കോട്ടയം: ടിപ്പർ ലോറി ഉടമകളില്‍ നിന്ന് മാസപ്പടിയായി ആറു ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയ മൂന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍..ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാന്‍ വൈകുന്ന വകുപ്പ് നടപടിയെ ചോദ്യം ചെയ്ത് ന്യൂസ് 18 വാർത്ത നൽകിയിരുന്നു. സംസ്ഥാനത്തെ ക്വാറികളില്‍ നിന്ന് അളവില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റിവിട്ട് സര്‍ക്കാരിന് ലഭിക്കേണ്ട ജിഎസ്ടി, റോയല്‍റ്റി എന്നിവയില്‍ നഷ്ടം സംഭവിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കോട്ടയത്ത് ഏജന്‍റ് മുഖാന്തരം ഉദ്യോഗസ്ഥര്‍ക്കിടയില്‍ അനധികൃത സാമ്പത്തിക ഇടപാട് നടക്കുന്നതായി കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം വിജിലൻസ് നടത്തിയ തന്ത്രപൂർവമായ നീക്കത്തിനോടുവിൽ, മോട്ടോർ വാഹന വകുപ്പിലെ
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഷാജൻ, അജിത് ശിവൻ, അനിൽ എം ആർ എന്നിവരെ വിജിലൻസ് കുടുക്കിയത്. മാസപ്പടിയായി ഇവർ ഭാരവാഹനങ്ങളിൽ നിന്ന് പണം ഓൺലൈൻ ആയി വാങ്ങുകയായിരുന്നു.ഏജന്റ് ആയ കെ ആർ രാജീവിനെ ഇടനിലക്കാരനാക്കിയായിരുന്നു തട്ടിപ്പ്.
വിജിലൻസ് കഴിഞ്ഞ മാസം നടത്തിയ റെയ്ഡിൽ ഈ ഉദ്യോഗസ്ഥർ ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങുന്നതിന്റെ തെളിവ് കിട്ടിയിരുന്നു. ഇവർ താമസിച്ചിരുന്ന സ്ഥലത്തിന്റെ വാടക കൊടുത്തിരുന്നത് പോലും ടിപ്പർ ലോറി ഉടമകളാണെന്നതിനും തെളിവ് കിട്ടി. ടിപ്പർ ലോറികളെ പരിശോധനയിൽ നിന്ന് ഒഴിവാക്കുന്നതിനായിരുന്നു ലക്ഷങ്ങളുടെ കൈക്കൂലി വാങ്ങിയത്.
ഒടുവിൽ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഇവർക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. വിജിലൻസ് എസ് പി വി ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഒരു ഓഫീസിനെ ഒന്നാകെ സംഘടിത അഴിമതിയുടെ കേന്ദ്രമാക്കിയ ഉദ്യോഗസ്ഥരെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.