• HOME
  • »
  • NEWS
  • »
  • crime
  • »
  • തനിക്ക് പകരം അളിയനെ ജോലിക്കയച്ച് 'പോക്കിരിരാജ' പൊലീസുകാരൻ; കള്ളിവെളിച്ചത്തായതോടെ അളിയൻ മുങ്ങി

തനിക്ക് പകരം അളിയനെ ജോലിക്കയച്ച് 'പോക്കിരിരാജ' പൊലീസുകാരൻ; കള്ളിവെളിച്ചത്തായതോടെ അളിയൻ മുങ്ങി

അനിൽ കുമാറിന്റെ ഭാര്യയുടെ സഹോദരൻ അനിൽ സോണിക്ക് വീട്ടിൽ പൊലീസ് ട്രെയിനിങ് നൽകിയായിരുന്നു ആൾമാറാട്ടം നടത്തിയത്.

(Image: News18)

(Image: News18)

  • Last Updated :
  • Share this:
    പോക്കിരി രാജ സിനിമയിൽ നായകൻ പൃഥ്വിരാജിനെ പോലീസ് വേഷം കെട്ടിച്ച് ആൾമാറാട്ടം നടത്തുന്ന പൊലീസ് ഓഫീസറുടെ വേഷമായിരുന്നു സുരാജ് വെഞ്ഞാറമ്മൂടിന‍്റേത്. പൊലീസ് ഉദ്യോഗസ്ഥനായി വില്ലന്മാരെ എടുത്തെറിയുന്ന രംഗങ്ങളെല്ലാം പ്രേക്ഷകർ കൈയ്യടിച്ച് ആസ്വദിക്കും. എന്നാൽ ജീവിതത്തിൽ ഇതുപോലെ വേഷം കിട്ടിയാൽ പണി പോകുമെന്ന് മാത്രമല്ല, ആൾമാറാട്ടം നടത്തിയതിന‍് അഴിയെണ്ണേണ്ടിയും വരും.

    സിനിമാകഥയേക്കാൾ സംഭവ ബഹുലമായ അത്തരം ഒരു കഥയാണ് ഉത്തർപ്രദേശിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലുള്ള താക്കൂർദ്വാര പൊലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായ അനിൽ കുമാറാണ് സംഭവകഥയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാൾ.

    തനിക്ക് പകരം സ്വന്തം അളിയനെയാണ് അനിൽ കുമാർ പൊലീസ് വേഷം കെട്ടിച്ച് ജോലിക്ക് അയച്ചത്. അനിൽ കുമാറിന്റെ ഭാര്യയുടെ സഹോദരൻ അനിൽ സോണിക്ക് വീട്ടിൽ പൊലീസ് ട്രെയിനിങ് നൽകിയായിരുന്നു ആൾമാറാട്ടം. സംഭവത്തെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആൾമാറാട്ടക്കഥ പുറത്തു വന്നത്.

    മുസാഫർ നഗറിലെ ഖത്തൗലി സ്വദേശിയാണ് അനിൽ കുമാർ. മൂന്ന് തവണ ശ്രമിച്ച് ലഭിച്ച ജോലിയാണ് അനിൽകുമാർ അളിയനെ വെച്ച് ആൾമാറാട്ടം നടത്തി നഷ്ടപ്പെടുത്തിയത്. 2011 ൽ ബറേലിയിൽ നിന്നും ഉദ്യോഗത്തിന് അപേക്ഷിച്ചെങ്കിലും ട്രെയിനിങ് കാലത്ത് പരാജയപ്പെട്ടു. അടുത്ത വർഷം മീററ്റിൽ നിന്നും അപേക്ഷിച്ചെങ്കിലും പരാജയപ്പെട്ടു. 2012 നവംബറിൽ ഖോരക്പൂരിൽ നിന്നും മൂന്നാം തവണ നൽകിയ അപേക്ഷയിലാണ് അനിൽ കുമാറിന് പൊലീസ് കോൺസ്റ്റബിളായി സെലക്ഷൻ ലഭിക്കുന്നത്.

    ട്രെയിനിങ് കഴിഞ്ഞ് ബറേലിയിലായിരുന്നു ആദ്യ പോസ്റ്റിംഗ്. ഇവിടെ നിന്നും മൊറാദാബാദ് റേഞ്ചിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെയാണ് പൊലീസ് ഉദ്യോഗസ്ഥനായി അളിയന്റെ രംഗപ്രവേശം.

    You may also like:'നിറം നോക്കി റൂട്ടറിയാം': കളറിംഗ് കോഡും റൂട്ട് നമ്പറിംഗുമടക്കം KSRTCയുടെ പുത്തൻ പരിഷ്കരണങ്ങൾ

    മൊറാദാബാദിലേക്ക് ട്രാൻസ്ഫർ ലഭിച്ച് ജോലിയിൽ കയറിയത് അനിൽ കുമാറിന്റെ അളിയൻ അനിൽ സോണിയായിരുന്നു. ബറേലിയിൽ നിന്നും ട്രാൻസ്ഫർ ഓർഡറുമായി എത്തിയത് അനിൽ സോണിയായിരുന്നു. എന്നാൽ രേഖകളിലെ ഫോട്ടോയുമായി റിക്രൂട്ടിങ് ഓഫീസർക്ക് സാമ്യം തോന്നിയിരുന്നില്ല. ഇതിനിടയിൽ സോണി ജോലിയിൽ പ്രവേശിച്ചിരുന്നു. വീട്ടിൽ വെച്ച് അളിയന് അനിൽ കുമാർ പൊലീസ് പരിശീലനം നൽകിയിരുന്നുവെന്നാണ് കരുതുന്നത്.

    സർക്കാർ നൽകിയ ആയുധം ഉപയോഗിക്കുന്നതിനെ കുറിച്ചും സല്യൂട്ട് ചെയ്യുന്നതുമെല്ലാം എങ്ങനെയന്ന് അളിയന് അനിൽ കുമാർ കൃത്യമായി പഠിപ്പിച്ചു കൊടുത്തു. അനിൽ കുമാറായി ജോലിക്ക് കയറിയ അനിൽ സോണിയാകട്ടെ ഇതിനിടയിൽ തോക്ക്, കാർബൈൻ, എസ്എൽആർ എന്നിവയെല്ലാം ഉപയോഗിച്ചും തുടങ്ങി.

    എന്തായാലും രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അളിയന്മാരുടെ കള്ളി വെളിച്ചത്തായിരിക്കുകയാണ്. സംഭവത്തിൽ അനിൽ കുമാറിനെ പൊലീസ് കസ്റ്റഡയിൽ എടുക്കുകയും ചെയ്തു. അളിയൻ അനിൽ സോണി ഒളിവിലാണ്. സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ അനിൽ കുമാറാണെന്നാണ് പൊലീസ് പറയുന്നത്. അനിൽ സോണിക്ക് ഉദ്യോഗസ്ഥ തലത്തിൽ മാറ്റാരുടേയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഇത് തെളിഞ്ഞാൽ അവർക്കെതിരെയും നടപടിയെടുക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
    Published by:Naseeba TC
    First published: