• HOME
  • »
  • NEWS
  • »
  • crime
  • »
  • 40000 രൂപ സമ്മാനമുള്ള 1.35 ലക്ഷം രൂപയുടെ 4200 ലോട്ടറി ടിക്കറ്റുകൾ കവർന്നു; രണ്ടുപേർ അറസ്റ്റിൽ

40000 രൂപ സമ്മാനമുള്ള 1.35 ലക്ഷം രൂപയുടെ 4200 ലോട്ടറി ടിക്കറ്റുകൾ കവർന്നു; രണ്ടുപേർ അറസ്റ്റിൽ

ആര്യങ്കാവിലെ ഒരു ലോട്ടറി ഏജന്റിനായി കോഴഞ്ചേരിയിൽ നിന്ന് കെ എസ് ആർ ടി സി ബസിൽ കൊടുത്തു വിട്ട 1.35 ലക്ഷം രൂപ വിലമതിപുള്ള ലോട്ടറി ടിക്കറ്റുകളാണ് പ്രതികൾ തട്ടിയെടുത്തത്

ksrtc

ksrtc

  • Last Updated :
  • Share this:
    കൊല്ലം: ലോട്ടറി ഏജൻസിക്ക് കെ എസ് ആർ ടി സി ബസിൽ കൊടുത്തയച്ച 4200 ടിക്കറ്റുകൾ കവർന്ന സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. ആര്യങ്കാവ് ഡിപ്പോയിലെ സ്ഥിരം ജീവനക്കാരനായ മെക്കാനിക് സജിമോൻ താത്കാലിക ജീവനാകാരനായ സുധീഷ് എന്നിവരെയാണ് തെന്മല പോലീസ് പിടികൂടിയത്. സുധീഷ് തെന്മല ഹാരിസൺ എസ്റ്റേറ്റ് പൂത്തോട്ടം സ്വദേശിയാണ്. സജിമോൻ കുളത്തുപ്പുഴ മാർത്താണ്ഡംക്കര സ്വദേശിയാണ്.

    ഇക്കഴിഞ്ഞ 16 ന് രാത്രി 10 മണിക്ക് ആര്യങ്കാവിലെ ഒരു ലോട്ടറി ഏജന്റിനായി പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ നിന്ന് കെ എസ് ആർ ടി സി ബസിൽ കൊടുത്തു വിട്ട 1.35 ലക്ഷം രൂപ വിലമതിപുള്ള ലോട്ടറി ടിക്കറ്റുകളാണ് പ്രതികൾ തട്ടിയെടുത്തത്. ബസ് കണ്ടക്ടറുടെ പക്കൽ നിന്നുമാണ് പ്രതികൾ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ നറുക്കെടുത്ത ഈ ടിക്കറ്റുകളിൽ 40000 രൂപയുടെ സമ്മാനം ഉണ്ടായിരുന്നതായി ഏജൻസി ഉടമ പറയുന്നു.

    കോട്ടയത്ത് നിന്ന് തെങ്കാശിക്ക് പോകുന്ന ഈ ബസിലാണ് സ്ഥിരമായി കോഴഞ്ചേരിയിൽനിന്ന് ആര്യങ്കാവിലേക്ക് ലോട്ടറി ടിക്കറ്റുകൾ കൊടുത്തുവിട്ടിരുന്നത്. സംഭവദിവസം ലോട്ടറി ഏജന്റിന്റെ ജീവനക്കാർ എന്ന വ്യാജേനയാണ് പ്രതികൾ ലോട്ടറി കൈക്കലാക്കിയത്.

    ലോട്ടറി ടിക്കറ്റ് വാങ്ങാനായി കാത്തുനിന്ന് ഏജൻസി ഉടമ കണ്ടക്ടറോട് ചോദിച്ചെങ്കിലും ടിക്കറ്റ് ഒരാൾക്ക് കൈമാറിയെന്നാണ് അറിയിച്ചത്. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് തെന്മല പോലീസ് CCTV ഉപയോഗിച്ച് രണ്ട് ദിവസത്തിനുള്ളിൽ പ്രതികളെ കണ്ടെത്തി.

    Also Read- കാറിന് പിന്നിൽ ഇടിച്ച ബൈക്ക് KSRTC ബസ്സിനടിയിലേക്ക് തെറിച്ച് വീണു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

    മാസങ്ങളായി ലോട്ടറി ബസ്സിൽ കൊടുത്തുവിടുന്നത് പ്രതികൾ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്നാണ് മോഷണ പദ്ധതി തയ്യാറാക്കിയതെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി തെന്മല പോലീസ് പറഞ്ഞു. പ്രതികളുടെ വീട്ടിൽ നിന്നും തെന്മല പോലീസ് ലോട്ടറി കെട്ട് കണ്ടെടുത്തു.

    ആൽമാറാട്ടം, മോഷണം തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. തെന്മല പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്യാമിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സുബിൻ തങ്കച്ചൻ, സി പി ഒ മാരായ അനീഷ്, സുജിത്, രഞ്ജിത്ത്, നിതിൻ, വിഷ്ണു, ജ്യോതിഷ് എന്നിവർ ചേർന്നാണ് പ്രതികളെ കണ്ടെത്തിയത്.
    Published by:Anuraj GR
    First published: