കൊല്ലം: കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് കടത്തുന്നതിനിടെ സ്ഥിരം കുറ്റവാളിയും കൂട്ടാളിയും പിടിയിലായി. നിരവധി മോഷണ കേസുകളിലും, കഞ്ചാവ് കേസുകളിലും പ്രതിയായിട്ടുള്ളതും, കഞ്ചാവ് കേസിൽ കോടതി ശിക്ഷിച്ചിട്ടുള്ളതുമായ മൈലം പള്ളിക്കൽ വിശാഖം വീട്ടിൽ രാഘവൻ പിള്ളയുടെ മകൻ ബിജുകുമാർ(49), തലവൂർ കുര സുഭാഷ് ഭവനിൽ രവീന്ദ്രൻ പിള്ളയുടെ മകൻസുഭാഷ് (40) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 2.1 കിലോയിലേറെ കഞ്ചാവും പിടികൂടിയിട്ടുണ്ട്.
കൊല്ലം റൂറൽ ജില്ലയിലെ “യോദ്ധാവ് ആന്റി ഡ്രഗ് ക്യാമ്പയിന്റെ” ഭാഗമായി കൊല്ലം റൂറൽ ജില്ലാ അഡിഷണൽ എസ്. പി ജെ സന്തോഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊല്ലം സി-ബ്രാഞ്ച് ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം കൊട്ടാരക്കര പോലീസും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ബിജു കുമാറിനെ കഴിഞ്ഞ നവംബറിൽ ഏഴു കിലോ കഞ്ചാവുമായി കൊല്ലം റൂറൽ ജില്ലാ ഡാൻസാഫ് ടീം പിടികൂടിയിരുന്നു. പാലക്കാട് വാളയാർ ചെക്ക് പോസ്റ്റിൽ വച്ച് കഞ്ചാവ് പിടികൂടിയതിനു സുഭാഷ് കഴിഞ്ഞ രണ്ടു വർഷക്കാലമായി പാലക്കാട് ജില്ല ജയിലിലും തിരുവനന്തപുരം സെൻട്രൽ ജയിലിലുമായി ശിക്ഷ അനുഭവിച്ചുവരവേ ജാമ്യത്തിൽ ആയിരിക്കുമ്പോഴാണ് വീണ്ടും അറസ്റ്റിലാവുന്നത്.
കൊട്ടാരക്കര ഐ.എസ്.എച്ച്.ഒ വി.എസ് പ്രശാന്തിന്റെ നേതൃത്വത്തിൽ കൊല്ലം റൂറൽ ഡാൻസാഫ് എസ്.ഐ അനീഷ് എ , എസ്.ഐ അനിൽകുമാർ, എ.എസ്.ഐ രാധാകൃഷ്ണപിള്ള, സി.പി.ഒ മാരായ സജുമോൻ ടി, അഭിലാഷ് പി.എസ്, ദിലീപ് എസ്, വിപിൻ ക്‌ളീറ്റസ്, എസ്.സി.പി.ഒ സുനിൽ കുമാർ എന്നിവരും കൊട്ടാരക്കര പോലീസ് സ്റ്റേഷൻ എസ്.ഐ ഗോപകുമാർ, എസ്. ഐ രാജൻ ,എ.എസ്.ഐ സജീവ് ടി, എ.എസ്.ഐ ജിജിമോൾ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.