പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ രണ്ടു പേര് കൂടി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരുമായി ജിനു കളിയിക്കല്‍, ബിനില്‍ ബിനു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടു പേരെയും വിട്ടയച്ചു. നേരത്തെ രണ്ടു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം അടൂര്‍ കടമ്പനാട് ഭദ്രാസനം ജനറല്‍ സെക്രട്ടറി റെനോ പി രാജന്, സജീവ പ്രവര്ത്തകന് ഏബല്‍ ബാബു എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഏബല്‍ ബാബുവിന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പത്തനംതിട്ടയിലെ വിവിധ പളളികളുടെ മുറ്റത്തും ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം മന്ത്രിക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തിട്ടുണ്ട്. പെതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുക, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
കരുവാറ്റ ഓര്‍ത്തഡോക്സ് പള്ളിക്ക് മുന്നിലാണ് മന്ത്രി വീണാ ജോര്‍ജിനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഒസിവൈഎം പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കുക, ചര്‍ച്ച് ബില്ല് വിഷയത്തില്‍ മന്ത്രി വീണാ ജോര്‍ജ്ജ് മൗനം വെടിയുക, ഈസ്റ്റര്‍ രാത്രിയിലെ പൊലീസ് അതിക്രമത്തില്‍ മന്ത്രി വീണാ ജോര്‍ജ് മറുപടി പറയുക എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങള്‍. ഒസിവൈഎം പ്രവര്‍ത്തകര്‍ എന്ന പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Minister Veena George, Pathanamthitta, Veena george