ന്യൂഡൽഹി: ഗൂഗിളിൽ ‘എങ്ങനെ ഒരാളെ കൊല്ലാം എന്ന് തിരഞ്ഞ ശേഷം ഭാര്യയെ കൊലപ്പെടുത്തിയതിന് ഒരാൾ അറസ്റ്റിലായി. ഉത്തർപ്രദേശിലാണ് സംഭവം. കവർച്ചശ്രമത്തിനിടെ ഭാര്യ കൊല്ലപ്പെട്ടുവെന്നാണ് പ്രതിയായ വികാസ് ആദ്യം പറഞ്ഞത്. പ്രതിയുടെ ഫോൺ പരിശോധിച്ചതിൽനിന്ന് കൊലപാതകം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചു.
ഗാസിയാബാദിലെ മോദിനഗർ നിവാസിയായ വികാസ് തന്റെ ഭാര്യ സോണിയ വെള്ളിയാഴ്ച ഹാപൂരിനടുത്ത് ദേശീയ പാതയിൽവെച്ച് കാണാതായെന്നാണ് ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. സ്ഥലത്തെത്തിയ പോലീസ് സോണിയയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയും വികാസിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിനിടെ കവർച്ചയ്ക്കിടെ ഭാര്യ കൊല്ലപ്പെട്ടതാകാമെന്ന് ഇയാൾ പറഞ്ഞു.
വികാസിന്റെ ഫോൺ പരിശോധിച്ചപ്പോൾ, “എങ്ങനെ ഒരു കൊലപാതകം നടത്താം” എന്നതുൾപ്പെടെയുള്ള ഇന്റർനെറ്റ് സെർച്ചുകൾ പോലീസ് കണ്ടെത്തി. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ നിന്നും വിഷം വാങ്ങാൻ ശ്രമിച്ച ഇയാൾ ഗൂഗിളിൽ എവിടെ നിന്ന് തോക്ക് വാങ്ങാമെന്നും സെർച്ച് ചെയ്തു.
വിവാഹിതരായി ഏതാനും വർഷങ്ങൾക്കുശേഷം, വികാസിന്റെ വിവാഹേതര ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു, കാമുകിക്കൊപ്പം ജീവിക്കാൻവേണ്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പ്രതി വികാസ് പിന്നീട് പൊലീസിനോട് സമ്മതിച്ചു. വികാസിനെ അറസ്റ്റ് ചെയ്തതായും കാമുകിയെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.