തെലങ്കാനയില്‍ യുവാക്കള്‍ക്ക് ആയുധപരിശീലനം നല്കിയ 3 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍. നിസാമാബാദ് ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മതവിദ്വേഷം സൃഷ്ടിക്കാനും 2 വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളർത്തുന്നതിനായി ഗൂഢാലോചന നടത്തിയതിനും ഇവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.
നിസാമാബാദ് നഗരത്തിലെ താമസക്കാരായ ഷെയ്ഖ് ഷാദുള്ള (40), മുഹമ്മദ് ഇമ്രാൻ (22), മുഹമ്മദ് അബ്ദുൾ മൊബിൻ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറ് മാസമായി ആയോധന കലകളിലും ആയുധങ്ങളിലും റിക്രൂട്ട് ചെയ്യുന്ന യുവാക്കള്‍ക്ക് പരിശീലനം നല്‍കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കരാട്ടെ, കുങ്ഫു, മാരകായുധങ്ങൾ എന്നിവയിൽ പിഎഫ്ഐ റിക്രൂട്ട്മെന്റ് നടത്തുന്നവരെ പരിശീലിപ്പിക്കാൻ ജഗ്തിയാൽ സ്വദേശിയായ അബ്ദുൾ ഖാദറിനെ പ്രതികൾ ആറ് ലക്ഷം രൂപയ്ക്ക് വാടകയ്ക്കെടുത്തതായി നിസാമാബാദ് പോലീസ് പറഞ്ഞു.
2017ൽ ഷാദുള്ള പിഎഫ്ഐയിൽ ചേർന്നതായും മറ്റ് രണ്ട് പേർ ഇയാള്‍ക്ക് പിന്നാലെ സംഘടനയുടെ ഭാഗമായി എത്തിയതാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി നിസാമാബാദ് ടൗണിലെ ഓട്ടോനഗറിലെ വീടിന്റെ മുകൾ ഭാഗത്ത് കുങ്ഫു, കരാട്ടെ, മറ്റ് ആയോധന കലകൾ എന്നിവയിൽ ഇരുന്നൂറോളം യുവാക്കളെ പരിശീലിപ്പിച്ചതായി പോലീസ് കമ്മീഷണർ കെ.ആർ.നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികളിലൊരാളായ ഖാദർ, നിയമ ബോധവൽക്കരണം, ശാരീരികവും മാനസികവുമായ കാര്യക്ഷമത എന്നിവയെക്കുറിച്ച് ശിൽപശാലകൾ നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി.
തെലങ്കാനയിലെ നിസാമാബാദ്, അദിലാബാദ്, ആന്ധ്രാപ്രദേശിലെ കുർണൂൽ , കടപ്പ ജില്ലകളിൽ നിന്നാണ് ഈ യുവാക്കളെ റിക്രൂട്ട് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ജൂലൈ നാലിന് ഖാദറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിനെ തുടര്‍ന്നാണ് മറ്റ് മൂന്ന് പിഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യിൽ നിന്ന് കത്തികളും വടികളും ലഘുലേഖകളും പോലീസ് പിടിച്ചെടുത്തു.
തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഉടനീളം വർഗീയ സംഘർഷം ഉണ്ടാക്കാൻ പ്രതികൾ തയ്യാറെടുത്തിരുന്നതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. പരിശീലനം നല്‍കാനുള്ള കൂടുതല്‍ യുവാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലായുരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു. ഇതുവരെ പരിശീലനം ലഭിച്ചവരെ കണ്ടെത്താനും എന്തെങ്കിലും ദൗത്യങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിൽ അതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.