കരിപ്പൂരിൽ കസ്റ്റംസിന്റെ സ്വർണ്ണ വേട്ട തുടരുന്നു. വ്യാഴാഴ്ച രാവിലെ കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിലും ജീൻസിനുള്ളിലും ആയി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് ഏകദേശം 54 ലക്ഷം രൂപ വില മതിക്കുന്ന ഒരു കിലോഗ്രാമോളം സ്വർണം. രണ്ടു വ്യത്യസ്ത കേസുകളിലായാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇവ പിടികൂടിയത്.
ഷാർജയിൽ നിന്നും എയർ ഇൻഡ്യാ വിമാനത്തിൽ എത്തിയ മലപ്പുറം വളവന്നൂർ സ്വദേശിയായ അരയാലൻ മുഹമ്മദ് അഫ്സൽ ആണ് സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഏകദേശം 43 ലക്ഷം രൂപ വിലമതിക്കുന്ന 849 ഗ്രാം സ്വർണമിശ്രിതം ആണ് അഫ്സലിൽ നിന്നും കസ്റ്റംസ് പിടികൂടിയത്. അഫ്സൽ സ്വർണ്ണ മിശ്രിതം മൂന്നു ക്യാപ്സ്യൂളുകളുടെ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു .കള്ളക്കടത്തുസംഘം 50000 രൂപ ആണ് അഫ്സലിന് വാഗ്ദാനം ചെയ്തിരുന്നതായി കസ്റ്റംസ് പറഞ്ഞു. പണത്തിനു വേണ്ടിയാണ് കള്ളക്കടത്തിനു ശ്രമിച്ചതെന്നാണ് അഫ്സൽ കസ്റ്റംസ് ഇദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.
Also read-കൈകളിൽ സ്വർണം ചുറ്റിവച്ച് കടത്താന്‍ ശ്രമം; എയർ ഇന്ത്യ കാബിൻ ക്രൂ കൊച്ചിയില്‍ പിടിയിൽ
മറ്റൊരു കേസിൽ ദുബായിൽ നിന്നും ഇൻഡിഗോ എയർ ലൈൻസ് വിമാനത്തിൽ എത്തിയ കോഴിക്കോട് പുത്തൂർ സ്വദേശിയായ വെണ്ണക്കോട്ടുകുഴിയിൽ മുഹമ്മദ് ജുനൈദ് (25) ആണ് പിടിയിലായത് . ഇയാൾ ജീൻസിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തുവാൻ ശ്രമിച്ചത്. 228 ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ മൂന്നു പാക്കറ്റുകൾ ആണ് ഇയാളിൽ നിന്ന് കസ്റ്റംസ്‍ ഉദ്യോഗസ്ഥർ പിടികൂടിയത്. ജുനൈദ് ധരിച്ചിരുന്ന ജീൻസിനുള്ളിൽ മാസ്കിങ് ടേപ്പുകൊണ്ടു പൊതിഞ്ഞാണ് ഈ പാക്കറ്റുകൾ ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്തപ്പോൾ ഏകദേശം 11 ലക്ഷം രൂപ വിലമതിക്കുന്ന 196 ഗ്രാം തങ്കം ലഭിക്കുകയുണ്ടായി. കള്ളക്കടത്തുസംഘം ജുനൈദിന് 20000 രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത് എന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.