തിരുവനന്തപുരം: വർക്കലയിൽ വായോധികനെ ആക്രമിച്ചു പണവും മൊബൈൽഫോണും വിലപ്പെട്ട രേഖകളും തട്ടിയെടുത്ത യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 80 കാരനായ മുഹമ്മദ് ബഷീർ നൽകിയ പരാതിയിൽ ഇടവ സ്വദേശി കൊച്ചുമോൻ എന്ന് വിളിക്കുന്ന മുഹമ്മദ് ഷാ (22) , സുഹൃത്ത് മുഹമ്മദ് അജ്മൽ (21) എന്നിവരെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബർ 24 ന് വൈകിട്ട് 7 മണിയോടെയാണ് സംഭവം. ഇടവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ബഷീറിന്റെ അടുത്തേക്ക് എത്തിയ യുവാക്കൾ സൗഹൃദപൂർവം സംസാരിച്ചശേഷം മുഖത്തും നെഞ്ചിലും മർദിക്കുകയായിരുന്നു. മർദനമേറ്റ് നിലത്തുവീണ ബഷീറിന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും 1600 രൂപയടങ്ങുന്ന പേഴ്സും കയ്യിലുണ്ടായിരുന്ന മറ്റ് വിലപ്പെട്ട രേഖകളും പിടിച്ചുപറിച്ചു എന്നാണ് പരാതി.
Also Read- MDMA യുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ മാതാവ് തൂങ്ങി മരിച്ചു
സംഭവം പുറത്ത് പറയുകയോ പോലീസിൽ പരാതി നൽകുകയോ ചെയ്താൽ കൊന്ന് കളയുമെന്നും യുവാക്കൾ ഭീഷണിപ്പെടുത്തിയതായി ബഷീർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
സംഭവശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളിൽ മുഹമ്മദ് ഷായെ അഞ്ചുതെങ്ങു പുത്തുറ ഭാഗത്തുനിന്നും സുഹൃത്ത് അജ്മലിനെ ഇടവ മാന്തറയിലെ വീട്ടിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. ഐപിസി 392 , 506 വകുപ്പുകൾ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ വർക്കല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.