പതിമൂന്ന് വർഷം മുൻപ് കോഴിക്കോട് നടക്കാവിൽ നിന്നു കാൽ ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവം അന്വേഷിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയ കച്ചവടക്കാരന്റെ 14,000 രൂപ മോഷണം പോയി. നഗരത്തിൽ നിന്ന് നടക്കാവിലേക്കുള്ള ബസ് യാത്രക്കിടയിലാണ് പണം മോഷണം പോയത്. ഉത്തർപ്രദേശ് ലക്നൗ സ്വദേശി സഞ്ജയ് വർമയുടെ പരാതിയിൽ പോലീസ് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
തിരുവനന്തപുരത്തെത്തിയ സഞ്ജയ് വര്‍മ ട്രെയിൻമാർഗം രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി. തുടർന്നു നടക്കാവ് പോലീസ് സ്റ്റേഷനിൽ എത്താൻ റെയിൽവേയിൽ നിന്നും 'ഫാന്റസി' ബസിൽ കയറി. എന്നാൽ വഴിയിൽ ടിക്കറ്റിനു പണം എടുക്കാൻ ബാഗ് തുറന്നപ്പോൾ 14,000 രൂപ കാണാതായി. കണ്ടക്ടറെ അറിയിച്ചതിനെ തുടർന്നു ബസ് നടക്കാവ് പൊലീസ് സ്റ്റേഷനിലേക്കു കയറ്റി.
Also Read- 1500 കോടിയുടെ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ പാക് ബന്ധം; രണ്ട് തിരുവനന്തപുരം സ്വദേശികളും പ്രതിപ്പട്ടികയിൽ
മുഴുവൻ യാത്രക്കാരെയും ബസും പരിശോധിച്ചെങ്കിലും നഷ്ടപ്പെട്ട പണം ലഭിച്ചില്ല. ഇയാളുടെ പരാതിയിൽ വീണ്ടും മറ്റൊരു കേസും പൊലീസ് എടുത്തിട്ടുണ്ട്. 2010 ൽ സഞ്ജയ് വര്‍മ കച്ചവടവുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട നടക്കാവിലുള്ള യുവാവ് 24,000 രൂപ തട്ടിപ്പറിച്ചെന്ന പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ 13 വർഷം പിന്നിട്ടിട്ടും നടപടിയോ മറുപടിയോ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇയാൾ തിരുവനന്തപുരത്തെത്തിയപ്പോൾ കോഴിക്കോട്ടേക്കു വണ്ടി കയറിയത്.
ഡോക്ടര്‍ ചമഞ്ഞ് 10 ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ ചികിത്സിച്ച 22 കാരന് പിടിയില്‍
തിരുവനന്തപുരം: പി.ജി. ഡോക്ടറാണെന്ന വ്യാജേന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കയറി രോഗിയെ ചികിത്സിച്ച് തട്ടിപ്പുനടത്തിയ യുവാവിനെ പിടികൂടി. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെ(22)യാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
മെഡിക്കല്‍ കോളേജിലെ ഒന്നാം വാര്‍ഡ് മെഡിസിന് യൂണിറ്റില്‍ കാലിനു പരിക്കേറ്റ് ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖില്‍ കബളിപ്പിച്ചത്. നേരത്തേയുള്ള പരിചയം മുതലെടുത്ത് റിനുവിനു കൂട്ടിരിക്കാനെന്ന പേരില്‍ പത്തു ദിവസമാണ് ഇയാള്‍ സ്റ്റെതസ്കോപ്പ് ധരിച്ച് ആശുപത്രിയില്‍ കഴിഞ്ഞത്.
മാരകമായ രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി മരുന്നിനും പരിശോധനകള്‍ക്കുമായി റിനുവിന്റെ കൈയില്‍നിന്ന് നിഖില്‍ പണവും തട്ടിയെടുത്തു.
Also Read- പാരമ്പര്യ വൈദ്യന്റെ കൊലപാതകം; പ്രതികളുമായി മലപ്പുറം ചാലിയാറിൽ തെളിവെടുപ്പ് നടത്തി
ഇയാളുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി കൊണ്ടുപോയിരുന്നത് നിഖിലായിരുന്നു. രോഗി ഡിസ്ചാര്‍ജാകാതിരിക്കാന്‍ സാമ്പിളുകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തു. പരിശോധനാഫലങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ ഡോക്ടര്‍മാര്‍ക്കു സംശയമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വ്യാജനെ കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച രാവിലെ ഡോ. ശ്രീനാഥും മറ്റു ജീവനക്കാരും ഇയാളെ പിടികൂടി മെഡിക്കല്‍ കോളേജ് പോലീസില്‍ ഏല്‍പ്പിച്ചു. ആള്‍മാറാട്ടത്തിലൂടെ ചികിത്സ നടത്തിയതിന് ഇയാള്‍ക്കെതിരേ ആശുപത്രി ചീഫ് സെക്യൂരിറ്റി ഓഫീസര്‍ നാസറുദ്ദീന്‍ പോലീസില്‍ പരാതി നല്കി. നിഖിലിനെതിരേ ആള്‍മാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി മെഡിക്കല്‍ കോളേജ് സി.ഐ. പറഞ്ഞു.
ഒരു വര്‍ഷം മുന്‍പ് ഡോക്ടറെന്ന വ്യാജേന റിനുവിന്റെ സഹോദരനെയും നിഖില്‍ കബളിപ്പിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ വെച്ച് തന്നെയാണ് ഇവര്‍ പരിചയപ്പെടുന്നത്. ഡോക്ടറാണെന്നു പറഞ്ഞ് നിഖില്‍ കൂടെക്കൂടുകയായിരുന്നു. മുട്ടുവേദനയ്ക്കു ചികിത്സയ്ക്കെത്തിയ ഇയാള്‍ ആശുപത്രി വിട്ടിട്ടും മാരക അസുഖമുണ്ടെന്നു പറഞ്ഞ് നിഖില്‍ സ്വന്തമായി ചികിത്സ നടത്തി.
ചികിത്സയ്ക്കായി നാലു ലക്ഷത്തോളം രൂപയും തുടര്‍പഠനത്തിനായി 80,000 രൂപയും വാങ്ങി. ഇവരുടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുള്ള നിഖിലിനെ റിനുവിന് പരിചയമുണ്ട്. ആ അടുപ്പം മുതലെടുത്താണ് ആശുപത്രിയില്‍ സഹായത്തിനെത്തിയത്. ഡോക്ടര്‍മാര്‍ പിടികൂടിയപ്പോഴാണ് വ്യാജനെന്നു തിരിച്ചറിയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.