നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൊല്ലം ഇരവിപുരത്ത് പശുവിനോട് ക്രൂരത കാട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍

  കൊല്ലം ഇരവിപുരത്ത് പശുവിനോട് ക്രൂരത കാട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍

  പശുക്കുട്ടിയെ ഉപേക്ഷിച്ച് സ്ഥലം വിട്ട സംഘത്തിലെ സുമേഷ് പനമൂട് ക്ഷേത്ര വഞ്ചി കുത്തി തുറന്ന് മോഷണം നടത്തി.

  • Share this:
   കൊല്ലം: ഇരവിപുരത്ത് പശുവിനോട് ക്രൂരത കാട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. മയ്യനാട് സ്വദേശി സുമേഷ്, അഞ്ചാലുംമൂട് സ്വദേശി ഹരി എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ഇരവിപുരം സ്വദേശിയായ ജയചന്ദ്രന്റെ പശുക്കിടാവിനോടാണ് ഇവര്‍ ക്രൂരത കാട്ടിയത്.

   ഇരവിപുരം പനമ്മൂട് സ്വദേശി ജയചന്ദ്രന്റെ പശുകിടാവിനോട് ക്രൂരത കാണിച്ച് കൊലപ്പെടുത്തിയ യുവാക്കളെയാണ് പോലീസ് പിടികൂടിയത്. പിടിയിലായ മയ്യനാട് സ്വദേശി സുമേഷ്, അഞ്ചാലൂമൂട് സ്വദേശി ഹരി എന്നിവരെ റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച വെളുപ്പിന് ഇവര്‍ ഇരവിപുരം തെക്കുംഭാഗം പനമ്മൂട് സ്വദേശിയായ ജയചന്ദ്രന്റെ 20 മാസം പ്രായമുളള പശുക്കുട്ടിയെ തെങ്ങിനോട് ചേര്‍ത്ത് കെട്ടി അതിക്രമം കാട്ടവെ കഴുത്തിലെ കുരുക്ക് മുറുകി പശുക്കുട്ടിക്ക് ജീവന്‍ നഷ്ടമായി.

   പശുക്കുട്ടിയെ ഉപേക്ഷിച്ച് സ്ഥലം വിട്ട സംഘത്തിലെ സുമേഷ് പനമൂട് ക്ഷേത്ര വഞ്ചി കുത്തി തുറന്ന് മോഷണം നടത്തി. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് ഇയാളെ സംബന്ധിച്ച സൂചന പോലീസിന് ലഭിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പശുവിനോട് ക്രൂരത കാട്ടിയത് വ്യക്തമായി. ഇയാളെ ധവളക്കുഴിയില്‍ നിന്നും പശുവിനെ കൊലപ്പെടുത്താന്‍ കൂട്ടു നിന്ന ഹരിയെ പനയത്തെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. ഇരവിപുരം ഇന്‍സ്‌പെക്ടര്‍ വി.വി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

   കന്നുകാലികളോട് ലൈംഗിക അതിക്രമം കാട്ടുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുന്ന സൈക്കോ ക്രിമിനലിനെ കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാരുടെ വിഷമാവസ്ഥ നേരത്തെ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു.

   ഈ സൈക്കോ ക്രിമിനല്‍ എന്ന് കരുതുന്ന യുവാവിനെ നേരത്തെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചെങ്കിലും ഇയാള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് കേസെടുക്കാതെ ഇരവിപുരം പോലീസ് വിട്ടയച്ചതായി പരാതിയുയര്‍ന്നിരുന്നു. പിന്നീട് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ അന്വേഷണം ഊര്‍ജിതമായി. കൊല്ലം മയ്യനാട് പഞ്ചായത്ത് 10-ാം വാര്‍ഡിലെ ഇരുപതോളം ക്ഷീരകര്‍ഷകരുടെ കന്നുകാലികളാണ് ഇതുവരെ ക്രൂരമായി ഉപദ്രവിക്കപ്പെട്ടത്.

   മയ്യനാട് റെയില്‍വേ സ്റ്റേഷനു സമീപം രാജ് ഭവനില്‍ ക്ഷീരകര്‍ഷകനായ തമ്പിയുടെ കന്നുകാലികളെ കഴിഞ്ഞ 8 മാസത്തിനിടയില്‍ അഞ്ചിലേറെ തവണ ഉപദ്രവിച്ചതായി തമ്പി പറയുന്നു. ഇയാള്‍ കന്നുകാലികളെ ഉപദ്രവിക്കുന്നത് കണ്ട ദൃക്‌സാക്ഷി കൂടിയാണ് തമ്പി.

   രാത്രിയില്‍ വീടുകളുടെ മതിലുകള്‍ ചാടി അകത്തു കടക്കുന്ന ഇയാള്‍ തൊഴുത്തുകളില്‍ കെട്ടിയിരിക്കുന്ന പശുക്കളെ കയര്‍ കൊണ്ട് വരിഞ്ഞു മുറുക്കി ലൈംഗികമായി ഉപദ്രവിക്കുകയും പശുക്കളുടെ അകിടില്‍ പാറക്കല്ലു കൊണ്ട് പരിക്കേല്‍പ്പിക്കുകയുമാണ് പതിവെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു.

   ഇക്കഴിഞ്ഞ ഓഗസ്റ്റ് പത്താം തീയതി പുലര്‍ച്ചെ രണ്ട് മണിയോടെ തൊഴുത്തില്‍ നിന്നും ശബ്ദം കേട്ട് പുറത്തിറങ്ങിയ തമ്പി ഈ യുവാവിനെ നേരില്‍ കാണുകയും ഇയാളെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ തമ്പിയുടെ വീട്ടിലെത്തിയതിന്റെ സി.സി.ടി.വി ദൃശ്യവും ലഭിച്ചിരുന്നു.

   കൂടാതെ പ്രദേശത്തെ മറ്റൊരു ക്ഷീരകര്‍ഷകനായ മയ്യനാട് മീനാ ഭവനില്‍ ഗോപകുമാറിന്റെ പശുക്കിടാവിനെ വീടിന്റെ തൂണുകളില്‍ വലിച്ചുമുറുക്കി കെട്ടി ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. ഇവിടെയും മൂന്നോളം തവണ കന്നുകാലികളെ ഉപദ്രവിച്ചിട്ടുണ്ട്.

   പ്രദേശത്തെ മറ്റു പല ക്ഷീരകര്‍ഷകരുടെയും പശുക്കള്‍ക്ക് നേരെയും സമാനമായ സംഭവങ്ങള്‍ ഉണ്ടായി. സെപ്റ്റംബര്‍ രണ്ടാം തീയതി തന്റെ വീടിനു മുന്നിലൂടെ നടന്നു പോയ യുവാവ് ഈ സൈക്കോ ക്രിമിനലാണെന്ന് തിരിച്ചറിഞ്ഞ തമ്പി മറ്റ് ക്ഷീരകര്‍ഷകരെ വിവരമറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടി ഇരവിപുരം പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ച് മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണിയ്ക്ക് ഉള്‍പ്പെടെ പരാതി നല്‍കുകയും ചെയ്തു.

   അതിക്രമത്തെ ഭയന്ന് പല ക്ഷീരകര്‍ഷകരും തങ്ങളുടെ ഓമനകളായി വളര്‍ത്തി വന്ന പശുക്കളെ കിട്ടിയ വിലക്ക് വിറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. വേറെ വരുമാന മാര്‍ഗങ്ങളില്ലാത്ത തമ്പിയെ പോലെയുള്ള ക്ഷീരകര്‍ഷകരുടെ വേദനയ്ക്കാണ് ഇപ്പോള്‍ പരിഹാരമായത്.
   Published by:Sarath Mohanan
   First published:
   )}