കൊല്ലം: വെളിയത്ത് വാഹനപരിശോധനയ്ക്കിടെ പൊലീസുകാരെ മർദ്ദിച്ച മൂന്നുപേർ അറസ്റ്റിൽ ആയി. പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാരാീണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ഒരാൾ ഒളിവിലാണ്. ഇയാൾക്കുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വെളിയം ആരൂർകോണം സ്വദേശികളായ ബിനു, മോനിഷ്, മനുകുമാർ എന്നിവരാണ് പിടിയിലായത്.
ഇന്ന് ഉച്ചയ്ക്കു ശേഷമാണ് വെളിയം ജങ്ഷനിൽവെച്ച് വാഹന പരിശോധനയ്ക്കിടയിൽ പ്രതികൾ പോലീസിനോട് കയർത്തുസംസാരിക്കുകയും മർദ്ദിക്കുകയുമായിരുന്നു. എസ് ഐ സന്തോഷ്കുമാർ, ഹോംഗാർഡ് പ്രദീപ് എന്നിവർക്കാണ് മർദ്ദനമേറ്റത്. പ്രതികൾ സഞ്ചാരിച്ചിരുന്ന വാഹനത്തിൽ നിന്നും മൂന്ന് ലിറ്റർ വാറ്റ് ചാരായവും കണ്ടെടുത്തു. പരിക്കേറ്റ പോലീസുകാർ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം കൊച്ചിയിൽ ഉണ്ടായ മറ്റൊരു സംഭവത്തിൽ കോവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്തതിന് പള്ളുരുത്തിയിൽ പൊലീസ് സബ് ഇൻസ്പെക്ടറെ ആക്രമിച്ചു. പള്ളുരുത്തി എസ്.ഐ വൈ. ദീപുവാണ് അക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളുരുത്തി സ്വദേശി റിന്‍ഷാദിനെ(21) പൊലീസ് പിടികൂടി. ഇയാളെ പിന്നീട് അറസ്റ്റു രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.
Also Read-
വാർപ്പ് പിടിച്ചപ്പോൾ അകലം പാലിക്കാത്തതിന് രണ്ടുപേർക്കെതിരെ കേസ്
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ പള്ളുരുത്തി തങ്ങള്‍ നഗറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. റിന്‍ഷാദ് ഉള്‍പ്പെടെ മൂന്ന് പേര് മാസ്ക് ധരിക്കാതെ നടന്നു വരുന്നതിനിടെയാണ് പെട്രോളിങിലായിരുന്ന പൊലീസ് സംഘം അവിടേക്ക് എത്തിയത്. എന്നാൽ പൊലീസിനെ കണ്ടതോടെ റിൻഷാദിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേര് ഓടി രക്ഷപ്പെട്ടു.
ഇതോടെ റിൻഷാദിന് അടുത്ത് ജീപ്പ് നിർത്തിയ പൊലീസ് സംഘം മാസ്ക്ക് ധരിക്കാത്തതിന് പിഴ ഒടുക്കണമെന്ന് ആവശ്യപ്പെട്ടു. എസ്.ഐ ദീപുവാണ് ഇക്കാര്യം റിൻഷാദിനോട് പറഞ്ഞത്. എന്നാൽ പിഴ ഒടുക്കില്ലെന്നു പറഞ്ഞ റിൻഷാദ്, എസ്.ഐയ്ക്കു നേരെ അസഭ്യവർഷം നടത്തുകയും തട്ടിക്കയറുകയും ചെയ്തു. ഇതോടെ റിൻഷാദിനെ കസ്റ്റഡിയിലെടുക്കാനായി പുറത്തിറങ്ങിയ എസ്.ഐയെ ഇയാൾ ആക്രമിക്കുകയായിരുന്നു. തുടർന്ന് മറ്റു പൊലീസുകാരും ഓടിയെത്തി, ഇയാളെ ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുക്കുകയായിരുന്നു. റിൻഷാദിന്റെ ഇടിയേറ്റ എസ്.ഐ പിന്നീട് ആശുപത്രിയിൽ പ്രവേശിച്ചു ചികിത്സ തേടി.
ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും കോവിഡ് മാനദണ്ഡം ലംഘിച്ചതിനും റിൻഷാദിനെതിരെ വിവിധ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയുമായിരുന്നു.
മറ്റൊരു സംഭവത്തിൽ സിനിമാ ചിത്രീകരണത്തിനായി ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നിർമ്മാതാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിനയൻ സംവിധാനം ചെയ്ത 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയ്ക്കായി ജൂനിയർ താരങ്ങളെ കൊണ്ടുവരാനാണ് ജൂനിയർ ആർടിസ്റ്റ് കോ- ഓർഡിനേറ്റർ തട്ടിപ്പ് നടത്തിയത്. സിനിമയുടെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് നൽകിയ പരാതിയെ തുടർന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
സിനിമകൾക്ക് ജൂനിയർ താരങ്ങളെ സംഘടിപ്പിച്ചു നൽകുന്ന ജൂനിയർ - ആർടിസ്റ്റ് കോ-ഓർഡിനേറ്റർ ആലത്തൂർ സ്വദേശി പ്രതീഷിനെയാണ് മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മലമ്പുഴയിൽ ചിത്രീകരണം നടന്ന 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയിലേക്ക് ജൂനിയർ താരങ്ങളെ നൽകിയത് പ്രതീഷായിരുന്നു. ചിത്രീകരണത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമായതിനാൽ, പ്രതീഷ് ജൂനിയർ താരങ്ങൾക്ക് കോവിഡ് ടെസ്റ്റ് നടത്താൻ നിർമ്മാതാവ് ഗോകുലം ഗോപാലനിൽ നിന്നും പത്തു ലക്ഷത്തോളം രൂപ വാങ്ങി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.