• HOME
 • »
 • NEWS
 • »
 • crime
 • »
 • കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസ്; രണ്ട് പ്രതികളെ മുംബൈയിൽ നിന്നും പോലീസ് പിടികൂടി

കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസ്; രണ്ട് പ്രതികളെ മുംബൈയിൽ നിന്നും പോലീസ് പിടികൂടി

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 33 ആയി

ഷബീബ് റഹ്മാൻ, മുഹമ്മദ് നാസ്

ഷബീബ് റഹ്മാൻ, മുഹമ്മദ് നാസ്

 • Share this:
  കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ ആസൂത്രണ കേസിൽ രണ്ട് പേരെ മുംബെയിൽ നിന്നും പിടികൂടി. മുക്കം കൊടിയത്തൂർ സംഘത്തിലെ രണ്ടു പേരാണ് ഇവർ. സഹോദരങ്ങളായ കൊടിയത്തൂർ സ്വദേശികളായ എല്ലേങ്ങൽ ഷബീബ് റഹ്മാൻ (26), മുഹമ്മദ് നാസ് (22) എന്നിവരെയാണ് മുംബൈ ഒളിത്താവളത്തിൽ നിന്നും പിടികൂടിയത്.

  മുംബൈയിൽ മയക്കുമരുന്ന് വിപണനത്തിന് കുപ്രസിദ്ധിയാർജ്ജിച്ച മസ്ജിദ് ബന്തർ എന്ന സ്ഥലത്ത് ചേരിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. എസിയും ഇൻ്റർനെറ്റ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഉള്ള റൂമിൽ ഒരു മാസത്തോളം കഴിക്കാനുള്ള ഭക്ഷണ സാധനങ്ങളും ഇവർ കരുതിയിരുന്നു.

  ഇവരുടെ സഹോദരനായ അലി ഉബൈറാനാണ് സ്വർണ്ണക്കടത്ത് മാഫിയയിലെ മുംബൈ സൗഹൃദം ഉപയോഗിച്ച് ഇവർക്ക് ഒളിച്ചു  താമസിക്കാനുള്ള സൗകര്യം ഒരുക്കിയത്. ഇയാളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാളടക്കം അഞ്ച് സഹോദരങ്ങളും ഇതിൽ പ്രതികളാണ്. ഇതോടെ ഈ സംഘത്തിൽ ഉൾപ്പെട്ട ഏഴു പേരും രണ്ട് വാഹനങ്ങളും പിടിയിലായി. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് 33 പേർ പിടിയിലായി.  ഇതുവരെ ആർക്കും തന്നെ ഈ കേസിൽ ജാമ്യം ലഭിച്ചിട്ടില്ല. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ രേഖകളില്ലാത്ത വാഹനം ഇടിച്ച് കൊലപ്പെടുത്താനുള്ള ഗൂഡാലോചന നടക്കുന്നതായുള്ള ശബ്ദസന്ദേശം അന്വേഷണ സംഘത്തിന് ലഭിച്ചതോടെ സ്വർണ്ണക്കടത്ത് സംഘങ്ങൾക്കായുള്ള അന്വേഷണം ഊർജിതമാക്കുകയായിരുന്നു.

  പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്.പി. കെ. അഷറഫ് പ്രത്യേക അന്വേഷണ സംഘങ്ങളായ കരിപ്പൂർ ഇൻസ്പക്ടർ ഷിബു, വാഴക്കാട് എസ്.ഐ. നൗഫൽ, ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി  സഞ്ജീവ്, എ.എസ്.ഐ. ബിജു സൈബർ സെൽ മലപ്പുറം, കോഴിക്കോട് റൂറൽ പോലീസിലെ സുരേഷ് വി.കെ., രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ്, ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ, എസ്.ഐമാരായ സതീഷ് നാഥ്, അബ്ദുൾ ഹനീഫ, ദിനേശ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

  കഴിഞ്ഞ ദിവസം കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ ആസൂത്രണ കേസിലെ പ്രതികളും ഇവരെ ഒളിവിൽ ഒളിവിൽ കഴിയാൻ സഹായിച്ച ആളും അടക്കം നാല്‌ പേർ കൂടി പോലീസ്  പിടികൂടിയിരുന്നു . ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുംബൈയിലേക്ക് വ്യാപിപ്പിച്ചത്.

  കൊടിയത്തൂർ സ്വദേശികളും സഹോദരങ്ങളുമായ എല്ലേങ്ങൽ അലി ഉബൈറാൻ (24), എല്ലേങ്ങൽ ഉബൈദ് അക്തർ (19), പരപ്പൻ പോയിൽ സ്വദേശി കുന്നുമ്മൽ ഗസ് വാൻ ഇബിൻ റഷീദ് (20), മുക്കം പുതിയോട്ടിൽ അർഷാദ് (24) എന്നിവരെയാണ് മുക്കം, താമരശ്ശേരി അടിവാരം എന്നിവിടങ്ങളിൽ നിന്ന് കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫിൻ്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തത്.

  സംഭവദിവസം ജൂൺ 21 ന് ഇവർ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിരുന്നു. ഇവർ വന്ന ഫോർച്ചുണർ വാഹനവും പിടിച്ചെടുത്തു. ഒളിവിൽ പോയ പ്രതികൾക്ക് സുരക്ഷിതമായി ഒളിവിൽ കഴിയാനുള്ള താമസ സ്ഥലവും, വാഹനങ്ങളും പണമടക്കമുള്ള സൗകര്യങ്ങളും നൽകിയത് അലി ആണ്. ഇയാള് തന്നെയാണ് കേസിൽ ഉൾപ്പെട്ട വാഹനം ഒളിപ്പിച്ചതും ഈ കുറ്റകൃത്യം ചെയ്തതിനാണ് അലി ഉബൈറാനെ അറസ്റ്റുചെയ്തത്.
  Published by:user_57
  First published: