ഐപിഎസിന്റെ വാദം ഇവിടെ പൊളിയുകയാണ്.

   Also Read- പുകപോലെ മാഞ്ഞ സുകുമാര കുറുപ്പ്; ചുരുളഴിയാത്ത ദുരൂഹതയ്ക്ക് 37 വയസ്

   ഇനി കുറുപ്പിലേക്കു വരാം. അയാൾ മുൻകുറ്റവാളിയല്ല, അതിനാൽ വിരലടയാളം ഞങ്ങളുടെ ശേഖരങ്ങളിലില്ല. അപ്പോൾ അയാളുടെ വിരലടയാളം എങ്ങനെ കണ്ടെത്താം, അതിനുള്ള വിവിധ മാർഗങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഡിവൈഎസ്പി ഹരിദാസ് സാറിന്റെ സംഘത്തിന്റെ ഏക അപാകത അതു മാത്രമാണ്. ഇന്നും കുറുപ്പിന്റെ വിരലടയാളങ്ങൾ ലഭ്യമാണ്. ചെങ്ങന്നൂർ ചെറിയനാട്ടും ആലപ്പുഴയിലും കുറുപ്പ് നടത്തിയ ഭൂമി ഇടപാടിൽ ആധാരത്തിലും രജിസ്ട്രാർ ഓഫിസിലും ഇപ്പോഴും ഉണ്ടാകും. അതേപോലെ കുറുപ്പ് ആലുവയിലെ ഒരു ലോഡ്ജിൽ താമസിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ആ മുറികൾ വിരലടയാള വിദഗ്ധനെ കൊണ്ടു പരിശോധനക്കു വിധേയമാക്കാതിരുന്നത് അന്വേഷണത്തിലെ വലിയ അപാകതയാണ്. അവിടെനിന്നും അയാളുടെ വിരലടയാളം കിട്ടാൻ സാധ്യത ഏറെയായിരുന്നു. അങ്ങനെ സംശയിക്കപ്പെടുന്നവരിൽ നിന്നും വിരലടയാളത്തിലൂടെ യഥാർഥ ആളിനെ കണ്ടെത്താൻ കഴിയും. അതു പോലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലിനു എതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടിക്കേണ്ടത് ജില്ലാ പോലീസ് അധികാരിയുടെ ചുമതലയാണ് അങ്ങനെ എന്തെങ്കിലും പുറപ്പെടിവിച്ചുണ്ടോ???

   നമുക്ക് അറിയാത്ത വിഷയങ്ങളിൽ അഭിപ്രായം ഒഴിവാക്കുന്നതാണ് ഉചിതം. പോലീസ് ഓഫീസർമാരിൽ ചിലർ വിരമിച്ച ശേഷം ഏതു വിഷയത്തിലും നിത്യേന ചാനലിൽ വന്നു പ്രകടനം നടത്താറുണ്ട്. ഇതിൽ ചാനൽകാരും ഒരു പരിധി വരെ കുറ്റക്കാരാണ്. സർവീസ് കാലം മുഴുവനും സ്പെഷൽ യൂണിറ്റിൽ ഇരുന്നവരെയാണ് ക്രൈം എക്സ്പേർട്ട് ആയി വരുന്നത്. ഓരോ കാര്യത്തിലും അതാത് വിഷയ വിദഗ്ധരെ വേണം ചർച്ചയ്ക്കു വിളിക്കാൻ. പെരുമ്പാവൂർ ജിഷ വധകേസിന്റെ കാലത്ത് ഇരട്ടകളുടെ ഡിഎൻഎയും വിരലടയാളവും ഒന്നുതന്നെ ആണന്നു പറഞ്ഞ മഹാന്മാരാണ് സർവീസിൽ ഉള്ളത്, ഇരട്ടകളുടെപോലും വ്യത്യസ്തമാണെന്നു പോലും അവർക്കറിയില്ല.

   മോഷണകേസിൽ പ്രതിയാരാണെന്ന് അറിയാൻ പാഴൂർ പടിക്കൽ പോയവരുണ്ട്, അവസാനം ആ മോഷ്ടാവിനെ വിരലടയാളത്തിലൂടെയാണ് തിരിച്ചറിഞ്ഞത്. പെരുമ്പാവൂർ മേഖലയിൽ നടന്ന കൊലപാതക പരമ്പരയിൽ നിരപരാധികളായ രണ്ടുപേർ രണ്ടു വർഷത്തോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ യഥാർത്ഥ പ്രതി റിപ്പർ ജയചന്ദ്രൻ ആണെന്ന് വിരലടയാളം വഴി തിരിച്ചറിഞ്ഞതിനാൽ നിരപരാധികളായ രണ്ടുപേരും ജയിൽമോചിതനായ സംഭവം ഇവിടെ ഓർമപ്പെടുത്തുകയാണ്. സുകുമാരകുറുപ്പ് മരിച്ചിട്ടില്ലെങ്കിൽ (സങ്കൽപം) അയാളുടെ വിരലടയാളം ശേഖരിച്ചു ശാസ്ത്രീയമായ രീതിയിൽ അന്വേഷണം നടത്തി പിടിക്കപ്പെട്ടാൽ ഇപ്പോൾ ഈ കേസിൽ കേരളാപോലീസിന് മേലുള്ള കളങ്കം മാറ്റാൻ സാധിക്കും, അങ്ങനെ സംഭവിക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.
   Published by:Anuraj GR
   First published:
   )}