• HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Seized |എറണാകുളത്ത് വൻ മയക്ക്മരുന്ന് വേട്ട; രണ്ട് പേർ പിടിയിൽ

Drug Seized |എറണാകുളത്ത് വൻ മയക്ക്മരുന്ന് വേട്ട; രണ്ട് പേർ പിടിയിൽ

പന്ത്രണ്ടര കിലോ കഞ്ചാവും ഒന്നര കിലോ ഹാഷിഷും പിടികൂടി.

  • Share this:
എറണാകുളം ജില്ലയിൽ വൻ മയക്കുമരുന്ന് (drugs) വേട്ട. അങ്കമാലിയിൽ നിന്നും പത്ത് കിലോ കഞ്ചാവും ഒന്നരകിലോ ഹാഷിഷ് ഓയിലും പിടികൂടി. നോർത്ത് പറവൂരിൽ നിന്ന് രണ്ടര കിലോ കഞ്ചാവും ഒൻപത് ഗ്രാം ഹാഷിഷുമാണ് പിടിച്ചെടുത്തത്. കീഴ്മാട് സ്വദേശി അഖിൽരാജ്, കരുമാലൂർ സ്വദേശി  ഷാഹുൽ ഹമീദ് എന്നിവരെ പോലീസ് അറസ്റ്റ് (arrest) ചെയ്തു.

മുനമ്പം ഡി.വൈ.എസ്.പി എസ്. ബിനുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസ് പരിശോധന നടത്തിയത്. പറവൂരിൽ മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച കാറിൽ നിന്നും പ്രതികളിലൊരാളുടെ വാടക വീട്ടിൽ നിന്നുമാണ്  ലഹരി വസ്തുക്കൾ കണ്ടെടുത്തത്. അങ്കമാലിയിൽ ഒരു ഫ്ലാറ്റിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.

റൂറൽ ജില്ലയിൽ മയക്കുമരുന്ന് പിടികൂടുന്നതിന് മൂന്നാം തീയതി മുതൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടന്നുവരികയാണ്. ഇതിന്‍റെ ഭാഗമായുള്ള ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്. രണ്ട് ദിവസത്തെ ഓപ്പറേഷനിൽ 32 കേസുകൾ രജിസ്റ്റർ ചെയ്തു. 36 പേർക്കെതിരെ കേസെടുത്തു.

അന്വേഷണ സംഘത്തിൽ മുനമ്പം ഡി.വൈ.എസ്.പി എസ്.ബിനു, പറവൂർ ഇൻസ്പെക്ടർ ഷോജോ വർഗ്ഗീസ്, എസ്.ഐമാരായ പ്രശാന്ത് പി നായർ, ബിജു.സി.ആർ, എ.എസ്.ഐ അഭിലാഷ്, പോലീസുകാരായ ശരത് ബാബു, ബ്രിജിൻ, സൂരജ്, ആസാദ്, ബിന്ദു എന്നിവരാണ് ഉണ്ടായിരുന്നത്.

നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ചാലക്കുടി വടമ പുളിയിലക്കുന്ന് കോക്കാട്ടിൽ വീട്ടിൽ ജോയിയെ ആണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് (crime branch)അറസ്റ്റ് ചെയ്തത്. എയർപോർട്ടിൽ വിവിധ തസ്തികളിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ലക്ഷങ്ങൾ തട്ടിയത്.

കോഴിക്കോട് താമരശ്ശേരി സ്വദേശി അരുൺ കുമാറിന് ജൂനിയർ അസിസ്റ്റൻറ് മാനേജർ തസ്തികയിലേക്കാണ് ജോലി വാഗ്ദാനം ചെയ്തത്. അഞ്ച് ലക്ഷം രൂപ വാങ്ങിയ ശേഷം അരുൺ കുമാറിന് വ്യാജ അപ്പോയ്മെന്‍റ് ഓർഡർ നൽകി.  എയർപോർട്ട് അധികൃതരുമായി ഇദ്ദേഹം ബന്ധപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് അധികൃതർ പരാതി നൽകുകയായിരുന്നു.

എസ്.പിയുടെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. സമാനമായ തട്ടിപ്പിൽ ജോയിക്കെതിരെ നെടുമ്പാശേരി, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിലായി എട്ട് കേസുകളുണ്ട്. എയർപോർട്ടിൽ വേണ്ടപ്പെട്ട ആളുകൾ ഉണ്ടെന്ന് പറഞ്ഞാണ് ഇയാൾ ഉദ്യോഗാർത്ഥികളെ സമീപിക്കുന്നത്. സ്വകാര്യ ഹെൽത്ത് പ്രൊഡക്ട്സിന്‍റെ നെറ്റ് വർക്ക് സെയിൽസിലാണ് ജോയി ജോലിചെയ്യുന്നത്.

ഇതിന്റെ മറവിലാണ് ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതും തട്ടിപ്പ് നടത്തുന്നതും. ഉദ്യോഗാർത്ഥികളെ ഇന്‍റർവ്യൂവിന് എന്നും പറഞ്ഞ് പല പ്രാവശ്യം എയർപോർട്ടിലേക്ക് വിളിച്ചു വരുത്തുകയും ഓരോ കാരണം ചൂണ്ടിക്കാട്ടി  ഇന്‍റർവ്യൂ മാറ്റി വച്ചെന്ന് പറഞ്ഞ് ഒഴിവാക്കി വിടുകയുമാണ് പതിവ്. എയർ പോർട്ടിന്‍റെ വ്യാജ ലറ്റർ പാഡ് തയ്യാറാക്കി അതിലാണ് നിയമന ഉത്തരവ് നൽകുന്നത്.

കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വി.രാജീവ്, എസ്.ഐമാരായ എൻ. സാബു, പി.സി പ്രസാദ്, എ. എസ്. ഐ ഗോപകുമാർ, എസ്.സി.പി.ഒ മാരായ കെ.എച്ച്.മുഹമ്മദാലി, ജോയി ചെറിയാൻ, ശരത്കുമാർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
എയർപോർട്ടിൽ നിയമനം നടത്തുന്നത് അധികൃതർ ഔദ്യോഗിക സംവിധാനങ്ങൾ വഴിയാണെന്നും ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണമെന്നും എസ് . പി കെ. കാർത്തിക്ക് പറഞ്ഞു.

Published by:Sarath Mohanan
First published: