സിനിമ-ടിവി മേഖലയിലുള്ള കൂടുതൽ പേർക്ക് മയക്കുമരുന്ന് ഇടപാടിൽ ബന്ധമുണ്ടെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. ഏറ്റവും പുതിയ സംഭവത്തിൽ പ്രശസ്ത സീരിയൽ നടി പ്രീതിക ചൗഹാൻ അറസ്റ്റിലായി. മയക്കുമരുന്ന് വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പ്രീതികയെ കില്ല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സവിതൻ ഇന്ത്യ, ദേവോ കെ ദേവ് മഹാദേവ് തുടങ്ങിയ പ്രശസ്ത ടിവി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് പ്രീതിക ചൗഹാൻ.
മുംബൈയിലെ വെർസോവയിൽ രണ്ട് സ്ഥലങ്ങളിൽ മുംബൈ എൻസിബിയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ വിന്യസിച്ചു നടത്തിയ റെയ്ഡിലാണ് അറസ്റ്റുണ്ടായത്. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷനിൽ പ്രീതിക ഉൾപ്പടെ ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണശേഷം നടന്ന മയക്കുമരുന്ന് അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്. കേസിലെ പ്രതികളുടെ എല്ലാ ബന്ധങ്ങളും എൻസിബി ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്, വിതരണക്കാർ, ഇടനിലക്കാർ, ഉപഭോക്താക്കൾ എന്നിവരുൾപ്പെടെ എല്ലാവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.
മയക്കുമരുന്നുകളുമായുള്ള ബോളിവുഡ് ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്
റിയ ചക്രവർത്തിയുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ ഇഡി വീണ്ടെടുത്തതോടെയാണ്. ഇക്കാര്യം അന്വേഷിക്കാൻ ഇഡി എൻസിബിയോട് ആവശ്യപ്പെട്ടു. നിരവധി ബോളിവുഡ് താരങ്ങൾ എൻസിബിയുടെ റഡാറിലേക്ക് വന്നു. നടിമാരായ ദീപിക പദുക്കോൺ, ശാരദ്ദ കപൂർ, സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ് എന്നിവരെ കേസിൽ ചോദ്യം ചെയ്തു.
റിയ ചക്രബർത്തിയെ സഹോദരൻ ഷോയിക് ചക്രബർത്തി, സുശാന്തിന്റെ ഹൗസ് മാനേജർ സാമുവൽ മിറാൻഡ, ജീവനക്കാരൻ ദിപേഷ് സാവന്ത് എന്നിവരെ എൻസിബി അറസ്റ്റ് ചെയ്തു. റിയയെയും ദിപേഷിനെയും ഈ മാസം ആദ്യം ജാമ്യത്തിൽ വിട്ടു. 28 ദിവസം മുംബൈയിലെ ബൈക്കുല്ല ജയിലിൽ ആയിരുന്നു റിയ.
ജൂൺ 14 നാണ് സുശാന്ത് സിംഗ് രജ്പുത്തിനെ മുംബൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.