• HOME
  • »
  • NEWS
  • »
  • crime
  • »
  • കാസർഗോഡ് വേതനം നൽകാത്തതുമായി ബന്ധപ്പെട്ട തർക്കം; ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ചു കൊലപ്പെടുത്തിയ മൂന്ന് പേര്‍ അറസ്റ്റിൽ

കാസർഗോഡ് വേതനം നൽകാത്തതുമായി ബന്ധപ്പെട്ട തർക്കം; ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ചു കൊലപ്പെടുത്തിയ മൂന്ന് പേര്‍ അറസ്റ്റിൽ

ശനിയാഴ്ച രാത്രി ഏകദേശം 10 മണിയോടെയാണ് കൊലപാതകം നടന്നത്. പിന്നീട് പ്രതികൾ തന്നെ നാട്ടുകാരെ വിളിച്ച് തങ്ങളുടെ കൂടെയുള്ള ഒരാൾ ഹൃദയഘാതം മൂലം മരിച്ചു കിടക്കുന്നതായി അറിയിച്ചത്.

  • Share this:

    കാസർകോട്: നീലേശ്വരത്തു ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. സംഭവത്തിൽ മൂന്നുപേരെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം നാലിന് രാത്രി കോട്ടപ്പുറം ഗ്രീൻ സ്റ്റാർ ക്ലബിന് സമീപമുള്ള വാടക വീട്ടിൽ തമിഴ്‌നാട് സ്വദേശി രമേശൻ (42) ആണ് കൊല്ലപ്പെട്ടത്. രമേശൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നായിരുന്നു പ്രതികൾ ആദ്യം പറഞ്ഞത്.

    കോട്ടപ്പുറം -കടിഞ്ഞിമൂല പാലത്തിന്റെ പൈലിങ് ജോലി ചെയ്യുന്ന തൊഴിലാളികൾ താമസിക്കുന്ന വാടക കെട്ടിടത്തിൽ ആണ് കഴിഞ്ഞ ശനിയാഴ്ച രമേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കെട്ടിടത്തിൽ മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളും അടക്കം 11 പേരാണ് താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി ഏകദേശം 10 മണിയോടെയാണ് കൊലപാതകം നടന്നത്. പിന്നീട് പ്രതികൾ തന്നെ നാട്ടുകാരെ വിളിച്ച് തങ്ങളുടെ കൂടെയുള്ള ഒരാൾ ഹൃദയഘാതം മൂലം മരിച്ചു കിടക്കുന്നതായി അറിയിച്ചത്.

    മൂക്കിലും, വായയിലും, ചെവിയിലൂടെയും രക്തം ഒഴുകിയ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാർ വിവരം നീലേശ്വരം പോലീസിൽ അറിയിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തി ഈ വീട്ടിൽ താമസിച്ചിരുന്ന 11 പേരെയും വിശദമായി ചോദ്യം ചെയ്തു. ഇതോടെ കേസിന്റെ ചുരുൾ അഴിഞ്ഞു. പ്രതികൾ ആവശ്യപ്പെട്ട വേതനം നൽകാത്തതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട രമേശനുമായുണ്ടായ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസിൽ വാത്തുരുത്തി സ്വദേശി 54 കാരനായ കെപി ബൈജുവാണ് ഒന്നാം പ്രതി. ഇയാൾ എറണാകുളം സെൻട്രൽ പൊലീസ്, വൈപ്പിൻ, ഐലന്റ് ഹാർബർ പൊലീസ്, തോപ്പുംപടി പൊലീസ് എന്നിവിടങ്ങളിലായി 14 കേസുകളിൽ പ്രതിയാണ്.

    Also read-കോഴിക്കോട് ട്രെയിനിൽനിന്ന് യാത്രക്കാരനെ തള്ളിയിട്ട് കൊന്നു; തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ

    കേസിൽ രണ്ടാം പ്രതി മുഹമ്മദ്‌ ഫൈസൽ കളമശേരി സ്വദേശിയാണ്. 43 വയസുണ്ട്. നോർത്ത് പറവൂർ പെരുമ്പള്ളി പറമ്പിൽ വീട്ടിൽ ഡാനിയേൽ ബെന്നിയാണ് കേസിൽ മൂന്നാം പ്രതി. നീലേശ്വരം സിഐ പ്രേം സദൻ, എസ്ഐ ശ്രീജേഷ്, എസ് സി പി ഒമാരായ ഗിരീഷ്, മഹേഷ്‌, സിപിഒമാരായ പ്രബീഷ്, ഷാജിൽ, ഷിജു, ഡാൻസഫ് സ്‌ക്വാഡ് അംഗങ്ങളായ രാജേഷ് മാണിയാട്ട്, ഹരീഷ് എന്നിവരുൾപ്പെട്ട സംഘമാണ് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

    Published by:Sarika KP
    First published: