• HOME
  • »
  • NEWS
  • »
  • crime
  • »
  • ഒൻപതാം ക്ലാസുകാരനെതിരായ പീഡനകേസിൽ ട്വിസ്റ്റ്; പെൺകുട്ടിയുടെ അച്ഛൻ മകളെ പീഡിപ്പിച്ച കേസിൽ പ്രതി

ഒൻപതാം ക്ലാസുകാരനെതിരായ പീഡനകേസിൽ ട്വിസ്റ്റ്; പെൺകുട്ടിയുടെ അച്ഛൻ മകളെ പീഡിപ്പിച്ച കേസിൽ പ്രതി

തനിക്കുപുറമെ, 11 പെണ്‍കുട്ടികളെക്കൂടി ആണ്‍കുട്ടി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞെങ്കിലും അത് വിശ്വസനീയമല്ലെന്നാണ് പൊലീസിന്റെ നിഗമനം

  • Last Updated :
  • Share this:
    കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠിയായ പതിനാലുകാരൻ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ ട്വിസ്റ്റ്. പീഡന ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്‌സോ കേസിൽ പ്രതിയായി. മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മഹാരാഷ്ട്രയിലെ ഖര്‍ഗര്‍ പോലീസ് ഇയാള്‍ക്കെതിരെ രണ്ടുവര്‍ഷം മുന്‍പ് പോക്‌സോ കേസ് എടുത്തിരുന്നു. ഈ കേസില്‍ ഇദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ് പരാതിക്കാരി.

    അതേസമയം, പീഡനം സംബന്ധിച്ച് മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ പൊലീസിനോട് പറയാന്‍ കുട്ടിയുടെ രക്ഷിതാക്കള്‍ തയ്യാറായില്ല. തനിക്കുപുറമെ, 11 പെണ്‍കുട്ടികളെക്കൂടി ആണ്‍കുട്ടി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞെങ്കിലും അത് വിശ്വസനീയമല്ലെന്നാണ് പൊലീസിന്റെ നിഗമനം. സ്‌കൂള്‍ അധികൃതരും ഈ മൊഴികള്‍ വ്യാജമാണെന്ന് പറയുന്നു. കാരണം, വേറൊരു കുട്ടിയും പരാതിയുമായി വന്നിട്ടില്ല.

    Also Read- കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു; നാലംഗ സംഘത്തിനായി തിരച്ചിൽ

    താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് ആണ്‍കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. കഞ്ചാവ് തരുന്ന ആളുകളുടെ പേര് അറിയില്ലെന്നും കണ്ടാല്‍ തിരിച്ചറിയാമെന്നുമാണ് പറയുന്നത്. ഈ ആണ്‍കുട്ടിക്ക് കഞ്ചാവ് നല്‍കുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പെണ്‍കുട്ടിയാണ് തനിക്ക് ആദ്യം മയക്കുമരുന്ന് തന്നതെന്നാണ് ആണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. കഞ്ചാവും ഹുക്കയും വലിക്കുന്ന ചിത്രം പെണ്‍കുട്ടി സ്വയം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

    കേരളത്തിന് പുറത്തായിരുന്ന പെണ്‍കുട്ടിയുടെ അമ്മ ബുധനാഴ്ച കണ്ണൂരിലെത്തി. പീഡനത്തിനിരയായ മകളെ ദൃശ്യമാധ്യങ്ങള്‍ക്കു മുന്നില്‍ രക്ഷിതാവ് ഹാജരാക്കുന്നതും കുട്ടിയുടെ ചിത്രമെടുക്കുന്നതും നിയമവിരുദ്ധമാണ്. ദൃശ്യമാധ്യമങ്ങളെ വിളിച്ചുവരുത്തി അവരുടെ മുന്നില്‍ മകളെക്കൊണ്ട് മൊഴി നല്‍കിച്ചത് കുട്ടിയുടെ പിതാവാണ്. ദുരൂഹതകള്‍ ഏറെയുള്ള കേസിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കേരളത്തിന് പുറത്തായിരുന്ന പെണ്‍കുട്ടിയുടെ കുടുംബം എട്ടുമാസം മുന്‍പാണ് കണ്ണൂരില്‍ താമസം തുടങ്ങിയത്.

    പെൺകുട്ടി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് ഇങ്ങനെ

    ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ് ആരോപണം ഉന്നയിച്ചത്. തനിക്കുപുറമെ 11-ഓളം വിദ്യാര്‍ഥിനികളെ ഒന്‍പതാം ക്ലാസുകാരന്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. വിദ്യാര്‍ഥി ബെംഗളൂരുവിലും മറ്റും പോകാറുണ്ടെന്നും കക്കാട്ടുനിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.

    Also Read- 6000 കോടി രൂപ തട്ടിയെടുത്ത് സഹോദരങ്ങൾ മുങ്ങി; നിക്ഷേപകരെ പേടിച്ച് ഏജന്‍റ് ജീവനൊടുക്കി; തമിഴ്നാട്ടിൽ വൻ നിക്ഷേപ തട്ടിപ്പ്

    പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ പതിനാലുകാരന്‍ ജാമ്യത്തിലിറങ്ങി. ഈ വിദ്യാര്‍ഥിയെ സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടിയും സ്‌കൂള്‍ വിട്ടു. ഫെബ്രുവരിക്കുശേഷമാണ് സംഭവങ്ങളുടെ തുടക്കമെന്ന് പെണ്‍കുട്ടി പറയുന്നു. അടുത്ത സൗഹൃദം സ്ഥാപിക്കുകയും പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്ത ശേഷമാണ് മയക്കുമരുന്ന് നല്‍കിത്തുടങ്ങിയത്. ടെന്‍ഷന്‍ മാറ്റാന്‍ നല്ലതാണെന്ന് പറഞ്ഞാണ് ആദ്യം നല്‍കിയത്. പിന്നീട് പെണ്‍കുട്ടി മയക്കുമരുന്നിന് അടിമപ്പെട്ടു.

    ദുരൂഹത

    മയക്കുമരുന്ന് നല്‍കി സഹപാഠിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു പരാതി മാത്രമേ കിട്ടിയിട്ടുള്ളൂവെന്ന് കേസന്വേഷിക്കുന്ന കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി എ.ബിജുമോഹന്‍ പറഞ്ഞിരുന്നു. കേള്‍ക്കുന്ന വിവരങ്ങളില്‍ ഒരുപാട് ദുരൂഹതയുണ്ട്. പോലീസ് എല്ലാ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസെടുത്തു. കേസിനെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്ന് പോലീസ് കമ്മിഷണര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, സ്‌കൂള്‍ പ്രഥമാധ്യാപകന്‍ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചെയര്‍മാന്‍ കെ.വി.മനോജ്കുമാര്‍ പറഞ്ഞു.
    Published by:Rajesh V
    First published: