ഇന്റർഫേസ് /വാർത്ത /Crime / Murder| സ്വത്ത് തർക്കത്തെ തുടർ‌ന്ന് വെടിയേറ്റ് രണ്ട് മരണം: വെടിയേറ്റത് ക്ലോസ് റേഞ്ചിൽ; കൃത്യം തർക്കപരിഹാര ചർ‌ച്ചക്കിടെ

Murder| സ്വത്ത് തർക്കത്തെ തുടർ‌ന്ന് വെടിയേറ്റ് രണ്ട് മരണം: വെടിയേറ്റത് ക്ലോസ് റേഞ്ചിൽ; കൃത്യം തർക്കപരിഹാര ചർ‌ച്ചക്കിടെ

Kanjirappally-murder-arrest

Kanjirappally-murder-arrest

കുടുംബ വീടിന് അടുത്തുള്ള സ്ഥലത്തെ കുറിച്ചു കരിമ്പനാൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കമാണ് മണ്ണാറക്കയത്തെ ഞെട്ടിച്ച വെടിവയ്പ്പിൽ കലാശിച്ചത്.

  • Share this:

കോട്ടയം: സ്വത്തിനെച്ചൊല്ലി കാഞ്ഞിരപ്പള്ളിയിലെ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അനുജനും മാതൃസഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ടത് പ്രശ്ന പരിഹാര ചർച്ച നടത്തുന്നതിനിടെ. തൊട്ടടുത്തുനിന്ന് വെടിയുതിർത്തതുപോലെയാണ് കരിമ്പനാൽ രഞ്ജുവിന്റെ ശരീരത്തിലെ മുറിവുകളെന്ന് പൊലീസ് പറയുന്നു. വെടിയൊച്ച കേട്ട് ആദ്യം ഓടിയെത്തി മുറി തുറന്നത് ഇരുവരുടെയും മാതാപിതാക്കളാണ്. സംഭവം കണ്ടു ഭയന്ന അവർ കതകടച്ച് ഓടിമാറി.

വെടിവയ്പിന് മുൻപ് മൽപിടിത്തം നടന്നതായും പൊലീസ് സംശയിക്കുന്നു. വെടിവെച്ച ജോർജ് കുര്യന്റെ ഷർട്ടിലും ചോര പുരണ്ടിരുന്നു. പൊലീസ് എത്തിയപ്പോൾ രക്തം പുരണ്ട ഷർട്ടുമായി ജോർജ് വീട്ടിനുള്ളിലെ കസേരയിൽ ഇരിക്കുകയായിരുന്നു.

സ്വത്തു വിറ്റതിനെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ 3 ദിവസം മുൻപ് എറണാകുളത്ത് നിന്നെത്തിയ ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. സഹോദരങ്ങൾ പരസ്പരം സംസാരിച്ചിട്ടും തർക്കത്തിന് പരിഹാരം കാണാൻ കഴിയാതെ വന്നതോടെയാണ് ഇന്നലെ മാതൃസഹോദരൻ മാത്യു സ്കറിയ കൂട്ടിക്കൽ നിന്ന് മധ്യസ്ഥതയ്ക്കായി എത്തിയത്.

ജോർജ് കുര്യൻ ഉപയോഗിച്ച റിവോൾവറിൽനിന്നു 4 വെടി ഉതിർത്തതായി പൊലീസ് കണ്ടെത്തി. രണ്ടെണ്ണം രഞ്ജുവിന്റെയും രണ്ടെണ്ണം മാത്യു സ്കറിയയുടെയും ശരീരത്തിൽ തുളഞ്ഞു കയറിയതായി പൊലീസ് കരുതുന്നു. ഫോറൻസിക് പരിശോധനയ്ക്കു ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.

തർക്കം എന്തിന്?

കരിമ്പനാൽ കുടുംബ വീടിന് അടുത്തുള്ള സ്ഥലത്തെ കുറിച്ചു സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കമാണ് മലയോര മേഖലയെ ഞെട്ടിച്ച വെടിവയ്പ്പിൽ കലാശിച്ചത്. സാമ്പത്തിക ബാധ്യത ഉള്ള മൂത്ത സഹോദരൻ ജോർജ് കുര്യൻ രണ്ടരയേക്കർ സ്ഥലത്ത് വീടുകൾ വെച്ച് വിൽപന നടത്താനുള്ള പദ്ധതി ഇട്ടതാണ് തർക്കത്തിന് കാരണമായത്. കുടുംബ വീടിന് അടുത്തുള്ള അരയേക്കർ സ്ഥലം ഒഴിച്ചിടണം എന്ന് സഹോദരൻ രഞ്ജു കുര്യൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാൻ ജോർജ് കുര്യൻ തയ്യാറായില്ല.

Also Read- Fire Accident| വർക്കലയിൽ വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞുൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു; ഒരാൾക്ക് ​ഗുരുതര പരിക്ക്

തർക്കത്തിൽ ഒത്തുതീർപ്പ് നടത്താനാണ് മാതൃസഹോദരൻ മാത്യു സ്കറിയ എത്തിയത്. സംസാരത്തിനിടയിൽ സഹോദരങ്ങൾ തമ്മിൽ വാക്ക് തർക്കത്തിലേക്ക് നീങ്ങി. പ്രകോപിതനായ ജോർജ് കൈയിൽ കരുതിയ റിവോൾവർ എടുത്ത് രഞ്ജുവിനെ വെടിവെച്ചു. പിടിച്ചുമാറ്റാൻ എത്തിയ മാത്യുവിന് നേരെയും നിറയൊഴിക്കുകയായിരുന്നു. ഇരുവർക്കും തലയ്ക്കാണ് വെടിയേറ്റത്. രഞ്ജു തൽക്ഷണം മരിച്ചു. അബോധാവസ്ഥയിലായ മാത്യു സ്കറിയയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇന്നലെ രാത്രിയോടെ മരിച്ചു. വെടിവെപ്പ് നടക്കുമ്പോൾ ജോർജിന്റെയും രഞ്ജുവിന്റെയും മാതാപിതാക്കളും കുടുംബ വീട്ടിലുണ്ടായിരുന്നു.

കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവാണ് ജോർജ് കുര്യൻ. ഊട്ടിയിൽ വ്യവസായി ആയ രഞ്ജുവാണ് കുടുംബവീട്ടിൽ താമസിച്ചിരുന്നത്. കരുതിക്കൂട്ടി തന്നെയാണ് ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ എത്തിയതെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ കുറച്ചു നാളുകളായി കുടുംബത്തിൽ സ്വത്തു സംബന്ധിച്ച് തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് കൊലയിലേക്ക് എത്തിയത്. വെടിവെച്ച പോയിന്റ് 9 എം എം റിവോൾവറിന് ലൈസൻസ് ഉണ്ടായിരുന്നു എന്നും പൊലീസ് അറിയിച്ചു.

First published:

Tags: Crime news, Kanjirappally, Kottayam news, Murder