ഇടുക്കി: ആൾ താമസം ഇല്ലാത്ത വീട്ടിൽ ഉടമ അറിയാതെ ദിവസങ്ങളോളം താമസിച്ച് വിട്ടുപകരണങ്ങൾ മോഷ്ടിച്ച് കടത്തുകയും മോഷണ മുതൽ വിറ്റ് അതേ വീട്ടിൽ ഇരുന്ന് മദ്യപിക്കുകയും ബാക്കിയുള്ള സാധനങ്ങൾ കടത്താൻ ശ്രമിയ്ക്കുകയും ചെയ്ത മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ പെരിയവാരാ സ്വദേശി മണികണ്ഠനാണ് അറസ്റ്റിലായത്.
മൂന്നാർ ഇക്കാനഗറിലെ പി ഡബ്ല്യൂ ഡി ക്വാർട്ടേഴ്സിലെ ആളൊഴിഞ്ഞ വീട്ടിലാണ് മണികണ്ഠൻ താമസമാക്കിയത്. കാലവർഷത്തിൽ ക്വർട്ടേഴ്‌സ് അപകടാവസ്ഥയിലായതിനെ തുടർന്ന്, താമസക്കാരനായ ബാലസുബ്രഹ്മണ്യൻ മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. അത്യാവശ്യ സാധനങ്ങൾ മാത്രമാണ് ബാലസുബ്രഹ്മണ്യൻ ക്വാർട്ടേഴ്സിൽ നിന്ന് കൊണ്ടുപോയത്.
Also Read- പുലർച്ചെ വീട്ടിൽ ചക്ക വെട്ടുന്നതിനിടയിൽ വീട്ടമ്മയുടെ മാല കവർന്ന കള്ളൻ പിടിയിൽ
ഇടയ്ക്ക് ഇവിടെ വന്ന് താമസിക്കുമായിരുന്നെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടേക്ക് സുബ്രഹ്മണ്യൻ എത്തിയിരുന്നില്ല. ഇത് മനസിലാക്കിയ മണികണ്ഠൻ ടോയ്‌ലറ്റിന്റെ മേല്‍ക്കൂര തകർത്ത് അകത്ത് കടക്കുകയായിരുന്നു.
പാത്രങ്ങൾ ഓരോന്നായി വിറ്റ് മദ്യം വാങ്ങി കഴിച്ചു. വീട്ടിലെ തുണികൾ മെത്തയാക്കി കിടന്നുറങ്ങി. തുടർന്ന് എൽ ഇ ഡി ടി വിയും മറ്റും തലയിൽ ചുമന്ന്, കൊണ്ടുപോവുകയായിരുന്നു. ഇത് കണ്ട നാട്ടുകാർ പൊലീസിനെ അറിയിച്ചതോടെയാണ് മോഷ്ടാവ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.