• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കാറും പണവും കവർന്നു; മൂന്നുപേർ അറസ്റ്റിൽ

Arrest | വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കാറും പണവും കവർന്നു; മൂന്നുപേർ അറസ്റ്റിൽ

സാമൂഹികമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കാക്കഞ്ചേരിയില്‍നിന്ന് ഇയാൾ സഞ്ചരിച്ച കാറിൽ പ്രതികളും കയറി ഭീഷണിപ്പെടുത്തി കൊണ്ടുപോകുകയായിരുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  മലപ്പുറം: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കാറും പണവും കവർന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിലായി. മലപ്പുറം കാക്കഞ്ചേരിയില്‍ വെച്ച് കോട്ടക്കല്‍ സ്വദേശിയായ വ്യാപാരിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കാറും പണവും കവര്‍ന്ന കേസിലാണ് അറസ്റ്റ്. രാമനാട്ടുകര പെരുമുഖം സ്വദേശികളായ എന്‍.പി.പ്രണവ് (20), പെരുമുഖത്തെ ഷഹദ് ഷമീം (21) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് തേഞ്ഞിപ്പലം പോലീസിന്റെ പിടിയിലായത്.

  കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. വ്യാപാരിയായ അബ്ദുള്‍ ലത്തീഫ് എന്നാളെയാണ് തട്ടിക്കൊണ്ടുപോയത്. സാമൂഹികമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കാക്കഞ്ചേരിയില്‍നിന്ന് ഇയാൾ സഞ്ചരിച്ച കാറിൽ പ്രതികളും കയറി ഭീഷണിപ്പെടുത്തി കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് വാഴയൂര്‍ മലയുടെ മുകളില്‍ വിജനമായ സ്ഥലത്തെത്തിച്ച്‌ മര്‍ദിച്ചതായും വ്യാപാരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കത്തി, ചുറ്റിക എന്നിവകൊണ്ട് അപായപ്പെടുത്തുമെന്ന് പറഞ്ഞ പ്രതികള്‍ വ്യാപാരിയെക്കൊണ്ട് അവര്‍ പറഞ്ഞുകൊടുത്ത നമ്പരിലേക്ക് ബലമായി പതിനായിരം രൂപ അയപ്പിക്കുകയും ചെയ്തു. അഞ്ചുലക്ഷം രൂപ തന്നാല്‍ മാത്രമേ വണ്ടി വിട്ടുതരൂവെന്നു പറഞ്ഞ് മര്‍ദിച്ച്‌ അവശനാക്കിയശേഷം രാത്രി പന്ത്രണ്ടുമണിയോടെ രാമനാട്ടുകര ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ഇറക്കിവിടുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് സംഘം കാറുമായി കടന്നു കളഞ്ഞു.

  വ്യാപാരി നല്‍കിയ പരാതിയില്‍ തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളും മൊബൈൽ ടവറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രണവ്, ഷഹദ് ഷമീം എന്നിവരെ കോടതി മുന്പാകെ ഹാജരാക്കി. മൂന്നാമത്തെ പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളായതിനാല്‍ ഇയാളെ ജുവനൈല്‍ ബോര്‍ഡ് മുമ്പാകെയും ഹാജരാക്കി.

  രാത്രി 11 മണിക്കുശേഷം ബാറിൽനിന്ന് മദ്യം നൽകിയില്ല; ജീവനക്കാരനെ മർദ്ദിച്ചു

  രാത്രി 11 മണിക്കു ശേഷം മദ്യം നൽകാത്തതിന് ബാർ ജീവനക്കാരനെ മർദ്ദിച്ചതായി പരാതി. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയ്ക്ക് സമീപം കടമ്പനാട്ടാണ് ബാർ ജീവനക്കാരന് മർദ്ദനമേറ്റത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. കുന്നത്തൂർ ഐവർകാല നിലയ്ക്കൽ ക്ഷേത്രത്തിന് സമീപം പ്രശാന്തഭവനത്തിൽ അജീഷാണ് (24) അറസ്റ്റിലായത്.

  കടമ്പനാട് എസ്ക്വായർ ബാറിലെ ജീവനക്കാരൻ ചാരുംമൂട് ഇടക്കുന്ന് കുഞ്ഞുകളീക്കൽ വീട്ടിൽ സുജിത് കൃഷ്ണ എന്നയാളെയാണ് അജീഷ് മർദ്ദിച്ചത്. രാത്രി പതിനൊന്ന് മണിക്കുശേഷമാണ് അജീഷ് ബാറിലെത്തിയത്. ഇയാളെ സമയം കഴിഞ്ഞെന്ന് പറഞ്ഞ് ഗേറ്റിന് പുറത്താക്കി. ഇതേത്തുടർന്നാണ് പിന്നീട് രണ്ടുപേരെയും കൂട്ടി അജീഷ് സുജിത്ത് താമസിക്കുന്ന ക്വാർട്ടേഴ്സിലെത്തിയത്. അജീഷിനെ മർദ്ദിക്കുകയും ക്വാർട്ടേഴ്സിലെ ജനൽ ചില്ലുകളും അടിച്ചു തകർക്കുകയും ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സുജിത് കൃഷ്ണ നൽകിയ പരാതിയിലുണ്ട്.

  സുജിത്തിന്‍റെ ഒപ്പം താമസിച്ച സുഹൃത്തിന്‍റെ ഫോൺ പ്രതികൾ തറയിൽ എറിഞ്ഞ് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ക്ലോസറ്റും ബാത്ത് റൂമിന്‍റെ വാതിലും നശിപ്പിച്ചു. ഇതിനിടെ ജനൽ ചില്ല് നെറ്റിയിൽ കൊണ്ട് സുജിത്തിന്‍റെ സുഹൃത്ത് സജുവിന് പരിക്കേൽക്കുകയും ചെയ്തു. ഇതോടെയാണ് സുജിത്ത് ശാസ്താംകോട്ട പൊലീസിൽ പരാതി നൽകിയത്. സംഭത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ എ അനീഷ്, ഗ്രേഡ് എസ്.ഐ ഷാജഹാൻ, സിപിഒ രാഗേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
  Published by:Anuraj GR
  First published: