ഹരിയാനയിലെ കുരുക്ഷേത്രയിൽ യുവാവിന്റെ കൈ അജ്ഞാതർ വെട്ടി. വെട്ടിമാറ്റിയ കൈ കൊണ്ട് അക്രമികൾ കടന്നു കളഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന് ഇരയായ ജുഗ്നു എന്നയാൾ ഇപ്പോൾ ചികിത്സയിലാണെന്നും ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.
കുരുക്ഷേത്രയിലെ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജുഗ്നുവിന്റെ നില ഗുരുതരമാണ് എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സദർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുരുക്ഷേത്ര ഹവേലിയിലാണ് സംഭവം നടന്നത്. ആക്രമണകാരികളെ കണ്ടെത്താൻ പോലീസ് സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
“മുഖം മൂടി ധരിച്ചെത്തിയ പത്ത് പന്ത്രണ്ട് പേരാണ് കുരുക്ഷേത്രയിലെ ഹവേലിയിൽ വെച്ച് ജുഗ്നുവിനെ ആക്രമിക്കുകയും കൈ വെട്ടുകയും ചെയ്തത്. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല”, ഡിഎസ്പി രാംദത്ത് നൈൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
Also read: അറസ്റ്റിനിടെ പ്രതിയുടെ കുത്തേറ്റ പൊലീസ് ഉദ്യോഗസ്ഥന് മരിച്ചു; ആക്രമണം ജനക്കൂട്ടം നോക്കിനിൽക്കെ
ജുഗ്നുവിന്റെ മൊഴി രേഖപ്പെടുത്തി അതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് സംഘം ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ജുഗനു ഒരു റസ്റ്റോറന്റിൽ ഇരിക്കുമ്പോഴായിരുന്നു അക്രമിസംഘം എത്തിയത്.
വിവരമറിഞ്ഞ് കുരുക്ഷേത്ര പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് രാം ദത്ത് നൈൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
വസ്തുതർക്കത്തിന്റെ പേരിൽ യുവാവിനെ പട്ടാപ്പകൽ റോഡിലിട്ട് ക്രൂരമായി വെട്ടിപ്പരിക്കേൽപിച്ച സംഭവം കഴിഞ്ഞ ദിവസം കർണാടകയിൽ നിന്നും പുറത്തു വന്നിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. ഒരാളെ കൂട്ടം ചേർന്ന് ആക്രമിക്കുന്നതും, തർക്കത്തെ തുടർന്ന് കുത്തേൽക്കുന്നതും സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. മുഹമ്മദ് ഇസാവുദീൻ എന്നയാൾക്കാണ് കുത്തേറ്റത്. കർണാടകയിലെ കലബുർഗിയിലാണ് സംഭവം. ഇവിടുത്തെ റെയിൽവേ സ്റ്റേഷന് സമീപമാണ് ആക്രമണം നടന്നത്. വെട്ടേറ്റയാൾക്കു പരിചയമുള്ളവരാണ് ആക്രമണത്തിന് പിന്നിൽ എന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ജനുവരി നാലാം തിയതിയാണ് സംഭവം നടന്നത്. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഈ പ്രദേശത്തു തന്നെ കഴിഞ്ഞ ദിവസം പോലീസ് കോൺസ്റ്റബിളിനെ തർക്കത്തെ തുടർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. പ്രതിയെ അറസ്റ് ചെയ്തു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
വിവാഹ മോചനവുമായി ബന്ധപ്പെട്ട നടപടികൾക്ക് ഒറ്റപ്പാലം കുടുംബ കോടതിയിലെത്തിയ യുവതിക്കു വെട്ടേറ്റ വാർത്തയും ഇന്നലെ പുറത്തു വന്നിരുന്നു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. സംഭവത്തില് മുൻ ഭർത്താവ് രഞ്ജിത്ത് പൊലീസ് കസ്റ്റഡിയിലായിരുന്നു. കൈകളിൽ ഗുരുതരമായി പരുക്കേറ്റ യുവതിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി തൃശൂർ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുകയായിരുന്നു. ഇന്നലെ പതിനൊന്നു മണിയോടെ കോടതിക്കു സമീപമായിരുന്നു ആക്രമണം നടന്നത്.
Summary: Unidentified mob chops the palm of young man in Kurukshetra
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.