• HOME
  • »
  • NEWS
  • »
  • crime
  • »
  • മലപ്പുറം താനൂരിൽ എട്ട് കിലോ ലഹരിമരുന്നുമായി രണ്ടു യുവാക്കളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി

മലപ്പുറം താനൂരിൽ എട്ട് കിലോ ലഹരിമരുന്നുമായി രണ്ടു യുവാക്കളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി

ബസ് മാർഗം കേരളത്തിലേക്ക് വ്യാപകമായി ലഹരിമരുന്ന് എത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഡാന്‍സാഫ് ടീമിന്റെ ഓപ്പറേഷന്‍

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    ജിഷാദ് വളാഞ്ചേരി

    മലപ്പുറം: എട്ട് കിലോ കഞ്ചാവുമായി താനൂര്‍ സ്വദേശികളായ യുവാക്കളെ പോലീസ് ഓടിച്ചിട്ട് പിടികൂടി. താനൂര്‍ പുതിയ കടപ്പുറം സ്വദേശികളായ കെ.കെ നൗഫല്‍, അജീഷ് എന്ന സഹല്‍, എന്നിവരാണ് പിടിയിലായത്. ആന്ധ്രയില്‍ നിന്നും കേരളത്തില്‍ വിതരണത്തിനെത്തിച്ച കഞ്ചാവാണ് തിരൂര്‍ ഡാന്‍സഫ് ടീമിന്റെ തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടാനായത്.

    ബസ് മാർഗം കേരളത്തിലേക്ക് വ്യാപകമായി കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഡാന്‍സാഫ് ടീമിന്റെ ഓപ്പറേഷന്‍. കഞ്ചാവ് നിറച്ച ബാഗുമായി യുവാക്കള്‍ പുത്തനത്താണി ബസ് സ്റ്റാൻഡില്‍ എത്തുന്നുവെന്നായിരുന്നു രഹസ്യവിവരം. ഇതോടെ ഡാന്‍സാഫ് ടീം മഫ്തിയില്‍ ബസ് സ്റ്റാൻഡിന്‍റെ പല ഭാഗത്തും നിലയുറപ്പിച്ചു.

    വളാഞ്ചേരിഭാഗത്ത് നിന്ന് എത്തിയ സ്വകാര്യ ബസില്‍ നിന്നും പ്രതികള്‍ ബാഗും തൂക്കി പുറത്തിറങ്ങിയതോടെ പൊലീസ് ഇവരെ വളഞ്ഞു. പിടിയിലാകുമെന്ന് കണ്ടതോടെ ഇവര്‍ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. ഡാന്‍സാഫ് ടീമും കല്‍പകഞ്ചേരി പോലീസും ചേര്‍ന്ന് അര മണിക്കൂര്‍ നേരം കൊണ്ട് പ്രതികളെ കീഴ്‌പ്പെടുത്തി. ഇവരുടെ കയ്യിലെ ബാഗില്‍ നിന്ന് എട്ടു കിലോ കഞ്ചാവും പോലീസ് പിടിച്ചെടുത്തു.

    Also Read- മലപ്പുറത്ത് 16 കാരിയെ ക്രൂരമായി പീഡിപ്പിച്ച രണ്ടാനച്ഛന് 64 വർഷം തടവും 1,70,000 രൂപ പിഴയും

    പ്രതികള്‍ ആന്ധ്രയില്‍ നിന്നും കഞ്ചാവ് കേരളത്തില്‍ എത്തിച്ച് വിതരണം ചെയ്യുന്നതില്‍ പ്രധാനികളാണെന്നും കഞ്ചാവ് കടത്തിലെ കണ്ണികളെ കുറിച്ച് വിവരം ലഭിച്ചതായും പോലീസ് അറിയിച്ചു. കല്‍പകഞ്ചേരി എസ്.ഐ.ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷനില്‍ അഭിമന്യു,ആല്‍വിന്‍, വിബിന്‍, ജിതേഷ്, സുജിത്ത്, അജിത്ത് എന്നിവരുമുണ്ടായിരുന്നു.

    Published by:Anuraj GR
    First published: