കൊച്ചി: ലൈംഗിക അതിക്രമ പരാതിയിൽ (Sexual Harassment) മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ (Make-up Artist Anees Ansari) പാലാരിവട്ടം പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ആരോപണങ്ങൾ ഉയർന്നതിന് തൊട്ടുപിന്നാലെ അനീസ് അൻസാരി രാജ്യം വിട്ടെന്ന് പൊലീസ് അറിയിച്ചു. പ്രതി ദുബായിലുണ്ടെന്നാണു പൊലീസിന്റെ നിഗമനം.
കല്യാണാവശ്യങ്ങൾക്കായി മേക്കപ്പിടുന്നതിനിടെ കടന്നുപിടിക്കുകയും ലൈംഗികമായി പെരുമാറുകയും ചെയ്തുവെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. ഇന്നലെയാണ് ഇയാൾക്കെതിരെ പരാതി ഉയർന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഇയാൾക്കെതിരെ മീ ടൂ (Me Too) ആരോപണം ഉയർന്നപ്പോൾ തന്നെ ഇയാൾ നാടു വിടുകയായിരുന്നു.
കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോ ഉടമ സുജീഷിനെതിരെ പീഡനാരോപണം ഉയർന്ന ശേഷമാണ് അനീസ് അൻസാരിക്കെതിരെയും ആരോപണം ഉയർന്നത്. ടാറ്റൂ സ്റ്റുഡിയോ കേസിൽ പ്രതിക്കെതിരെ കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ കൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാലാരിവട്ടം, ചേരാനല്ലൂർ സ്റ്റേഷനുകളിലായാണ് പ്രതി പി എസ് സുജീഷിനെതിരെ കേസെടുത്തിട്ടുള്ളത്. പ്രതി സുജീഷ് റിമാൻഡിൽ കഴിയുന്നതിനാൽ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തുക.
പീഡനം നടന്ന ഇടപ്പള്ളിയിലെ ടാറ്റൂ സ്റ്റുഡിയോയിൽ നിന്ന് സിസി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ ഫോറൻസിക് പരിശോധന നടത്തുകയാണ്. റിമാൻഡിൽ കഴിയുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. 15 ദിവസത്തിനു ശേഷം കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസിന്റെ തീരുമാനം.
ആറ് യുവതികളാണ് പ്രതിക്കെതിരെ പരാതി നൽകിയിട്ടുള്ളത്. ടാറ്റൂ ചെയ്യാനെത്തിയപ്പോൾ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. 60 ദിവസത്തിനുള്ളിൽ ആറു കേസുകളിൽ ഒരെണ്ണത്തിൽ കുറ്റപത്രം സമർപ്പിക്കാനാണ് ആണ് പൊലീസ് ഉദ്ദേശിക്കുന്നത്. അതിനുമുൻപ് മുമ്പ് പരമാവധി തെളിവ് ശേഖരിക്കുകയാണ് പൊലീസിൻറെ ലക്ഷ്യം. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.