പത്തനംതിട്ട: പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെ മദ്യപിച്ച് തമ്മിൽ തല്ലിയ രണ്ടു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
പത്തനംതിട്ടയിലെ ഗ്രേഡ് എ.എസ്.ഐ. ഗിരി, പോലീസ് ഡ്രൈവര്‍ ജോണ്‍ ഫിലിപ്പ് എന്നിവരെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പത്തനംതിട്ട എസ്.പി.യുടെ നടപടിയെ തുടർന്നാണ് സസ്പെൻഷൻ.
സ്‌പെഷ്യല്‍ബ്രാഞ്ചില്‍ എസ്.ഐ.യായി സ്ഥാനക്കയറ്റം ലഭിച്ച പോലീസ് ഉദ്യോഗസ്ഥന്‍ സംഘടിപ്പിച്ച സത്കാരത്തിലാണ് പോലീസുകാര്‍ തമ്മിലടിച്ചത്. മൈലപ്രയിലെ കേറ്ററിങ് ഓഡിറ്റോറിയത്തില്‍ നടന്ന സത്കാരത്തിനിടയിൽ പഴയകാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കിക്കുന്നതിനിടയിൽ കൈയാങ്കളിയിലും അടിപിടിയിലും കലാശിക്കുകയായിരുന്നു.
സത്കാരത്തില്‍ ‘ചില സാധനങ്ങള്‍’ അകത്തോട്ട് ചെന്നപ്പോള്‍ പലര്‍ക്കും പലതും ‘പുറത്തേക്ക്’ വന്നുവെന്നാണ് വിവരം. എ.എസ്.െഎയും ഡ്രൈവറും പഴയ ചിലകാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കിച്ചു. ഉന്തും തള്ളും കൈയ്യാങ്കളിയായി. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഇടപെട്ട് ക്രമസമാധാനപാലനം നടത്തിയെങ്കിലും അല്‍പ്പസമയം കഴിഞ്ഞ് കാര്യങ്ങള്‍ പിടിവിട്ടു. രണ്ടുപേരും തമ്മിലടിച്ചു. സ്വകാര്യവാഹനത്തിന് തട്ടയിലെ പമ്പില്‍നിന്നും സൗജന്യമായി ഒരാള്‍ ഇന്ധനം നിറയ്ക്കുന്നുവെന്ന് പറഞ്ഞതാണത്രെ അടിയുടെ കാരണമായതെന്നും വിവരങ്ങളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.