നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അരലക്ഷം രൂപ അടങ്ങിയ ബാഗ് കവര്‍ന്നു; മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി ട്രാഫിക് പോലീസ്

  അരലക്ഷം രൂപ അടങ്ങിയ ബാഗ് കവര്‍ന്നു; മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി ട്രാഫിക് പോലീസ്

  ജയ്ഹിന്ദ് മാര്‍ക്കറ്റിനു സമീപത്തേക്ക് ഓടിയ മോഷ്ടാവിനെ ജോഷിയും ഹോംഗാര്‍ഡ് പ്രകാശനും ചേര്‍ന്ന് പിന്നാലെ ഓടി പിടികൂടുകയായിരുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
  തൃശൂര്‍ : അരലക്ഷം രൂപ അടങ്ങിയ ബാഗ് കവര്‍ന്ന മോഷ്ടാവിനെ ട്രാഫിക് പോലീസ് ഓടിച്ചു പിടിച്ചു. മുക്കം സ്വദേശി റിട്ടയേഡ് അധ്യാപകന്‍ കേശവന്‍ നമ്പൂതിരിയുടെ ബാഗാണ് മോഷ്ടാവ് കവര്‍ന്നത്. തൃശൂരില്‍ ഒരു സ്വകാര്യ ആവശ്യത്തിന് എത്തിയ കേശവന്‍ നമ്പൂതിരി അല്‍പ സമയം വിശ്രമിക്കുന്നതിനായി തേക്കിന്‍കാട് മൈതാനത്തെ ആല്‍ത്തറയില്‍ ഇരിക്കുകയായിരുന്നു. പണമടങ്ങിയ ബാഗ് തന്റെ അടുത്ത് വെച്ച് മൊബൈല്‍ഫോണില്‍ സംസാരിക്കുന്ന തക്കം നോക്കി, ബാഗ് തട്ടിയെടുത്ത് മോഷ്ടാവ് ഓടി.

  അല്‍പ്പ സമയത്തിനു ശേഷമാണ് ബാഗ് നഷ്ടപ്പെട്ട വിവരം കേശവന്‍ നമ്പൂതിരി അറിഞ്ഞത്. ഉടന്‍തന്നെ മുന്‍സിപ്പല്‍ ഓഫീസ് പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനോട് കേശവന്‍ നമ്പൂതിരി ഇക്കാര്യം അറിയിച്ചു. മോഷ്ടാവിനെ തിരിച്ചറിയാന്‍ സാധിക്കുന്നതരത്തില്‍ അയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ചും ശരീര പ്രകൃതിയെക്കുറിച്ചും ട്രാഫിക് പോലീസുദ്യോഗസ്ഥന്‍ കേശവന്‍ നമ്പൂതിരിയോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി.

  ഉടന്‍ തന്നെ പരിസരത്ത് പട്രോളിങ്ങ് ഡ്യൂട്ടി നിര്‍വ്വഹിച്ചിരുന്ന ട്രാഫിക് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ബിനന്‍ നഗരത്തില്‍ തത്സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പോലീസുദ്യോഗസ്ഥരോടും ജാഗ്രത നിര്‍ദ്ദേശം നല്‍കുകയും, മോഷ്ടാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുകയും ചെയ്തു.

  ഹൈറോഡ് ജംഗ്ഷനില്‍ ട്രാഫിക് പോയിന്റ് ഡ്യൂട്ടി നിര്‍വ്വഹിച്ചിരുന്ന ജോഷി, അതുവഴി നടന്നുവന്നിരുന്ന ഒരാളെകണ്ട് സംശയം തോന്നി തടയാന്‍ ശ്രമിച്ചു. ഉടന്‍ തന്നെ അയാള്‍ ഓടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ജയ്ഹിന്ദ് മാര്‍ക്കറ്റിനു സമീപത്തേക്ക് ഓടിയ അയാളെ ജോഷിയും ഹോംഗാര്‍ഡ് പ്രകാശനും ചേര്‍ന്ന് പിന്നാലെ ഓടി പിടികൂടുകയായിരുന്നു.

  മോഷ്ടാവ് അരയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ബാഗും പണവും പോലീസ് കണ്ടെടുത്തു. പട്ടാളം റോഡില്‍ പുറമ്പോക്കില്‍ താമസിക്കുന്ന ബാബു (21) വാണ് പോലീസ് പിടിയിലായത്. ഇയാള്‍ക്കെതിരെ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

  പരാതി അന്വേഷിക്കാനെത്തിയ പൊലീസിന്റെ ക്ഷമ പരീക്ഷിച്ച് തെറിയഭിഷേകം; സഹനത്തിനൊടുവില്‍ അറസ്റ്റ്

  പരാതി അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് യുവാവ്. ആലക്കോട് ചവര്‍ണ സ്വദേശിയായ അനസ് മദ്യപിച്ചെത്തി വീട്ടില്‍ പ്രശ്‌നം ഉണ്ടാക്കുകയും മാതാപിതാക്കളെ ശല്യം ചെയ്യുകയും ചെയ്തതായി പോലീസിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാനെത്തിയ പ്രബേഷന്‍ എസ്‌ഐയുടെയും പൊലീസുദ്യോഗസ്ഥന് നേരെയായിരുന്നു ഓട്ടോ ഡ്രൈവറായ അനസിന്റെ അസഭ്യവര്‍ഷം.

  സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ രണ്ടു മൂന്നു ദിവസമായി പ്രചരിക്കുന്നുണ്ട്. മാന്യമായി പെരുമാറുന്ന പൊലീസുകാരെയും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഇവരുടെ മുന്നില്‍ വച്ച് ഇയാള്‍ മാതാപിതാക്കളെ അസഭ്യം പറയുന്നതും വീഡിയോയില്‍ ഉണ്ട്.

  പൊതുജനങ്ങളോട് മാന്യമായ ഭാഷയില്‍ സംസാരിക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍ ഇറങ്ങിയതിന് പിന്നാലെയാണ് ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.

  പൊലീസുകാരെ അസഭ്യം പറഞ്ഞതിന് പിന്നാലെ പൊലീസ് ജീപ്പിന് കുറുകെ ഓട്ടോറിക്ഷയിട്ട് മാര്‍ഗതടസം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മദ്യപിച്ചെത്തി മാതാപിതാക്കളെ ശല്യം ചെയ്തതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തു. പ്രിന്‍സിപ്പല്‍ എസ്‌ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
  Published by:Jayesh Krishnan
  First published: