കൊല്ലം: സൈഡ് ചോദിച്ചതിന് ബൈക്ക് യാത്രികനായ യുവാവിനെ കാറിൽ മദ്യപിച്ചെത്തിയവർ മർദ്ദിച്ചതായി പരാതി. പത്തനാപുരം പിറവന്തൂർ പൂവണ്ണം മൂട്ടിലാണ് സംഭവം. മർദനത്തിനിരയായ യുവാവ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പത്തനാപുരം കരിബിൻ വിള വീട്ടിൽ രഞ്ജിത്തിനാണ് മർദ്ദനമേറ്റത്.
കഴിഞ്ഞ ദിവസം വൈകിട്ട് രാത്രി 9 മണിയോടെയാണ് സംഭവം. പിറവന്തൂർ പൂവണ്ണംമൂട്ടിൽ മലയോര ഹൈവേ നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിൽ പാർക്ക് ചെയ്തിരുന്ന കാർ മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട ബൈക്ക് യാത്രികനെയാണ് മദ്യപിച്ച് കാറിൽ ഉണ്ടായിരുന്ന രണ്ടംഗസംഘം ആക്രമിച്ചത്.
ബൈക്കിൽ നിന്ന് പിടിച്ചിറക്കി പൊതിരെ തല്ലുകയും ബൈക്ക് നിലത്ത് ചവിട്ടിയിടുകയും ചെയ്തു. മർദ്ദനത്തിനിരയായി അബോധ അവസ്ഥയായ രഞ്ജിത്തിനെ നാട്ടുകാരാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത് . മർദനം കണ്ട മറ്റൊരു കാർ യാത്രികനാണ് മൊബൈലിൽ സംഘർഷരംഗം ചിത്രീകരിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് പിറവന്തൂർ സ്വദേശികളായ നിതീഷ്, ധനീഷ് കൃഷ്ണൻ എന്നിവരെ പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.