• HOME
  • »
  • NEWS
  • »
  • crime
  • »
  • മദ്യപാനത്തിനിടെ അശ്ലീല വീഡിയോയെ ചൊല്ലി തർക്കം ; അധ്യാപകനെ തലയ്ക്കടിച്ച് പുഴയിൽ ഒഴുക്കി കൊന്ന രണ്ട് പ്രതികൾ പിടിയിൽ

മദ്യപാനത്തിനിടെ അശ്ലീല വീഡിയോയെ ചൊല്ലി തർക്കം ; അധ്യാപകനെ തലയ്ക്കടിച്ച് പുഴയിൽ ഒഴുക്കി കൊന്ന രണ്ട് പ്രതികൾ പിടിയിൽ

കൊല്ലപ്പെട്ടത് മുണ്ടേരി സ്കൂളിലെ അധ്യാപകനും കരുളായി സ്വദേശിയുമായ ബാബുവാണ്. ഉദിരകുളം സ്വദേശി ബിജു എന്ന കമ്പി ബിജു, ഇയാളുടെ കാമുകി  മൂത്തേടം എറയംതാങ്ങി കോളനിയിലെ ലത എന്നിവരാണ് പിടിയിലായത്

  • Share this:
മലപ്പുറം: സെപ്റ്റംബർ 13 നാണ് നിലമ്പൂർ കരിമ്പുഴ പാലത്തിന് സമീപത്ത് നിന്നും ബാബു മാഷിൻ്റെ മൃതദേഹം കണ്ടെത്തിയത്. ബാബു മാഷിന്റെ മരണം കൊലപാതകം ആണെന്നും രണ്ട് പേരാണ് ഇതിന് പിന്നിൽ എന്നുമാണ് പോലീസ് കണ്ടെത്തിയത്. കേസിൽ പ്രതികളായ ഉദിരകുളം സ്വദേശി ബിജു എന്ന കമ്പി ബിജു, ഇയാളുടെ കാമുകി  മൂത്തേടം എറയംതാങ്ങി കോളനിയിലെ  ലത എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ-
എടക്കര ബിവറേജസിൽ മദ്യം വാങ്ങുന്നതിനിടെ ഒരു മാസം മുമ്പാണ് ബാബു മാഷും കമ്പി ബിജുവും ലതയും തമ്മിൽ പരിചയപ്പെട്ടത്. സെപ്റ്റംബർ ഏഴിന് മൂവരും എടക്കര കാറ്റാടി പാലത്തിന് അടിയിലെ ലതയുടെ വീട്ടിൽ വച്ച് മദ്യപിച്ചു. തുടർന്ന് ബാബുവിൻ്റെ  മൊബൈലിൽ കണ്ട അശ്ലീല വീഡിയോയെ ചൊല്ലി മൂവരും തർക്കത്തിലായി. ഇതിനിടെ കയ്യിൽ കരുതിയ മരവടി കൊണ്ട് ബിജു ബാബുവിൻ്റെ തലക്ക് അടിച്ചു. അടിയുടെ ആഘാതത്തിൽ  കുഴഞ്ഞ് വീണ ബാബുവിനെ ഇരുവരും ചേർന്ന് വലിച്ചിഴച്ച്  പുന്നപുഴയിലെ കുത്തൊഴുക്കിൽ തള്ളുകയായിരുന്നു. ഇതിനിടെ ബാബുവിന്റെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ, പണമടങ്ങിയ പേഴ്സ്,  കണ്ണട എന്നിവ ഇവർ  അപഹരിച്ചു.

Also Read- 'മദ്യപാനമാണ് ഷാഫിയെ വഴിതെറ്റിച്ചത്, നരബലി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല, ന്യായീകരിക്കുന്നില്ല': ഭാര്യ നബീസ

6 ദിവസം കഴിഞ്ഞ് സെ‌പ്തംബർ 13ന് സംഭവസ്ഥലത്ത് നിന്നും ഏകദേശം 10 കിലോമീറ്റർ അകലെ നിലമ്പൂർ കരിമ്പുഴ പാലത്തിന് സമീപം ബാബുവിന്റെ മൃതദേഹം കണ്ടെത്തി. തുടർന്ന് എടക്കര പോലീസ്  അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് സെപ്തംബർ 8 ന്  സഹോദരി നൽകിയ കേസ് പൂക്കോട്ടുംപാടം പോലീസ് അന്വേഷിച്ചു വരവെയാണ് പുന്നപ്പുഴയിൽ ബാബുവിൻ്റെ മൃതദേഹം പൊങ്ങിയത്.   മരണത്തിൽ സംശയം  ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നിർദ്ദേശപ്രകാരം എടക്കര പോലീസ് കേസ് അന്വേഷിക്കുക ആയിരുന്നു.

ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിൽ സൈബർ സെല്ലിൻ്റെ സഹായത്തോടെ ആണ് കേസിലെ സുപ്രധാന കാര്യങ്ങൾ പോലീസ് മനസ്സിലാക്കുന്നത്.  ബാബുവിൻ്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ സൈബർ അന്വേഷണമാണ് പ്രതികളിലേക്ക് വിരൽ ചൂണ്ടിയത്. ബാബുവിനെ കാണാതായ ദിവസം  ഫോൺ എടക്കര ടവറിൻ്റെ പരിധിയിലായത് പോലീസിന് തുണയായി.  അസ്വാഭാവിക മുങ്ങി മരണമായി അവസാനിക്കുമായിരുന്ന കേസാണ്  എടക്കര പോലീസ്  ശാസ്ത്രീയവും പഴുതടച്ചുള്ള അന്വേഷണ മികവിലൂടെ കൊലപാതകമെന്ന് കണ്ടെത്തിയത്. ബാബു മാഷിൻ്റെ മൊബൈൽ ഫോൺ അടക്കമുള്ള സാധനങ്ങളും പ്രതികളിൽ നിന്ന് കണ്ടെത്തി.
നിലമ്പൂർ സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Also Read- കടയിൽ മിഠായി വാങ്ങാൻ വന്ന വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച വ്യാപാരി അറസ്റ്റിൽ

എടക്കര സിഐ എൻ ബി ഷൈജു , സബ് ഇൻസ്പെക്ടർ പി എസ് മണി, സിപിഒ മാരായ മുജീബ്, എം. എൽ ശരത്ചന്ദ്രൻ , അരുൺ, ശ്രീജ എസ് നായർ,  സാബിർഅലി, ഷൈനി എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Published by:Rajesh V
First published: