കോട്ടയം: ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റിലായി. നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിലെ ടിടിഇ ആയ തിരുവനന്തപുരം സ്വദേശി നിതീഷ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് കോട്ടയം റെയിൽവേ പൊലീസ് ടിടിഇയെ അറസ്റ്റ് ചെയ്തത്.
നിതീഷ് ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ടിക്കറ്റ് പരിശോധിക്കാനായി യുവതിയുടെ അടുത്തേക്ക് എത്തിയ നിതീഷ്, കോച്ച് മാറിയിരിക്കണമെന്ന് അറിയിച്ചു. അടുത്ത കോച്ചിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് ഇയാൾ യുവതിയുടെ കൈയിൽ പിടിക്കുകയായിരുന്നു.
യുവതി ബഹളംവെച്ചതിനെ തുടർന്ന് അവിടെനിന്ന് പോയ ടിടിഇ വീണ്ടും അവിടേക്ക് എത്തി ശല്യം തുടർന്നു. പുലർച്ചെ ഒരുമണിയോടെ ടിടിഇയുടെ ശല്യം അസഹനീയമായതോടെയാണ് യുവതി പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചത്. ഈ സമയം ട്രെയിൻ കോട്ടയം സ്റ്റേഷനിൽ എത്തിയിരുന്നു. അവിടെയുണ്ടായിരുന്ന റെയിൽവേ പൊലീസ് സംഘം ട്രെയിനിൽ കയറി ടിടിഇയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ടിടിഇക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്ന യുവതിയുടെ കൈയിൽ ടിടിഇ കടന്നുപിടിച്ചത് ആലുവയില്‍ വച്ചായിരുന്നു. ട്രെയിൻ എറണാകുളം വിട്ടതിനുശേഷമാണ് യുവതി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം പറഞ്ഞത്. കോട്ടയം റെയില്‍വേ പൊലീസാണ് കേസ് എടുത്തതെങ്കിലും കോടതി നടപടികള്‍ക്ക് ശേഷം, കേസുമായ ബന്ധപ്പെട്ട കാര്യം ആലുവയിലേക്ക് മാറ്റും.
Also Read- ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മന്ത്രവാദിയുടെ ജനനേന്ദ്രിയം യുവതി ഛേദിച്ചു
പിതാവ് യുവതിയെ ട്രെയിനിൽ കയറ്റിവിടുമ്പോൾ മകള്‍ ഒറ്റയ്ക്കാണന്നും ശ്രദ്ധിക്കണമെന്നും ടിടിഇയോട് പറഞ്ഞിരുന്നു. ഇതോടെയാണ് ടിടിഇ യുവതിയെ ലക്ഷ്യമിട്ട് ശല്യം ചെയ്യാൻ ആരംഭിച്ചത്. സംഭവത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Indian railway, Railway