ചെന്നൈ: തമിഴ്നാട്ടിലെ ധർമപുരിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച മന്ത്രവാദിയെ, യുവാവും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. ലിംഗം മുറിച്ചു മാറ്റിയ ശേഷം കല്ലുകൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപാതകം. പ്രതികളായ ദിനേശ്, ഗുണാലൻ എന്നിവർ കോടതിയിൽ കീഴടങ്ങി.
ധർമപുരി സ്വദേശിയായ ദിനേശ് തന്റെ പെൺ സുഹൃത്തിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. പൂജ നടത്തി പെൺകുട്ടിയുടെ സമ്മതം നേടുകയായിരുന്നു ലക്ഷ്യം. ഇതിനായി കുടുംബ സുഹൃത്തായ ശശിധരൻ എന്ന മന്ത്രവാദിയുടെ അടുത്ത് പെൺകുട്ടിയെ എത്തിക്കുകയായിരുന്നു.
പിതാവിനൊപ്പം ജോലി ചെയ്യുന്ന ശശിധരനെ വിശ്വസിച്ച് 15 ദിവസം മുൻപ് പെൺസുഹൃത്തുമായി ദിനേശ് എത്തി. പൂജ നടക്കുന്നതിനിടെ ദിനേശിനോട് മന്ത്രവാദി പുറത്തുനിൽക്കാൻ ആവശ്യപ്പെട്ടു. കുറച്ച് സമയങ്ങൾക്കു ശേഷം കരഞ്ഞുകൊണ്ട് പുറത്തുവന്ന പെൺകുട്ടി മന്ത്രവാദി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞു. തുടർന്നാണ് ദിനേശും സുഹൃത്തുക്കളും ചേർന്ന് ശശിധരനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
Also Read- ഉറക്കത്തിൽനിന്ന് എഴുന്നേൽപിക്കാൻ വൈകിയെന്നതിന്റെ പേരിൽ തർക്കം; തൃശൂരിൽ മകൻ പിതാവിനെ കൊലപ്പെടുത്തി
ഏപ്രിൽ നാലിന് മറ്റൊരു സുഹൃത്തിന് മന്ത്രവാദം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശശിധരനെ ബെന്നാകരം വനത്തിൽ എത്തിച്ചു. ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം ദിനേശും രണ്ട് സുഹൃത്തുക്കളും ചേർന്ന് ശശിധരനെ വിവസ്ത്രനാക്കി, ലിംഗം മുറിച്ചുമാറ്റി. തുടർന്ന് കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Also Read- ദുഃഖവെള്ളി ദിനത്തിൽ പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന സ്ത്രീയുടെ 5 പവന്റെ മാല മോഷ്ടിച്ചു
ഭർത്താവിനെ കാണാത്തതിനെ തുടർന്ന് ശശിധരന്റെ ഭാര്യ സുജാത ഹൊസൂർ പൊലിസിൽ പരാതി നൽകി. ദിനേശ് വിളിച്ചിട്ടാണ് ശശിധരൻ പോയതെന്നും സുജാത പരാതിയിൽ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വനമേഖലയിൽ നിന്നും മൃതദേഹം കണ്ടെത്തി. ദിനേശനു വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്നു രാവിലെ പ്രതികൾ കോടതിയിൽ കീഴടങ്ങിയത്. കേസിൽ ദിനേശിന്റെ മറ്റൊരു സുഹൃത്ത് കൂടി പിടിയിലാകാനുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.