ന്യുഡല്‍ഹി: രാജസ്ഥാനിലെ ഉദയ്പുരില്‍ കനയ്യ ലാല്‍ തേലി എന്ന തയ്യല്‍ത്തൊഴിലാളിയെ കടയിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ട് പാകിസ്ഥാന് സ്വദേശികളടക്കം 11 പേരാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജയ്പൂരിലെ എന്‍ഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂണ്‍ 28നാണ് കടയിലെത്തിയ രണ്ടു പേര് കനയ്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യം പ്രതികള്‍ തന്നെ ഷൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും രാജ്യത്ത് ഭീതി പരത്തുകയും ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഉദയ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭീകരബന്ധം കണ്ടതോടെ പിറ്റേന്ന തന്നെ എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
Also Read- അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയത് 2.44 കോടി; അര്‍മാദിച്ച് ചെലവാക്കിയ യുവാക്കള്‍ തൃശൂരില്‍ പിടിയില്‍
പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120ബി, 449, 302, 307, 324, 153 (എ), 153 (ബി) എന്നീ വകുപ്പുകളും യുഎപിഎ വകുപ്പിലെ 16,18,20, ആയുധ നിരോധന നിയമത്തിലെ 4/25 (1ബി) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുഹമ്മദ് റിയാസ് അട്ടാരി, മുഹമ്മദ് ഗോസ്, മൊഹ്സീന് ഖാന് ഭായി, അസഫ് ഹുസൈന്, മുഹമ്മദ് മൊഹ്സിന്‍, വസീം അലി, ഫര്‍ഹാദ് മുഹമ്മദ് ഷെയ്ഖ്, മുഹമ്മദ് ജാവേദ്, മുസ്ലീം ഖാന് എന്നിവരാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജസ്ഥാന് സ്വദേശികള്‍ . പാകിസ്താനിലെ കറാച്ചി സ്വദേശികളായ സല്മാന്, അബ്ദു ഇബ്രാഹിം എന്നിവരും പ്രതികളാണ്.
വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവ് നുപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് കനയ്യ ലാലിനെ ഭീകരര്‍ വധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.