• HOME
  • »
  • NEWS
  • »
  • crime
  • »
  • കൊല്ലത്ത് റോഡരികിൽ കവറിൽ പൊതിഞ്ഞ നിലയിൽ രണ്ട് തലയോട്ടികൾ കണ്ടെത്തി

കൊല്ലത്ത് റോഡരികിൽ കവറിൽ പൊതിഞ്ഞ നിലയിൽ രണ്ട് തലയോട്ടികൾ കണ്ടെത്തി

ശുചീകരണ തൊഴിലാളികളാണ് കവറിൽ പൊതിഞ്ഞ നിലയിലുള്ള തലയോട്ടികൾ ആദ്യം കണ്ടത്

  • Last Updated :
  • Share this:
    കൊല്ലം: ശക്തികുളങ്ങരയ്ക്ക് സമീപം റോഡരികിൽ കവറിൽ പൊതിഞ്ഞ നിലയിൽ രണ്ട് തലയോട്ടികൾ കണ്ടെത്തി. ഏറെ കാലമായി പ്രവർത്തനമില്ലാതെ കിടന്ന ആശുപത്രിക്ക് സമീപത്തെ റോഡരികിൽ നിന്നാണ് രണ്ട് തലയോട്ടികൾ കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് കവറിൽ പൊതിഞ്ഞ നിലയിലുള്ള തലയോട്ടികൾ ആദ്യം കണ്ടത്.

    കവറിനുള്ളിൽ തലയോട്ടികളാണെന്ന് വ്യക്തമായതോടെ ശുചീകരണ തൊഴിലാളികൾ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ തലയോട്ടികൾ ഏറെ പഴക്കം ഉള്ളവയാണെന്ന് കണ്ടെത്തി.

    തലയോട്ടികൾ പൊതിഞ്ഞിരുന്ന കവറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഉപയോഗിക്കുന്നതിന് സമാനമായ കുറിപ്പുകൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കൂടുതൽ പരിശോധനയ്ക്കായി രണ്ട് തലയോട്ടികളും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെനിന്ന് ഫോറൻസിക് പരിശോധനയ്ക്കായി ഇവ കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.

    സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ഫോറൻസിക് പരിശോധനാ ഫലം ലഭിച്ചശേഷം മാത്രമായിരിക്കും അന്വേഷണത്തിൽ വ്യക്തത വരികയെന്നും പൊലീസ് അറിയിച്ചു.
    Published by:Anuraj GR
    First published: