പാലക്കാട്: ഒഎല്‍എക്സിലെ പരസ്യം (OLX ad) കണ്ട് വാഹനം വാങ്ങാനെത്തി വാഹനവുമായി മുങ്ങിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. കോഴിക്കോട് അത്തോളി പാവങ്ങാട് രാരോത്തുതാഴെ ദാറുല്‍മിനാ വീട്ടില്‍ മുഹമ്മദ് സല്മാന് (24), തൃശ്ശൂര്‍ ഗുരുവായൂര്‍ ഇരഞ്ഞിപ്പുറകര പുത്തന്‍പള്ളി കുറുപ്പം വീട്ടില്‍ മുഹമ്മദ് അസ്ലം (24) എന്നിവരാണ് കസബ പോലീസിന്റെ പിടിയിലായത്.
2021 ഡിസംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുതുശ്ശേരി കുരുടിക്കാട് ഉദയനഗറില്‍ സുനില്‍കുമാറിന്റെ മോട്ടോര്‍ സൈക്കിള്‍ ഒഎല്‍എക്സില്‍ വില്പനയ്ക്കുവെച്ചിരുന്നു. സുനില്‍ കുമാറിനെ സമീപിച്ച് വാഹനം ഓടിച്ചുനോക്കാന് താക്കോല്‍ വാങ്ങിയശേഷം ഇവര്‍ വാഹനവുമായി കടന്നുകളയുകയായിരുന്നു.
സിസിടിവികള്‍ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മോഷണത്തിനായി പാലക്കാട്ടേക്ക് ഇരുവരും വന്നത് വയനാട്ടില്‍ നിന്ന് മോഷ്ടിച്ച മറ്റൊരു സ്കൂട്ടറിലാണെന്ന് പോലീസ് പറഞ്ഞു. ആ സ്കൂട്ടര്‍ ഉപേക്ഷിച്ചാണ് സുനിലിന്റെ വാഹനവുമായി പ്രതികള്‍ കടന്നത്. ഈ മോട്ടോര്‍സൈക്കിള്‍ എറണാകുളത്തുനിന്ന് കണ്ടെത്തി. ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും മോഷ്ടിച്ചതാണെന്ന് പോലീസ് പറഞ്ഞു.
Arrest |ഓഹരിവിപണിയില്‍ പണം നഷ്ടപ്പെട്ടു; കത്തി കാണിച്ച് ബാങ്ക് കൊള്ളയടിച്ച് യുവ എഞ്ചിനീയര്‍; അറസ്റ്റില്‍
ബെംഗളൂരു: ഓഹരിവിപണിയില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് കൊള്ളയടിച്ച യുവ എന്‍ജിനിയറെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കാമാക്ഷിപാളയ സ്വദേശി എസ്. ധീരജ് (28) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 85.38 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും പണവും പോലീസ് പിടിച്ചെടുത്തു.
ഈ മാസം 14നാണ് ധീരജ് എസ്ബിഐ മഡിവാള ശാഖ കൊള്ളയടിച്ചത്. വൈകീട്ട് ആറുമണിയോടെ മുഖംമൂടി ധരിച്ചെത്തിയ ധീരജ് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 3.76 ലക്ഷംരൂപയും 1.89 കിലോഗ്രാം സ്വര്‍ണവും കൊള്ളയടിക്കുകയായിരുന്നു.
ശാഖാ മാനേജരുടെ പരാതിയില്‍ കേസെടുത്ത പോലീസ് സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഓഹരി വിപണിയില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ധീരജ് സുഹൃത്തുക്കളില്‍നിന്നായി 35 ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നതായി പോലീസ് കണ്ടെത്തി. ധനകാര്യസ്ഥാപനത്തില്‍നിന്ന് വായ്പയും എടുത്തിരുന്നു.
Arrest |നെഗറ്റീവ് എനര്‍ജി മാറ്റി തരാമെന്ന് വാഗ്ദാനം ചെയ്ത് 32 ലക്ഷം തട്ടിയെടുത്തു; സ്വയം പ്രഖ്യാപിത 'ആള്‍ദൈവം' പിടിയില്‍
മുംബൈ: നെഗറ്റീവ് എനര്‍ജി മാറ്റി തരാമെന്ന് വാഗ്ദാനം ചെയ്ത് ഒരു കുടുംബത്തില്‍ നിന്നും 32 ലക്ഷം തട്ടിയെടുത്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. താനെയിലാണ് സംഭവം.
കേസില്‍ 28 വയസുള്ള പവന് പാട്ടീല്‍ ആണ് പോലീസിന്റെ പിടിയിലായത്. ബാധ ഒഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിവിധ പൂജകളുടെ പേരിലാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തതെന്ന് കുടുംബം പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
പ്രിയങ്ക റാണെയുടെ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ കുടുംബത്തെയാണ് ഇയാള്‍ തട്ടിപ്പിനിരയാക്കിയത്. പ്രിയങ്ക റാണെയുടെ അമ്മ മുന്‍ സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥയായിരുന്നു. അച്ഛന്റെ കാന്‍സര്‍ ഭേദമാക്കി തരാമെന്നും ഭര്‍ത്താവിന് ഉടന്‍ തന്നെ ജോലി ലഭിക്കുമെന്നും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഭര്‍ത്താവിന് ജോലി കിട്ടിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അച്ഛന് മരിച്ചതായി പരാതിയില്‍ പറയുന്നു.
ചിലര്‍ കുടുംബത്തിനെതിരെ ആഭിചാരം ചെയ്തത് കൊണ്ടാണ് കുടുംബ പ്രശ്നങ്ങള്‍ എന്നും ഇതുപരിഹരിക്കാന് ബാധ ഒഴിപ്പിച്ചു തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. ബാധ ഒഴിപ്പിക്കാനായി ചില പൂജകള്‍ ചെയ്യണമെന്നും ഇതിനായി പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. വിവിധ പൂജകളുടെ പേരില്‍ 32 ലക്ഷം രൂപ യുവാവ് തട്ടിയെടുത്തു എന്നാണ് പരാതിയില്‍ പറയുന്നത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.