പാലക്കാട്: വയോധികയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ത്രീയടക്കം രണ്ടു പേർ അറസ്റ്റിൽ. ചിറ്റൂർ സ്വദേശികളായ സത്യഭാമ, ബഷീർ എന്നിവരാണ് പിടിയിലായത്. മോഷണം നടത്തുന്നതിനിടെയായിരുന്നു ഇരവരും ചേർന്ന് വയോധികയെ കൊലപ്പെടുത്തിയത്.
ശനിയാഴ്ച രാത്രിയോടെയാണ് കൊടുമ്പ് തിരുവാലത്തൂർ ആറ്റിങ്കൽവീട്ടിൽ പത്മാവതിയെ(74) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭക്ഷണം കഴിക്കാനായി പത്മാവതിയെ വിളിക്കാൻ മകനെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ പരിക്കേറ്റനിലയിലായിരുന്നു മൃതദേഹം. കഴുത്തിലുണ്ടായിരുന്ന മൂന്നുപവന്റെ മാലയും നഷ്ടപ്പെട്ടിരുന്നു.
മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പത്മാവതിയുടെ വീട്ടിൽ കെട്ടിടനിർമാണ ജോലിക്കെത്തിയവരായിരുന്നു സത്യഭാമയും ബഷീറും.
വീട്ടില്‍ പത്മാവതി ഒറ്റയ്ക്കാണെന്ന് മനസിലാക്കി പ്രതികളായ രണ്ടുപേരും മൂന്നുദിവസം മുന്‍പേ മോഷണം ആസൂത്രണം ചെയ്തതായാണ് പൊലീസ് പറയുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് മറ്റു തൊഴിലാളികള്‍ ഭക്ഷണം കഴിക്കുന്നതിനിടെ തങ്ങള്‍ ഭക്ഷണം കൊണ്ടുവന്നിട്ടില്ലെന്നും പുറത്തുപോവുകയാണെന്നും പറഞ്ഞ് ഇരുവരും ജോലിസ്ഥലത്ത് നിന്ന് കടന്നു.
Also Read-ഡൽഹിയിലെ കാറപകടം; ഇടിച്ച കാർ യുവതിയെ വലിച്ചിഴച്ചത് 4 കിലോമീറ്റർ; 5 പേർ അറസ്റ്റിൽ
തുടർന്ന് പത്മാവതിയുടെ വീട്ടിലെത്തി മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. മോഷണശ്രമം ചെറുക്കാൻ ശ്രമിക്കുന്നതിനിടെ പത്മാവതിയെ കഴുത്തില്‍ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മോഷ്ടിച്ച മാല ബഷീറാണ് ചിറ്റൂരിലെ ജൂവലറിയില്‍ വില്പന നടത്തിയത്. മൂന്നുദിവസം മുന്‍പേ ഇതേ ജൂവലറിയിലെത്തി മാല കൊണ്ടുവന്നാല്‍ എടുക്കുമോയെന്ന് സത്യഭാമ തിരക്കിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പേ മോഷണം ആസൂത്രണം ചെയ്തതിന്റെ പ്രധാന തെളിവാണിതെന്നും പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.