• HOME
  • »
  • NEWS
  • »
  • crime
  • »
  • തിരുവനന്തപുരം സ്വദേശിയെ വർക്കലയിൽനിന്ന് തട്ടിക്കൊണ്ടുപോയി മർദിച്ചവശനാക്കി കോട്ടയത്ത് ഉപേക്ഷിച്ചു; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം സ്വദേശിയെ വർക്കലയിൽനിന്ന് തട്ടിക്കൊണ്ടുപോയി മർദിച്ചവശനാക്കി കോട്ടയത്ത് ഉപേക്ഷിച്ചു; മൂന്ന് പേർ പിടിയിൽ

ശിവഗിരി മഠത്തിന്റെ ഭരണം അട്ടിമറിക്കാൻ നടത്തിയ ഗുഢാലോചനയ്ക്ക് കൂട്ട് നിൽക്കാത്തതാണ് സംഭവത്തിന് ആധാരം എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്

  • Share this:
    തിരുവനന്തപുരം ചെമ്പഴന്തി സ്വദേശിയെ പ്രമുഖ അഭിഭാഷകനും സംഘവും വർക്കലയിൽ നിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് അവശനാക്കിയ ശേഷം കോട്ടയത്ത് ഉപേക്ഷിച്ചതായി പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് മൂന്ന് പേരെ പിടികൂടി. സുജിത്ത്, ഷിജിൻ , തസ്നിം എന്നിവരാണ് വർക്കല പോലീസിന്റെ പിടിയിലാലയത്.

    ഇക്കഴിഞ്ഞ ഒക്ടോബർ 23ന് ആണ് കേസിന് ആസ്പദമായ സംഭവം. ചെമ്പഴന്തി സ്വദേശി 51കാരനായ മണികണ്ഠ പ്രസാദിനെയാണ് ശിവഗിരി കൺവെൻഷൻ സെന്ററിലേക്ക് സ്കൂട്ടിയിൽ സഞ്ചരിക്കവെ, കാറിൽ എത്തിയ 5 അംഗസംഘം ബലം പ്രയോഗിച്ച് വായിൽ തോർത്തു തിരുകി, തട്ടിക്കൊണ്ടു പോയത്.

    തുടർന്ന് ശ്രീനാരായണ മിഷൻ ആശുപത്രിയിൽ എത്തിച്ചു ഒരു മുറിയിൽ രണ്ട് ദിവസത്തോളം പൂട്ടി ഇട്ട് വിവസ്ത്രനാക്കി മർദിക്കുകയായിരുന്നു എന്ന് മണികണ്ഠ പ്രസാദ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഇയാളുടെ കഴുത്തിൽ കിടന്ന 5 പവന്റെ മാലയും മൊബൈൽ ഫോണും പിടിച്ചു പറിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇയാളുടെ വായ് പൊള്ളുന്ന രീതിയിൽ ആസിഡ് പോലുള്ള പദാർത്ഥം വായിൽ ഒഴിച്ചതായും പരാതിയിൽ പറയുന്നുണ്ട്. മർദിച്ചു അവസനാക്കിയശേഷം മണികണ്ഠപ്രസാദിനെ കോട്ടയത്തിനടുത്ത് ഉപേക്ഷിച്ചു. തുടർന്ന് ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾ എത്തിയാണ് ആശുപത്രിയിൽ എത്തിക്കുന്നത്.

    മണികണ്ഠപ്രസാദിനെ കാണ്മാനില്ല എന്ന് ഒക്ടോബർ 27ന് വർക്കല എസ്എച്ച്ഒയ്ക്ക് പരാതി നൽകിയെങ്കിലും പരാതിയിന്മേൽ ഈ മാസം ഒമ്പതിനാണ് പോലിസ് കേസ് എടുത്തത്. പ്രമുഖ അഡ്വക്കേറ്റ് മനോജ് ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന അഞ്ച് പേരും ചേർന്നാണ് തന്നെ മർദിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ മൂന്ന് പേർ പിടിയിലായിട്ടുള്ളത്. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിക്കൊണ്ടാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്.

    അറസ്റ്റിലായ പ്രതികളിൽ സുജിത്ത് ശ്രീനാരായണ മിഷൻ ആശുപത്രിയിലെ ഡ്രൈവർ ആണ്. നഗരൂർ സ്വദേശി തസ്നിമിനെ കൂടാതെ പിടിയിലായ ഷിജിൻ ആശുപത്രിയിലെ പർച്ചസിങ് മാനേജർ കൂടിയാണ്. ശിവഗിരി മഠത്തിന്റെ ഭരണം അട്ടിമറിക്കാൻ നടത്തിയ ഗുഢാലോചനയ്ക്ക് കൂട്ട് നിൽക്കാത്തതാണ് സംഭവത്തിന് ആധാരം എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അന്വേഷണം ഇപ്പോഴും പ്രാരംഭഘട്ടത്തിൽ തന്നെയാണ് എന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നുമാണ് വർക്കല ഡി വൈ എസ് പി. നിയാസ് വ്യക്തമാക്കുന്നത്.

    അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്ത പ്രതികളുടെ ചിത്രങ്ങൾ മാധ്യമങ്ങൾക്ക് നൽകാൻ പോലീസ് തയാറായിട്ടില്ല. മുഖ്യമന്ത്രി, ഡിജിപി, റൂറൽ എസ് പി എന്നിവർക്ക് ഉൾപ്പെടെ പരാതി നൽകിയശേഷമാണ് പോലീസ് കേസ് എടുത്തത് എന്നും, പ്രമുഖ അഭിഷകനെ കസ്റ്റഡിയിൽ എടുക്കാൻ പോലിസ് തയ്യാറാകുന്നില്ലെന്നും മണികണ്ഠപ്രസാദ് ആരോപിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: