നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • നടുറോഡിലിട്ട് വെട്ടിപരിക്കേൽപ്പിച്ചയാളെ വീടുകയറി തിരിച്ചു വെട്ടാൻ ക്വട്ടേഷൻ സംഘമെത്തി; കൊല്ലം പൂയപ്പള്ളിയിൽ രണ്ടുപേർ പിടിയിൽ

  നടുറോഡിലിട്ട് വെട്ടിപരിക്കേൽപ്പിച്ചയാളെ വീടുകയറി തിരിച്ചു വെട്ടാൻ ക്വട്ടേഷൻ സംഘമെത്തി; കൊല്ലം പൂയപ്പള്ളിയിൽ രണ്ടുപേർ പിടിയിൽ

  ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് മരുതമൺപള്ളിയിൽ നടുറോഡിലിട്ട് ജലജനെ സേതുരാജ് വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഇതിന് പ്രതികാരമായിട്ടാണ് സേതുരാജിനെ ആക്രമിച്ചത്.

  അറസ്റ്റിലായ ജലജനും തിലകനും

  അറസ്റ്റിലായ ജലജനും തിലകനും

  • Share this:
   കൊല്ലം: മാസങ്ങൾക്ക് മുമ്പ് നടുറോഡിലിട്ട് വെട്ടിപരിക്കേൽപ്പിച്ച ബന്ധുവിനോട് പ്രതികാരം ചെയ്യാൻ ക്വട്ടേഷൻ സംഘത്തെ ഇറക്കി സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. കൊല്ലം പൂയപ്പള്ളിയിലാണ് സംഭവം. മരുതമൺപള്ളി സ്വദേശിയായ ജലജൻ(39), സഹോദരൻ തിലകൻ(41) എന്നിവരെയാണ് പൂയപ്പള്ളി സ്റ്റേഷൻ ഹൌസ് ഓഫീസർ വിനോദ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ജലജൻ ഏർപ്പാടാക്കിയ ക്വട്ടേഷൻ സംഘത്തിന്‍റെ അക്രമത്തിൽ മരുതമൺപള്ളി പൊയ്കവിളവീട്ടിൽ സേതുരാജ് എന്നയാൾക്ക് പരിക്കേറ്റു. ഇയാളെ മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് മരുതമൺപള്ളിയിൽ നടുറോഡിലിട്ട് ജലജനെ സേതുരാജ് വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഇതിന് പ്രതികാരമായിട്ടാണ് സേതുരാജിനെ ആക്രമിച്ചത്.

   സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ സേതുരാജിന്‍റെ വീട്ടിലെത്തിയ ഏഴംഗ സംഘം ഇയാളെ തലയിലും കൈയിലും വെട്ടിപരിക്കേൽപ്പിച്ചു. ക്വട്ടേഷൻസംഘത്തിനൊപ്പം ജലജനും തിലകനും ഉണ്ടായിരുന്നതായി സേതുരാജ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അക്രമം നടക്കുമ്പോൾ സേതുരാജും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സേതുരാജ് ബഹളം വെച്ചതോടെ ക്വട്ടേഷൻ സംഘം അവിടെനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

   Also Read- വസ്തു തർക്കം; പട്ടാപ്പകൽ യുവാവിനെ നടുറോഡിൽ മൃഗീയമായി വെട്ടിപ്പരിക്കേൽപ്പിച്ചു

   തുടർന്ന് പൊലീസ് സ്ഥലത്തെത്തി സേതുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലാണ് അക്രമി സംഘം എത്തിയതെന്ന് പൊലീസ് കണ്ടെത്തി. സംഭവശേഷം ഒളിവിൽ പോയ ജലജനെയും തിലകനെയും ഇന്ന് ഉച്ചയോടെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

   സംഭവശേഷം അഞ്ചൽവെച്ച് അമിതവേഗതയിൽ പോയ ഇന്നോവ കാറിന് പൊലീസ് കൈകാണിച്ചെങ്കിലും നിർത്തിയില്ല. തുടർന്ന് വാഹനത്തിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. വാഹന ഉടമയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

   ഫെബ്രുവരി ഒന്നിനാണ് ജലജനെ മരുതമൺപള്ളി ജങ്ഷന് സമീപത്തുവെച്ച് സേതുരാജ് വെട്ടിപരിക്കേൽപ്പിച്ചത്. കൈയ്ക്കും കാലുകൾക്കും വെട്ടേറ്റ ജലജനെ പൂയപ്പള്ളി പൊലീസെത്തി രക്ഷിക്കുകയായിരുന്നു. സേതുവിനെ സംഭവസ്ഥലത്തുവെച്ചുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ജലജൻ ഏറെക്കാലം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വസ്തു തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് അന്ന് പൊലീസ് അറിയിച്ചത്.
   Published by:Anuraj GR
   First published:
   )}