മഞ്ചേശ്വരം: കാസർഗോഡ് മഞ്ചേശ്വരം കടമ്പാറില്‍ തോക്കു ചൂണ്ടി ചെങ്കല്‍ ലോറികള്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ കൂട്ടാളിയായ
മുംബൈ സ്വദേശിയുള്പ്പടെയുള്ള നാലു പേര് അറസ്റ്റില്‍. വധശ്രമം ഉൾപ്പെടെ നിരവധി കേസുകളില്‍ പ്രതിയായ രാകേഷ് കിഷോറും കൂട്ടാളികളെയുമാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ പൊലീസിനു നേരെയും തോക്ക് ചൂണ്ടി അക്രമത്തിനൊരുങ്ങി.
കടമ്പാര്‍ ബജ്ജയില്‍ വെച്ചാണ് നാസിക്ക് സ്വദേശിയായ രാകേഷ് കിഷോറുള്‍പ്പെടുന്ന ആറംഗ സംഘം ലോറി തട്ടിക്കൊണ്ടു പോയത്. കാര്‍ കുറുകെ ഇട്ട് തോക്കു ചൂണ്ടി ഡ്രൈവര്‍മാരെ അക്രമിച്ചാണ് പ്രതികള്‍ വാഹനം തട്ടിക്കൊണ്ടു പോയത്. മൊബൈല്‍ ഫോണും, പണവും അക്രമികള്‍ കവര്‍ന്നു.
Also Read- വാഹന പരിശോധനയ്ക്കിടെ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ട ഗുണ്ടയെ വെടിവച്ച് വീഴ്ത്തി വനിതാ എസ്ഐ
വിവരം അറിഞ്ഞ് അന്വേഷണം ആരംഭിച്ച മഞ്ചേശ്വരം പൊലീസ് പൈവളിക കൊമ്മഗളയില്‍ എത്തി ലോറി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അക്രമി സംഘം പൊലീസിനു നേരെയും തോക്കു ചൂണ്ടി. അതിസാഹസികമായി അക്രമികളെ കീഴടക്കിയ പൊലീസ് സംഘം ലോറികളും കാറും തോക്കും തിരകളും കസ്റ്റഡിയിലെടുത്തു.
രാകേഷ് കിഷോറിനു പുറമെ മിയാപദവിലെ റഹിം, ചിഗുര്‍പദവിലെ മുഹമ്മദ് സഫ് വാന്‍, ഉപ്പളയിലെ സയാഫ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ടു പേര് സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. രാകേഷ് കിഷോറിനെതിരെ കേരളത്തിലും കര്‍ണ്ണാടകത്തിലുമായി നിരവധി കേസുകള്‍ നേരത്തെ നിലവിലുണ്ട്. മഞ്ചേശ്വരത്തും കര്‍ണ്ണാടക വിട്ളയിലും വെച്ച് പൊലീസിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്ത രാകേഷിന് അന്താരാഷ്ട്ര ക്രിമനല്‍ ബന്ധമുണ്ടെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.