അവിഹിതത്തിന് തടസമായ അമ്മായിഅമ്മയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചുകൊന്നു. കൂട്ടുപ്രതിയ്ക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിയ്ക്ക് ജാമ്യം നിഷേധിച്ചത്. പ്രായമായ ഒരു സ്ത്രീയെ കൊല്ലാൻ വിഷപ്പാമ്പിനെ 'ആയുധമായി' ഉപയോഗിക്കുന്നത് ഹീനമായ കുറ്റമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
എന്താണ് കേസ്?2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം റിപ്പോർട്ട് ചെയ്തത്. ജുൻജുനു ജില്ലയിലെ സുബോധ് ദേവി എന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ പ്രദേശത്ത് വളരെ സാധാരണമായ പാമ്പുകടിയേറ്റാണ് ഇവർ മരിച്ചതെന്നാണ് ആദ്യം വിശ്വസിക്കപ്പെട്ടത്. എന്നാൽ പിന്നീട് മരുമകളും കാമുകനും ചേർന്ന് സുബോധ് ദേവിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു.
സുബോധ് ദേവിയുടെ പട്ടാളക്കാരനായ മകൻ സച്ചിൻ 2018 ഡിസംബറിലാണ് അപർണയെ വിവാഹം കഴിച്ചത്. വിവാഹത്തിന് മുമ്പ് മനീഷ് എന്നയാളുമായി ബന്ധമുണ്ടായിരുന്ന അപർണ ഭർത്താവ് അടുത്ത് ഇല്ലാത്തതിനാൽ വീണ്ടും കാമുകനോട് കൂടുതൽ അടുത്തു.
എന്നാൽ മരുമകൾ ആരോടോ ഫോണിൽ മണിക്കൂറുകളോളം സംസാരിക്കുന്നത് കണ്ട ദേവി അവളെ ശാസിച്ചിരുന്നു. അമ്മായിയമ്മ അവരുടെ ബന്ധത്തിന് തടസ്സമാകുമെന്ന് തോന്നിയ മനീഷും അപർണയും കൃഷ്ണ കുമാർ എന്ന മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ഒരു പാമ്പാട്ടിയിൽ നിന്ന് 10,000 രൂപയ്ക്ക് ഒരു വിഷപ്പാമ്പിനെ വാങ്ങി.
തുടർന്ന് 2019 ജൂൺ 2ന് ദേവിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദ്യം മരണം സ്വാഭാവിക പാമ്പുകടിയേറ്റാണെന്ന് കരുതിയിരുന്നെങ്കിലും ചില ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.
അന്വേഷണത്തിനിടെ, സംഭവ ദിവസം അപർണയും മനീഷും തമ്മിൽ 124 കോളുകളും വിളിച്ചിരുന്നുവെന്നും അപർണയും കൃഷ്ണ കുമാറും തമ്മിൽ 19 കോളുകൾ വിളിച്ചിരുന്നതായും തെളിഞ്ഞു. 2020 ജനുവരിയിൽ ദേവിയുടെ കൊലപാതകത്തിന് ഉത്തരവാദികളായ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
തന്റെ കക്ഷിയ്ക്കെതിരെ തെളിവുകളൊന്നുമില്ലെന്നും കുറ്റകൃത്യം നടന്ന സ്ഥലത്ത് തന്റെ കക്ഷി ഇല്ലെന്നും കുറ്റാരോപിതനായ കൃഷ്ണ കുമാറിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ആദിത്യ ചൗധരി വാദിച്ചു.
”പാമ്പ് ആരെയാണ് കടിക്കുകയെന്ന് ആർക്കും പ്രവചിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അദ്ദേഹം എങ്ങനെ ഗൂഢാലോചനയുടെ ഭാഗമാകും? ഒരു വിഷപ്പാമ്പിനെ മുറിയിൽ ഉപേക്ഷിക്കുന്നത് പാമ്പ് ആരെയാണ് കടിക്കേണ്ടതെന്ന് അറിയാമെന്ന് അർത്ഥമാക്കുന്നില്ല. കോൾ റെക്കോർഡുകൾ പോലീസ് ആധികാരികമാക്കിയിട്ടില്ല. ഒരു വർഷത്തിലേറെയായി കുമാറും തടവിലാണ് ” അഡ്വക്കേറ്റ് കോടതിയിൽ വാദിച്ചു.
"കൊലപാതകങ്ങൾക്ക് വിഷപ്പാമ്പുകളെ ഉപയോഗിക്കുന്നത് സാധാരണമാകുന്നു""രാജസ്ഥാനിൽ കൊലപാതകങ്ങൾ നടത്താൻ വിഷപ്പാമ്പുകളെ ഉപയോഗിക്കുന്നത് വളരെ സാധാരണമാണ്. ഹീനമായ കൊലപാതകങ്ങൾ നടത്താനുള്ള പുതിയ രീതിയായി പാമ്പുകളെ ഉപയോഗിക്കുന്നു. നിങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിക്കപ്പെടുകയും പാമ്പാട്ടിയിൽ നിന്ന് പാമ്പിനെ വാങ്ങി കൊലപാതക ആയുധം (പാമ്പ്) പ്രതികൾക്ക് നൽകുകയും ചെയ്തു. അതിനാൽ ഈ ഘട്ടത്തിൽ ജാമ്യത്തിൽ പുറത്തിറങ്ങാൻ നിങ്ങൾ അർഹനല്ല” കൃഷ്ണ കുമാറിന്റെ ജാമ്യം നിഷേധിച്ചു കൊണ്ട് ബെഞ്ച് വ്യക്തമാക്കി.
കൊലപാതകം നടത്താൻ പാമ്പുകളെ ഉപയോഗിക്കുന്നത് രാജസ്ഥാനിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. കഴിഞ്ഞ വർഷം, കേരളത്തിൽ റിപ്പോർട്ട് ചെയ്ത ഉത്ര വധക്കേസ് ഇതിന് ഉദാഹരണമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.