HOME /NEWS /Crime / മംഗലാപുരത്ത് നിന്ന് മൂന്നാറിലേക്ക് ലഹരിമരുന്ന് കടത്ത്: രണ്ടു യുവാക്കൾ പിടിയിൽ

മംഗലാപുരത്ത് നിന്ന് മൂന്നാറിലേക്ക് ലഹരിമരുന്ന് കടത്ത്: രണ്ടു യുവാക്കൾ പിടിയിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

മംഗലാപുരത്തു നിന്ന് കൊണ്ടുവന്ന ഹാഷിഷ് ഓയിൽ മൂന്നാറിലേക്കു കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് ഇരുവരും പിടിയിലാകുന്നത്

  • Share this:

    കോട്ടയം: മംഗലാപുരത്തു നിന്ന് മൂന്നാറിലേക്ക് ലഹരിമരുന്ന് കടത്തുന്നതിനിടെ രണ്ടു യുവാക്കൾ അറസ്റ്റിലായി. കുലശേഖരമംഗലം സുദർശനാലയത്തിൽ എസ്. രോഹിത് (24), കാസർകോട് നീലേശ്വരം വ്യൂവേഴ്‌സ് സ്ട്രീറ്റ് ശ്രീദേവി നിലയത്തിൽ പ്രത്യൂരാജ് (25) എന്നിവരാണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം മറവൻതുരുത്ത് ചുങ്കം ഭാഗത്ത് പോലിസ് വാഹന പരിശോധന നടത്തിയപ്പോഴാണ് ബൈക്കിൽ എത്തിയ യുവാക്കൾ തലയോലപ്പറമ്പ് പോലീസിന്റ പിടിയിലായത്.

    കോട്ടയം വഴി മൂന്നാറിലേയ്ക്കു തലയോലപ്പറമ്പിലൂടെ പോകുമ്പോഴാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും അഞ്ച് മില്ലിഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. മൂന്നാർ അഡ്വഞ്ചർ ടൂറിസം കേന്ദ്രത്തിലാണ് രോഹിത് ജോലി ചെയ്യുന്നത്. പ്രത്യുരാജ് മംഗലാപുരത്തു നിന്ന് കൊണ്ടുവന്ന ഹാഷിഷ് ഓയിൽ രോഹിതിനെയും കൂട്ടി മൂന്നാറിലേക്കു കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് ഇരുവരും പിടിയിലാകുന്നത്.

    ലഹരിമരുന്ന് കൈമാറുന്നതിനിടെ ഇടുക്കി പൊലീസ് അസോസിയേഷൻ നേതാവിനെ ഓടിച്ചിട്ട് പിടികൂടി; സുഹൃത്തും പിടിയിൽ

    ലഹരിമരുന്ന് കൈമാറുന്നതിനിടെ പൊലീസ് അസോസിയേഷൻ നേതാവിനെയും സുഹൃത്തിനെയും എക്സൈസ് സംഘം ഓടിച്ചിട്ട് പിടികൂടി. ഇടുക്കി എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ മുതലക്കോടം പെട്ടേനാട് മുണ്ടയ്ക്കൽ എം.ജെ.ഷാനവാസ് (33), സുഹൃത്ത് കുമാരമംഗലം കല്ലുമാരി കുന്നത്ത് ഷംനാസ് കെ.ഷാജി (33) എന്നിവരാണ് അറസ്റ്റിലായത്. നിരോധിത ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവും കൈമാറ്റം ചെയ്യുന്നതിനിടെയാണ് എക്സൈസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്.

    പൊലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും പൈനാവ് എആർ ക്യാംപിലെ അസി. ജിഡി ചുമതലയുള്ള ആളുമാണ് അറസ്റ്റിലായ ഷാനവാസ്. പ്രതികളിൽ നിന്നു 3.6 ഗ്രാം എംഡിഎംഎയും 20 ഗ്രാം ഉണക്കക്കഞ്ചാവും പിടികൂടി. ഷാനവാസ് സഞ്ചരിച്ച കാറും ഷംനാസിന്റെ ബൈക്കും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് ക്യാംപിൽ ലഹരിമരുന്ന് വിൽപന നടത്തുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി എക്സൈസ് സംഘം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.

    കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥന്റെ കാറിൽവെച്ച് ഷംനാസ്, ഷാനവാസിന് ലഹരിമരുന്നു കൈമാറുന്നതിനിടെയാണു എക്സൈസ് സംഘം വളഞ്ഞത്. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഷംനാസ് ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു.

    എ. ആർ ക്യാംപിൽ ലഹരിമരുന്ന് വിൽക്കാൻ ശ്രമിച്ചതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ മുട്ടം ജില്ലാ കോടതിയിൽ ഹാജരാക്കി. എക്സൈസ് ഇൻസ്പെക്ടർ സി. പി. ദിലീപ്, അസി. ഇൻസ്പെക്ടർ ഷാഫി, പ്രിവന്റീവ് ഓഫിസർമാരായ ഒ.എച്ച്.മൻസൂർ, പി.എ.സെബാസ്റ്റ്യൻ, പി.ദേവദാസ്, സാവിച്ചൻ മാത്യു, സിവിൽ എക്സൈസ് ഓഫിസർമാരായ എ.കെ.ദിലീപ്, എ.എൽ.സുബൈർ, ആസിഫ് അലി, അനീഷ് ജോൺ, കെ.സിന്ധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

    First published:

    Tags: Crime news, Kottayam, MDMA