തിരുവനന്തപുരം: സംസ്ഥാനത്ത് സെക്സ് ചാറ്റിംഗ് ബ്ലാക്ക് മെയിലിൽ കുടുങ്ങി നിരവധി പേർ. പ്രമുഖ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ ഇരുപത്തിയഞ്ചോളം പേരാണ് ഇതുവരെ തട്ടിപ്പിനിരയായത്. എന്നാൽ ആരും കേസ് നൽകാൻ തയ്യാറാകുന്നില്ലെന്ന് ഹൈടെക് സെൽ അഡീഷണൽ എസ് പി E S ബിജുമോൻ ന്യൂസ് 18 നോട് പറഞ്ഞു.
ഫേസ്ബുക്കിൽ സുന്ദരികളായ സ്ത്രീകളുടെ ഫോട്ടോയുള്ള ഐ ഡി കളിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് വരുന്നതോടെയാണ് തട്ടിപ്പിൻ്റെ തുടക്കം. തുടർന്ന് മെസഞ്ചറിൽ സൗഹൃദപരമായ സംഭാഷണങ്ങൾ ആരംഭിക്കും. ഇതിനിടയിൽ വാട്സ്ആപ്പ് നമ്പറും വാങ്ങും. തുടർന്നുള്ള സംഭാഷണങ്ങൾ വാട്സ് ആപ്പിലാണ് നടക്കുക.
സൗഹൃദം ഒരാഴ്ച പിന്നിടുന്നതോടെ സംഭാഷണങ്ങൾ സെക്സ് ചാറ്റിലേക്ക് കടക്കും. തുടർന്ന് വീഡിയോ കോളിൽ നൂഡ് ചാറ്റിംഗിനായി സ്ത്രീകൾ ക്ഷണിക്കും. ഇതിന് തയ്യാറാകുന്നതോടെ കെണി പൂർത്തിയാകും. ഈ രംഗങ്ങൾ റെക്കോർഡ് ചെയ്യപ്പെടും. പിറ്റേ ദിവസമാണ് വാട്സ്ആപ്പിലേക്ക് റെക്കോർഡ് ചെയ്ത വീഡിയോകൾ അയക്കുക.
പണം തന്നില്ലെങ്കിൽ യു ട്യൂബ്, വാട്സാപ്പ് തുടങ്ങി സോഷ്യൽ മീഡിയകളിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും. മാനഹാനി ഭയന്ന് പലരും അവർ പറയുന്ന തുക ഗൂഗിൾ പേ, ഫോൺ പേ എന്നിവ വഴി അയക്കും. എന്നാൽ ആദ്യം പണംനൽകി തടിയൂരാൻ ശ്രമിക്കുന്നവരെ വീണ്ടും വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതോടെയാണ് ചിലർ പോലീസിനെ ഇക്കാര്യം അറിയിച്ചത്.
മാനഹാനി ഭയന്ന് ആരും ഔദ്യോഗികമായി ഇതുവരെ പരാതിപ്പെടാൻ തയ്യാറായിട്ടില്ല. സമൂഹത്തിലെ ഉന്നതരായ വ്യക്തികളെയാണ് തട്ടിപ്പിനായി തെരഞ്ഞെടുക്കുന്നത്. രാജസ്ഥാൻ കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. ഐപിഎസ് ഉദ്യോഗസ്ഥരുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടിയ സംഘമാണോ ഇതിനു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. നിരവധി പേർ സെക്സ് ചാറ്റ്, ബ്ലാക്ക് മെയിലിംഗിന് ഇരകളാക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.