അട്ടപ്പാടിയിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ കൂടി പിടിയിൽ. അട്ടപ്പാടി താവളം സ്വദേശി അനന്തു, കണ്ടിയൂർ സ്വദേശി ജോമോൻ, ജെല്ലിപ്പാറ സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലാവുന്നവരുടെ എണ്ണം ഒൻപതായി. ഇനി ഒരാൾ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ജൂലൈ ഒന്നിനാണ് അട്ടപ്പാടി നരസിമുക്കിലെ സ്വകാര്യ തോട്ടത്തിൽ വെച്ച് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോറിനെ മർദ്ദിച്ചു കൊലപ്പെടുത്തിയത്.
നന്ദകിഷോറിൻ്റെ സുഹൃത്ത് വിനായകൻ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ലൈസൻസുള്ള തോക്ക് നൽകാമെന്ന് പറഞ്ഞ് വിനായകൻ അഗളി സ്വദേശി വിപിൻ പ്രസാദിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. തോക്ക് നൽകാതെ വന്നതോടെ വിപിൻ പ്രസാദും സുഹൃത്തുക്കളും ചേർന്ന് വിനായകനെയും നന്ദകിഷോറിനെയും മർദ്ദിയ്ക്കുകയായിരുന്നു. നന്ദകിഷോർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
അട്ടപ്പാടി നരസിമുക്കിലെ സ്വകാര്യഫാമിൽ വെച്ചാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോറിനെ ഒരു സംഘം യുവാക്കൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇയാളുടെ സുഹൃത്ത് വിനായകനെ ഗുരുതരാവസ്ഥയിൽ കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗളി പഞ്ചായത്തിലെ ബി ജെ പി അംഗം മിനി സുരേഷിൻ്റെ മകൻ വിപിൻ പ്രസാദ്, ചെർപ്പുളശ്ശേരി സ്വദേശി നാഫി, അഗളി സ്വദേശികളായ മാരി, രാജീവ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ പ്രതികളുണ്ടെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ലൈസൻസുള്ള തോക്ക് നൽകാമെന്ന് പറഞ്ഞ് വിനായകൻ വിപിൻ പ്രസാദിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതിന് ഇടനിലയായി നിന്നത് നന്ദകിഷോറാണ്. ഒരു മാസമായിട്ടും തോക്ക് കിട്ടാതെ വന്നതോടെ വിനായകനെയും നന്ദകിഷോറിനെയും നരസിമുക്കിലെ സ്വകാര്യ തോട്ടത്തിലേക്ക് വിളിച്ചു വരുത്തി ഭീകരമായി മർദ്ദിയ്ക്കുകയായിരുന്നു. അടിയേറ്റ് വിനായകൻ്റെ ശരീരം പൊട്ടിയിട്ടുണ്ട്. കേസിൽ മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.