തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ(Sandeep Kumar) കൊലപാതകത്തിന്(murder) പിന്നില്‍ വ്യക്തിവിരോധമെന്ന് പ്രതികള്‍. തിങ്കളാഴ്ച തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയില്‍ കൊണ്ടുപോകവെയാണ് പ്രതികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
തനിക്ക് സന്ദീപുമായി വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്ന് ഒന്നാം പ്രതിയായ ജിഷ്ണു പറഞ്ഞു. ആക്രമിച്ചത് കൊല്ലാന്‍വേണ്ടി ആയിരുന്നില്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ജിഷ്ണു പറഞ്ഞു. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് ചെയ്തതെന്നും ജിഷ്ണു പറഞ്ഞു.
എന്താണ് വൈരാഗ്യത്തിന് പിന്നിലെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയില്ല. രാഷ്ട്രീയമായ പകപോക്കല്‍ കൊലപാതകത്തിന് പിന്നില്‍ ഇല്ലെന്ന് മറ്റുള്ള പ്രതികളും പറഞ്ഞു. ഒരു വര്‍ഷം മുമ്പ് ബിജെപിയിലുള്ള പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് ജിഷ്ണുവും ബിജെപിയുമായി ബന്ധമില്ലെന്ന് മന്‍സൂര്‍, പ്രമോദ്, നന്ദു,വിഷ്ണു എന്നിവരും പറഞ്ഞു. സഹോദരങ്ങളായ വിഷ്ണു, നന്ദു എന്നിവര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ എട്ടുദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകര്‍ ആരുംതന്നെ ഹാജരായിരുന്നില്ല. എന്തെങ്കിലും പറയാനുണ്ടോയെന്ന മജിസ്ട്രേറ്റ് രേഷ്മ ശശിധരന്റെ ചോദ്യത്തിന് വധഭീഷണിയുള്ളതായി ജിഷ്ണു പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. കൊല നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍, പ്രതികള്‍ സഞ്ചരിച്ച വാഹനം എന്നിവ കണ്ടെടുക്കാനുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സന്ദീപ് ആക്രമിക്കപ്പെട്ടത്. പിറ്റേ ദിവസം തന്നെ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm worker murder, Thiruvalla