• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest |വിനോദയാത്രയ്ക്ക് ടൂറിസ്റ്റ് ബസില്‍ സഹായികളായി 5 പേര്‍; മദ്യപിച്ച് അപമാര്യാദയായി പെരുമാറ്റം; അറസ്റ്റ്

Arrest |വിനോദയാത്രയ്ക്ക് ടൂറിസ്റ്റ് ബസില്‍ സഹായികളായി 5 പേര്‍; മദ്യപിച്ച് അപമാര്യാദയായി പെരുമാറ്റം; അറസ്റ്റ്

ഡ്രൈവറുടെ സഹായികളായി ബസില്‍ കയറിയ 5 പേര്‍ യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ബസിന്റെ മുന്നിലെ കാബിനില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത...

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    മൂവാറ്റുപുഴ: കോളേജ് വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്ക്കിടെ മദ്യപിച്ച് അപമാര്യാദയായി പെരുമാറിയ ടൂറിസ്റ്റ് ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. നിര്‍മല കോളജില്‍ നിന്ന് കുടകിലേക്കു വിനോദയാത്ര പോയ വിദ്യാര്‍ത്ഥിനികളും അധ്യാപികമാരും അടങ്ങുന്ന സംഘത്തിനാണ് ബസ് ജീവനക്കാരില്‍ നിന്നു മാനസിക പീഡനം ഉള്‍പ്പെടെയുള്ള ക്രൂരത നേരിടേണ്ടി വന്നത്.

    ബസില്‍ ഡ്രൈവറുടെ സഹായികളായി ഉണ്ടായിരുന്ന 5 പേരെയാണു യാത്രാ സംഘത്തിലെ അധ്യാപികയുടെ പരാതിയില്‍ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. നായരമ്പലം സ്വദേശി നിതീഷ്, ബത്തേരി സ്വദേശി അനൂപ്, കാലടി സ്വദേശികളായ റിജോ, പ്രവീണ്‍, അങ്കമാലി സ്വദേശി ബേസില്‍ എന്നിവരാണ് അറസ്റ്റിലായത്.

    കഴിഞ്ഞ വ്യാഴാഴ്ചയാണ് അങ്കമാലി ആസ്ഥാനമായുള്ള ട്രാവല്‍ ഏജന്‍സി ഏര്‍പ്പാടു ചെയ്ത വാഹനത്തില്‍ 30 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളും 3 അധ്യാപകരും അടക്കമുള്ള സംഘം യാത്ര പുറപ്പെട്ടത്. ഡ്രൈവറുടെ സഹായികളായി ബസില്‍ കയറിയ 5 പേര്‍ യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ബസിന്റെ മുന്നിലെ കാബിനില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയെന്നും അധ്യാപികയുടെ പരാതിയിലുണ്ട്.

    രണ്ടര ലക്ഷത്തോളം രൂപ നല്‍കി ഭക്ഷണവും താമസവും അടക്കമുള്ള ടൂര്‍ പാക്കേജാണ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ ബസില്‍ നിന്നു നല്‍കിയ പഴകിയ ഭക്ഷണം കഴിച്ച് 21 വിദ്യാര്‍ത്ഥികള്‍ക്കു ഭക്ഷ്യവിഷബാധ ഉണ്ടായി.

    വൃത്തിഹീനമായ ശുചിമുറിയില്‍ പോകാന്‍ വിദ്യാര്‍ത്ഥിനികള്‍ വിസമ്മതിച്ചപ്പോള്‍ വിജനമായ വനപ്രദേശത്ത് വാഹനം നിര്‍ത്തി പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ ബസ് ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഇതു ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ബസില്‍ നിന്ന് പുറത്തിറങ്ങി ഛര്‍ദിച്ച പെണ്‍കുട്ടികളെ കയറ്റാതെ വാഹനം പോകുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

    യാത്ര കഴിഞ്ഞ് തിരികെ വരുമ്പോള്‍ മാഹി എത്തും മുന്‍പ് 18,000 രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ വിദ്യാര്‍ത്ഥികളെ മാഹിയില്‍ ഇറക്കി വിടുമെന്നു ഭീഷണിപ്പെടുത്തി. പിന്നീട് രക്ഷിതാക്കളെ വിളിച്ച് ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിലൂടെ പണം കൈമാറുകയായിരുന്നു. ഇതിനിടെ പലവട്ടം ബസ് നിര്‍ത്തിയിട്ട് ജീവനക്കാര്‍ കിടന്നുറങ്ങുകയും ചെയ്തു.

    ഞായറാഴ്ച രാവിലെ 11ന് കോളജില്‍ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്ന ബസ് രാത്രി 9 മണിയോടെയാണ് എത്തിയത്. ബസ് വൈകിയതോടെ രക്ഷിതാക്കള്‍ കോളേജിലെത്തി. രക്ഷിതാക്കള്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി. ബസില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്ത ശേഷം 5 ജീവനക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
    Published by:Sarath Mohanan
    First published: